2021, ഒക്‌ടോബർ 30, ശനിയാഴ്‌ച

മാറ്റം നല്ലതാണ് !!

ഒരു change അല്ലെങ്കിൽ മലയാളത്തിൽ മാറ്റം എന്നത് നല്ലതാണോ ? നല്ലതാണെങ്കിലും അല്ലെങ്കിലും അത് അനിവാര്യമാണോ ? എന്നത് പല ആളുകളും പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ്. പണ്ട് ഗ്രീക്ക് തത്വചിന്തകനായ ’ഹെറാക്ലിറ്റസ്’ പറഞ്ഞപോലെ മാറ്റമില്ലാത്ത ഒരു വസ്തു അത് “മാറ്റം” മാത്രമാണ്. പക്ഷെ എന്റെ അഭിപ്രായപ്രകാരം മാറ്റത്തിന് മാത്രമല്ല മനസ്സിനും മാറ്റമില്ല(എല്ലാവരുടേയുമല്ല ട്ടോ), നമ്മുടെ സാഹചര്യങ്ങൾക്കും അതിനനുസരിച്ചുള്ള ചിന്തകൾക്കും പ്രവർത്തികൾക്കുമാണ് മാറ്റമുള്ളത്. മനസ്സ് എന്നും ഒരേ പോലെ ആണ്. അതിനെ വേണ്ട വിധം കൈകാര്യം ചെയ്യാനാണ് ശ്രമിക്കേണ്ടത്. ഏതു സാഹചര്യം വന്നാലും നല്ല ഉണർവുള്ള മനസ്സിന് ഒരു മാറ്റവുമുണ്ടാവില്ല. അങ്ങനെയുള്ള നമ്മുടെ മനസ്സിനെ പൊന്നു പോലെ നോക്കിയാൽ അതിന്  മാറ്റമുണ്ടാവില്ല. പൊന്നു പോലെ എന്നുള്ളത് നമ്മൾ മലയാളികളുടെ ഒരു സ്ഥിരം പ്രയോഗമാണ്. ശരിക്കും ആലോചിച്ചാൽ വളരെ വിലയേറിയതുകൊണ്ടും സുലഭമല്ലാത്തതുകൊണ്ടും പൊന്ന് അഥവാ സ്വർണ്ണത്തിന് നമ്മൾ കൊടുക്കുന്ന ശ്രദ്ധ എന്നാണ് ഉദ്ദേശിക്കുന്നത്. ഈ കാലത്ത് അത് ചിന്തിച്ചാൽ ശരിയാണോ ? കാരണം സ്വർണ്ണ വില കൂടിയും കുറഞ്ഞുമിരിക്കുന്നു. അതുപോലെ  ഇപ്പോൾ അത് അത്ര ദുർലഭമല്ലതാനും. പിന്നെ ഒരു കാര്യമുള്ളത്, സ്വർണ്ണത്തേക്കാൾ അമൂല്യമായ പല വസ്തുക്കളും ഇന്നുണ്ടെങ്കിലും നമ്മളുടെ ചിന്തയും മനസ്സും സ്വർണ്ണത്തെ തന്നെ ചുറ്റിപ്പറ്റി നിൽക്കുന്നു. കാരണം അതിന്റെ മൂല്യം അത് മാറ്റമില്ലാതെ കാത്തുസൂക്ഷിക്കുന്നു. അതുപോലെ ഏതു സാഹചര്യം വന്നാലും മനസ്സിനെ ശുദ്ധമായി മാറ്റമില്ലാതെ നിർത്താൻ അതിന്റെ ഉടമയ്ക്ക്  കഴിയണം.


മാറ്റത്തെ നമ്മൾ എങ്ങനെ വീക്ഷിക്കുന്നു. തൊട്ടു മുൻപുള്ള സമയങ്ങളിൽ നമ്മൾ എങ്ങനെ ആയിരുന്നോ അതുപോലെ തന്നെ ആണോ ഇപ്പോഴും എന്ന് മാത്രം ചിന്തിക്കുക, വിലയിരുത്തുക. എന്തൊക്കെ സാഹചര്യങ്ങൾ മാറിയാലും (അമിത സന്തോഷമായാലും) നമ്മൾ അതിനെ മനസ്സിലേക്ക് എത്തിക്കാതിരിക്കുക. അവശ്യം വേണ്ട  സന്തോഷം മാത്രം മനസ്സിലേക്ക് എടുക്കുക. അല്ലാത്തതിനെ പുറംതള്ളുക. അമിതമായാൽ അമൃതും വിഷം എന്ന് പറയുന്ന പോലെ അമിത സന്തോഷവും മനസ്സിനെ മോശമായി ബാധിക്കാം. അതുകൊണ്ട് മനസ്സിന് മാറ്റമുണ്ടാവാതിരിക്കാൻ ശ്രമിച്ചാൽ നമുക്ക് ഒരു സാഹചര്യത്തിൽ നിന്നും ഒളിച്ചോടേണ്ടതായിട്ടുള്ള കാര്യമില്ല. 


