2022, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ഫസ്റ്റ് ബെൽ !


കേരളത്തിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരുടെ അനുഭവകഥകൾ അഥവാ കുറിപ്പുകൾ ഒത്തുചേർന്ന 'ഫസ്റ്റ്ബെൽ'എന്നപുസ്തകം വായിച്ചു. നമ്മുടെ വിദ്യാലയജീവിതത്തിലെ സ്മരണകൾ  തട്ടിയുണർത്താൻ ഉപകരിക്കുന്ന നല്ല അനുഭവകഥകൾ ഇതിൽ ഉൾപ്പെടുന്നു. നമ്മൾ വിദ്യാലയ കാലത്തു കടന്നുപോന്ന കാര്യങ്ങളും തലമുറമാറ്റത്താലുണ്ടായ  വ്യത്യാസം കൊണ്ട് നമ്മൾ പരിചയിക്കാത്ത പുതിയ കാര്യങ്ങളും കൊണ്ട് നിബിഡമായ  ഈ അനുഭവത്താളുകൾ  ബാല്യകാലം  ആസ്വദിച്ച എല്ലാവർക്കും നല്ല ഒരു വായനാനുഭവം ആണ് പ്രദാനം ചെയ്യുന്നത്. പല തരത്തിലുള്ള സംസ്കാരത്തിൽ നിന്ന് വന്ന അദ്ധ്യാപകരും വിവിധങ്ങളായ തലങ്ങളിൽ നിന്ന് വന്ന വിദ്യാർത്ഥികളും സമ്മേളിക്കുന്ന  വിദ്യാലയത്തിലെ 'ഫസ്റ്റ് ബെൽ' എല്ലാവർക്കും വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അത് മുതൽ  ഒന്നായിത്തീരുന്ന അധ്യാപക/അധ്യാപികമാരും വിദ്യാർത്ഥികളുമാണ് വിദ്യാലയത്തിന്റെ മൂല്യം നിർണ്ണയിക്കുന്നത്.  പൊതുവെ മിക്കവരും കരുതുന്ന പോലെ വിദ്യാർത്ഥികളുടെ ആദ്യപടിമാത്രമല്ല വിദ്യാലയം, അവിടെ വരുന്ന അധ്യാപകർക്കും ആദ്യപടിയാണ് വിദ്യാലയം  എന്നത് അടിവരയിടുന്ന ഒരു പുസ്തകമാണിത്. അധ്യാപകരുടെ ജീവിതത്തിലെ മറ്റൊരു തലത്തിന്റെ  ആദ്യപടിയാണെന്നു മാത്രം. ഓരോ ദിവസവും പുതുതായി കാണുന്ന ഓരോ വിദ്യാർത്ഥിയും അവർക്കു പുതിയ പാഠമാണ്. അത് വേണ്ട വിധത്തിൽ പഠിച്ചില്ലെങ്കിൽ വിദ്യാർത്ഥി അവന്റെ പാഠപുസ്തകത്തിലെ ഒരു പാഠം പഠിക്കാത്തതിനേക്കാൾ ദോഷം ചെയ്യും എന്നുള്ളത് ഇതിലെ പലരുടെയും അനുഭവങ്ങളിൽ നിന്ന് വ്യക്തമാണ്. വിദ്യാർത്ഥിയെ പാഠപുസ്തകം പഠിപ്പിച്ചു വിദ്യാലയത്തിലെ പരീക്ഷ വിജയിപ്പിക്കുന്ന പോലെ അല്ലെങ്കിൽ അതിലുപരിയായി ജീവിതത്തിലേക്ക് നയിക്കുന്ന ആദ്യപാഠങ്ങളുടെ 'ഫസ്റ്റ് ബെൽ' മുഴങ്ങേണ്ടതും വിദ്യാലയങ്ങളിലാണ്. അവിടെ പിഴച്ചാൽ അത് ചിലപ്പോൾ തിരിച്ചെടുക്കാനാവാത്ത അവസ്ഥയിലേക്കാകും ചെന്നെത്തിക്കുക.


