2023, മാർച്ച് 23, വ്യാഴാഴ്‌ച

The Wisdom Bridge !

 

കമലേഷ് ഡി പട്ടേൽ (ദാജി) രചിച്ച 'The Wisdom Bridge ' എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. കുട്ടികളുടെ ജനനം മുതൽ മാതാപിതാക്കൾ പുലർത്തേണ്ട രക്ഷാകർതൃത്വം ആണ് പ്രതിപാദ്യം. വളരെ നല്ല രീതിയിൽ വിവരിച്ചിരിക്കുന്നു. വീട്ടിൽ എപ്പോഴും സന്തോഷവും സമാധാനവും ആവശ്യമാണ്. അതിന് ധ്യാനം നല്ലൊരു മാർഗമാണ് എന്നു അദ്ദേഹം ഓരോ അധ്യായത്തിലും ഊന്നി പറയുന്നു. അദ്ദേഹം 'Heartfulness' യോഗ പരിശീലിക്കുന്ന അതോടൊപ്പം പരിശീലിപ്പിക്കുന്ന ഒരു ആചാര്യനാണ്. ഒരു സ്ത്രീ ഗർഭിണി ആകുന്നതു മുതൽ കുട്ടിയെ വളർത്തി വലുതാകുന്നത് വരെ ഉണ്ടാകാൻ സാധ്യതയുള്ള കാര്യങ്ങളും അദ്ദേഹത്തിന്റെയും കുറച്ചു മറ്റുള്ളവരുടെയും യാഥാർത്ഥ്യ അനുഭവങ്ങളും ഇതിൽ നന്നായി വിവരിക്കുന്നുണ്ട്. വായിക്കുമ്പോൾ നമ്മൾ ഏതൊരു സാധാരണ കുടുംബത്തിലും കാണുന്നപ്പോലെയുള്ള കാര്യങ്ങൾ എല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതായത് ഇത് വായിച്ചപ്പോൾ നമ്മുടെ ജീവിതവുമായി വളരെയധികം സാമ്യമുള്ളതാണ് എന്നാണ് എനിക്ക് തോന്നിയത്. 


എന്റെ അനുജന്റെ ഭാര്യയുടെ അച്ഛൻ Mr. ശിവശങ്കരൻ എനിക്ക് സമ്മാനിച്ചതാണ് ഈ പുസ്തകം. അതിനുള്ള പ്രത്യേകത എന്തെന്നാൽ ഞാനും അഞ്ജലിയും ഈ കഴിഞ്ഞ നവംബറിൽ മാതാപിതാക്കൾ ആയി എന്നതാണ്. ഒരു ആൺകുട്ടീ ആണ് ജനിച്ചത്. അതിന്റെ പിന്നീടുള്ള തിരക്കുകളും ജോലിത്തിരക്കുകളും കാരണമാണ് പുസ്തകങ്ങൾ വായിച്ചു അനുഭവം പങ്കു വയ്ക്കാൻ ഒരു കാലതാമസം വന്നത്. ഇനി പഴയ പോലെ ഇടവേള അധികമില്ലാതെ വായനാനുഭവം പങ്കു വയ്ക്കാൻ സാധിക്കും എന്ന് വിചാരിക്കുന്നു. 


മറ്റൊരു പ്രധാനപ്പെട്ട സന്തോഷമുള്ള കാര്യം കൂടിയുണ്ട്. എന്തെന്നാൽ ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ഇന്ത്യ ഗവണ്മെന്റ് പ്രഖ്യാപിച്ച പത്മ പുരസ്‌കാരത്തിന് 'ദാജി' അർഹനായി. പത്മഭൂഷൺ പുരസ്‌കാരത്തിന് ആണ് അദ്ദേഹം അർഹനായത്. അത് രാഷ്ട്രപതിയിൽ നിന്ന് ഏറ്റു വാങ്ങിയ ഇന്നേ ദിവസം തന്നെ അദ്ദേഹത്തിന്റെ പുസ്തകം വായിച്ച അനുഭവം എനിക്ക് പങ്കുവെക്കാൻ കഴിഞ്ഞത് അപ്രതീക്ഷിതമായി ഉണ്ടായ സന്തോഷമാണ്. 


അദ്ദേഹത്തിന്റെ ഈ പുസ്തകരചനക്കും ഭാവി ഉദ്യമങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു. അതോടൊപ്പം പദ്മഭൂഷൺ പുരസ്‌കാരലബ്ധിക്ക് പ്രത്യേക അഭിനന്ദനങ്ങൾ......!!


                                                  ..........................................................................