മനസ്സിന്റെ ആരോഗ്യം നമ്മുടെ ചിന്തകളിലാണ് ഇരിക്കുന്നത്. മനസ്സിനനുസരിച്ചുള്ള ചിന്തകൾക്കനുസരിച്ച് നമ്മളല്ല, നമ്മുടെ ചിന്തകൾക്കനുസരിച്ച് മനസ്സിനെ ആണ് പാകപ്പെടുത്തേണ്ടത്. ജനിക്കുമ്പോൾ ഓരോരുത്തരും ശുദ്ധമനസ്സോടു കൂടിയാണ് പിറവിയെടുക്കുന്നത്. എന്നാൽ അതിന് ശേഷം ഓരോ പ്രായത്തിലും അതിനനുസരിച്ച് മാറുന്ന ഓരോ സാഹചര്യത്തിലും നമ്മുടെ മനസ്സിനെ മാറ്റുന്നു. അതിന് പകരം മനസ്സിനെ സുസ്ഥിരമായി നിലനിർത്തിക്കൊണ്ട് സാഹചര്യങ്ങളെ ഒന്ന് മാറ്റുന്ന രീതിയായാലോ ? അപ്പോൾ മനസ്സിന് സുഖവും  സന്തോഷവും പ്രദാനം ചെയ്യാൻ നമുക്ക് സാധിക്കും. അതിനുള്ള പ്രക്രിയകൾ കുട്ടിക്കാലത്തു തന്നെ വീട്ടിൽ നിന്ന് തുടങ്ങണം. ഏതൊരു അച്ഛനും അമ്മയ്ക്കും അവരവരുടെ കുട്ടികൾ പ്രധാനമാണ്. ഇപ്പോൾ നല്കുന്ന ഉയർന്ന വിദ്യാഭ്യാസം മാത്രമല്ല അതിനേക്കാൾ ഉപരി അവരുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കുന്നതിലാണ് ശ്രദ്ധയും സാമർത്ഥ്യവും വേണ്ടത്. പൊതുവെ പല  അച്ഛനമ്മമാരും വിചാരിക്കുന്നത് കുറച്ചു നല്ല ശീലങ്ങൾ (അതും അവരുടെ പഠനങ്ങളും അനുഭവങ്ങളും കൊണ്ട് മനസ്സിലാക്കിയത് മാത്രം) മാത്രം പരിശീലിപ്പിച്ചു ബാക്കിയെല്ലാം കുട്ടികളുടെ അധ്യാപകർക്കും അവരുടെ തന്നെ വരുംകാല അനുഭവങ്ങൾക്കും വിട്ടുകൊടുക്കുക എന്നതാണ്. എന്നാൽ അതിനു പുറമെ, വീട്ടിൽ നിന്ന് തന്നെ അതും വളരുന്ന ഓരോ പ്രായത്തിനനുസരിച്ച് (ഓർമ്മ വച്ചതു മുതൽ ബുദ്ധിസ്ഥിരത പ്രാപിക്കുന്നത് വരെയെങ്കിലും) അഭ്യസിക്കേണ്ടതായ  ചില പ്രധാന കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് മനസ്സിനെ പാകപ്പെടുത്തിയെടുക്കൽ. പല തരത്തിലുള്ള സാഹചര്യങ്ങളും അവയോടുള്ള കുട്ടിയുടെ പെരുമാറ്റവും അല്ലെങ്കിൽ പ്രതികരണവും കുട്ടിക്കാലം മുതൽ തന്നെ വീക്ഷിക്കണം. എല്ലാം ഒന്നിച്ചല്ല , പതുക്കെ പതുക്കെ കാലോചിതമായി മാത്രം. കുട്ടികൾ അവരുടെ നിഷ്ക്കളങ്ക ബുദ്ധിയിൽ ചെയ്യുന്ന പ്രതികരണങ്ങളെ വീക്ഷിക്കുക. അതിനെ നമ്മൾ അനുഭവവും ജ്ഞാനവും വച്ച് പ്രതികരിക്കുന്ന രീതിയുമായല്ല വിലയിരുത്തേണ്ടത്, പകരം അതിന് വേണ്ടുന്നതായുള്ള അതായത് മനസ്സിനെ തെല്ലും മോശമാക്കാതെയുള്ള പ്രതികരണശേഷി ആണ് പരിശീലിപ്പിക്കേണ്ടതും വളർത്തിയെടുക്കേണ്ടതും.  