ഏതായാലും കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള അധ്യാപകരുടെ അനുഭവകഥകൾ ശേഖരിച്ചു വേണ്ട രീതിയിൽ അതിനെ സംയോജിപ്പിച്ച ഇതിന്റെ രൂപീകരണ പ്രസാധകസംഘത്തിന് എല്ലാവിധ ആശംസകളും നേരുന്നു....

(ഈ പുസ്തകരൂപീകരണ സംഘത്തിലെ ഒരു അംഗവും ഇതിലെ ഒരു അനുഭവക്കുറിപ്പിന്റെ രചയിതാവുമായ  പ്രസീദ പി ബി എന്ന തൃശ്ശൂർ ജില്ലയിലെ കുത്താമ്പുള്ളി സ്കൂളിലെ ടീച്ചർ എന്റെ ഒരു ബന്ധുകൂടിയാണ്. അവരാണ് ഈ മനോഹരമായ പുസ്തകം സ്വന്തം കയ്യൊപ്പോടുകൂടി എനിക്ക് സമ്മാനിച്ചത്. അവരോടുള്ള പ്രത്യേക നന്ദിയും ഈ അവസരത്തിൽ ഞാൻ പങ്കു വയ്ക്കുന്നു.)










2022, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ഇ.എം.എസ് ആത്മകഥ

 


കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ആത്മകഥ വായിച്ചു. അതിൽ  പരാമർശ്ശിക്കുന്നപ്പോലെത്തന്നെ ഇതൊരു ആത്മകഥയെക്കാളുപരി  അദ്ദേഹത്തിന്റെ ബാല്യം മുതൽ  കണ്ടും അനുഭവിച്ചും പോന്ന ജാതിവ്യവസ്ഥയും രാഷ്ട്രീയസാഹചര്യങ്ങളും വിശദീകരിക്കുന്ന ഒരു പുസ്തകമാണ്. പഴയ കാലത്തെ നമ്പൂതിരി കുടുംബങ്ങളിലെ അനീതികളെയും ദുഃസ്സഹമായ സാഹചര്യങ്ങളേയും അദ്ദേഹം തുറന്നു കാട്ടിയിട്ടുണ്ട്. അതുമൂലം കുടുംബത്തിൽ നിന്നും  സമുദായത്തിൽ നിന്നും ഒരുപാടു ദുരനുഭവങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. പഴയകാല രീതികളിൽ നിന്നും കാലത്തിനനുസൃതമായ പുരോഗമന മാറ്റത്തിലേക്കുള്ള നയിച്ച മഹദ്‌വ്യക്തിത്വങ്ങളിൽ അദ്ദേഹവും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.  ഒരു പൊതുപ്രവർത്തകൻ അല്ലെങ്കിൽ സാമൂഹ്യപ്രവർത്തകൻ 'ആദ്യം വീട് നന്നാക്കിയിട്ടു വേണം നാട് നന്നാക്കാൻ' എന്ന് പറയുന്നത്  അദ്ദേഹത്തിന്റെ കാര്യത്തിൽ അക്ഷരംപ്രതി ശരിയാണ്. ആദ്യം സ്വന്തം വീട്ടിലും സമുദായത്തിലുമുള്ള അനീതികളെ  തുരത്തിയ അദ്ദേഹം ഒരു നല്ല പുരോഗമന നേതാവും കേരളത്തിന്റെ മുഖ്യമന്ത്രിയും ആയതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. 


പഴയകാല ജീവിതസാഹചര്യങ്ങളും രാഷ്ട്രീയകാര്യങ്ങളും  വിശദമാക്കുന്ന ഈ പുസ്തകം ചരിത്രപഠനത്തിന് ഒരു മുതൽക്കൂട്ടാകും എന്ന് ഞാൻ മനസിലാക്കുന്നു.