ചിലപ്പോൾ അവർ ചെയ്യുന്നതാവും ശരിയായ രീതി. പക്ഷെ നമ്മൾ നമ്മുടെ അനുഭവങ്ങളും സാഹചര്യങ്ങളും വച്ച് കാണുമ്പോൾ അതിൽ വ്യതാസം തോന്നുന്നതാവാം.തുടക്കത്തിൽ നമുക്ക് തോന്നാം, ഇതിന് നല്ല ബുദ്ധിമുട്ട് ഉണ്ടല്ലോ എന്ന്. പക്ഷെ തുടക്കത്തെ ആ ശ്രമം ഭാവിയിൽ ഒരു വലിയ നല്ല മാറ്റത്തിന് വഴി തെളിക്കും. പിന്നീട് നമുക്ക് തന്നെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ തന്നെ ഇത് സമ്മാനിച്ചേക്കാം. കുട്ടിക്കാലത്തെ പരിശീലനത്തിന്റെ മികവ് അവർക്ക് ജീവിതത്തിലുടനീളം അനുഗ്രഹമാകും. മറ്റേതൊരു പരിശീലനത്തെക്കാൾ നല്ലതായിരിക്കും ഏതു സാഹചര്യം മാറിയാലും മനസ്സിന് മാറ്റമില്ലാതെ നില്ക്കാൻ കഴിയണം. പലരും ഇക്കാലത്തു രോഗങ്ങളെ (ശരീരരോഗങ്ങൾ) ഭയന്ന് ശരീരത്തിന് ആരോഗ്യം നിലനിർത്താനും മാറ്റമില്ലാതെ സൂക്ഷിക്കാനും ശ്രദ്ധ കൊടുക്കുന്നുണ്ട്. അതുപോലെ തന്നെ ഒരുപക്ഷെ അതിലുപരിയായി ശ്രദ്ധിക്കേണ്ടതും പരിശീലിപ്പിക്കേണ്ടതുമായ ഒന്നാണ് നമ്മുടെ മനസ്സ്. ചില വചനങ്ങൾ കേൾക്കാറുണ്ട്, നല്ലത് മാത്രം കാണുക,കേൾക്കുക, ചിന്തിക്കുക എന്ന്. എന്നാൽ എന്റെ അഭിപ്രായം, നമ്മൾ എല്ലാം കാണണം, കേൾക്കണം, ചിന്തിക്കണം. പക്ഷെ മനസ്സിനെ ശീലിപ്പിക്കേണ്ടത് നല്ലത് മാത്രം എടുക്കാനും, ബാക്കിയുള്ളവ പുറംതള്ളാനും. അതായത് എന്ത് വന്നാലും നമ്മുടെ ചിന്തയും പ്രവൃത്തിയും കർമ്മവും നല്ലതാവണം,കാര്യത്തിനുതകുന്നതായിരിക്കണം. 


അങ്ങനെ ഓരോ അച്ഛനമ്മമാരും അവരുടെ കുട്ടികളുടെ ആദ്യ ഗുരുക്കന്മാരും കൂടി ആയി മാറണം. ഇങ്ങനെ ഇനിയുള്ള തലമുറ ശ്രമിച്ചാൽ എന്റെ അഭിപ്രായത്തിൽ തീർച്ചയായും ഒരു പുതിയ മനസ്സോടും ചിന്താരീതിയോടും കൂടിയ ഏതു സാഹചര്യവും ഒരു മനമാറ്റവും ആശങ്കയും കൂടാതെ നേരിടുന്ന ഒരു പുതിയ തലമുറ, അതുവഴി ഒരു നല്ല ലോകത്തെ വാർത്തെടുക്കും ! തീർച്ച !