2024, ഓഗസ്റ്റ് 24, ശനിയാഴ്‌ച

ഡോക്ടറേ , ഞങ്ങടെ കുട്ടി ok ആണോ ? !


ഡോ.സൗമ്യ സരിൻ എഴുതിയ "ഡോക്ടറേ, ഞങ്ങടെ കുട്ടി ok ആണോ ?" എന്ന പുസ്തകം വായിച്ചു. കുട്ടികളുടെ ജനനം മുതൽ കൗമാരം വരെയുള്ള ജീവിതത്തിൽ ശ്രദ്ധിക്കേണ്ടതും അനുവർത്തിക്കേണ്ടതുമായ കാര്യങ്ങൾ നല്ല വ്യക്തമായും എല്ലാവർക്കും നന്നായി മനസിലാകുന്ന വിധത്തിലും  അവതരിപ്പിച്ചിട്ടുണ്ട്. ഒരു ഡോക്ടർ പ്രത്യേകിച്ച് കുട്ടികളുടെ ഡോക്ടർ എന്ന നിലയിൽ അവരുടെ അറിവ് എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ വിശദീകരിക്കുന്നതിൽ ഈ പുസ്തകം പ്രധാന പങ്ക് വഹിച്ചു എന്നതിൽ സംശയമില്ല. ജനിച്ചത് മുതൽ ഏതൊരു മാതാപിതാക്കൾക്കും ഉണ്ടാകാവുന്ന അതിസാധാരണമായ സംശയങ്ങളും അതിന്റെ മറുപടികളും കൃത്യമായി ഉദാഹരണ സഹിതം വിശദീകരിച്ചിട്ടുണ്ട്. പഴയകാലത്തെ ചിട്ടകളെ മുഴുവനായി തള്ളിക്കളയാതെത്തന്നെ അത് ശാസ്ത്രീയമായി അനുവർത്തിക്കേണ്ട സമയക്രമങ്ങളും നിഷ്ഠകളും വിശദീകരിച്ചത് ആകർഷണീയമായ ഒന്ന് തന്നെയാണ്.


ഡോക്ടറുടെ സമൂഹമാധ്യമത്തിൽ കൂടിയുള്ള അറിവ് പകർന്നു കൊടുക്കുന്നതിനുപരി ഇത്  അവരുടെ ആദ്യ പുസ്തകപ്രസിദ്ധീകരണം ആണ്. അതുപോലെ അവരുടെ ഈ പുസ്തകത്തിന്റെ ഈ വർഷത്തെ റോയൽറ്റി തുക മുഴുവനും വയനാടിന് വേണ്ടി സമർപ്പിക്കാമെന്ന പ്രഖ്യാപനം സമൂഹനന്മക്കായുള്ള ഒരു സംഭാവന കൂടി ആണ്.  ഇനിയുള്ള അവരുടെ ഇതുപോലുള്ള എല്ലാ ഉദ്യമങ്ങളും ഇതിലും മനോഹരമാകാനുള്ള ആശംസകളും നേരുന്നു.


                                      .............................................................................................

2024, ജൂലൈ 15, തിങ്കളാഴ്‌ച

Secrets of the Millionaire Mind !


 'Secrets of the Millionaire Mind'എന്ന 'T . Harv Eker' രചിച്ച പുസ്തകമാണ് വായിച്ചത്. സമ്പാദ്യമാണ് പ്രതിപാദ്യം. പക്ഷെ മറ്റ് രചനകളിൽ നിന്ന് വ്യത്യസ്തമായി പുതിയ ഒരു രീതിയാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. ആദ്യ ഭാഗത്തു തന്നെ പറയുന്ന കാര്യമാണ് ആധാരം. ' Our Inner world creates our outer world'. തീർച്ചയായും ശരിയായ ഒരു കാര്യമാണ്, നമ്മൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ആദ്യം ഉണ്ടാക്കേണ്ടത് മനസ്സ് എന്ന ലോകത്തിലാണ്. ആ ലോകമാണ് പുറമേയ്ക്ക് പ്രദർശിപ്പിക്കുന്നത് എന്നാണ് ഇതിൽ അർത്ഥശങ്കക്കിടമില്ലാതെ രചയിതാവ് പറയുന്നത്. അതുപോലെ നമ്മൾ കൂടുതൽ പേരും കാണുന്ന അല്ലെങ്കിൽ കേട്ടിട്ടുള്ള ധനികരെ കുറിച്ചുള്ള മോശം അഭിപ്രായത്തിൽ  ആദ്യം മാറ്റം വരുത്തണം എന്നാണ് പറഞ്ഞു തുടങ്ങുന്നത്. ധനികർ ആകാൻ വേണ്ട ചിന്തയും പ്രവർത്തനങ്ങളും പരിവർത്തനങ്ങളും ഉടനീളെ 17 പോയിന്റ്കളായി പറയുന്നു. അതിൽ ധനികർ എങ്ങനെ ചിന്തിക്കുന്നു അതിനനുസരിച്ചു പ്രവർത്തിക്കുന്നു അതുപോലെ അതെ കാര്യം പാവപ്പെട്ടവർ അല്ലെങ്കിൽ ദരിദ്രർ എങ്ങനെ ചിന്തിക്കുന്നു എന്നും പറയുന്നു. ആ ചിന്ത മാറ്റിയാൽ മാത്രമേ ധനികനാകാൻ സാധിക്കുകയുള്ളു എന്ന് അടിയുറച്ചു ഓരോ പോയിന്റ്കളിലും പറഞ്ഞുവെക്കുന്നു. മനസ്സ് ധനികർ ചിന്തിക്കുന്ന പോലെ ആക്കാൻ വേണ്ട പരിപാടികളടങ്ങുന്ന ഒരു ട്രെയിനിങ് പ്രോഗ്രാം അദ്ദേഹം നടത്തുന്നു എന്ന് പറഞ്ഞുകൊണ്ടും എല്ലാവർക്കും പുതിയ ചിന്തക്കും പുതിയ സാമ്പത്തിക സ്ഥിതിക്കും വേണ്ടി ആശംസകൾ അർപ്പിച്ചുകൊണ്ടുമാണ്  അവസാനിപ്പിക്കുന്നത്.


മനസ്സാണ് പ്രധാനം എന്ന കാര്യത്തിൽ സംശയമില്ല.  നാം ആരാവണം എന്ന് ആദ്യം ചിന്തിക്കേണ്ടതും ഉറപ്പിക്കേണ്ടതും മനസ്സിലാണ്. അത് പ്രാവർത്തികമാക്കാൻ സാധിച്ചാൽ നമ്മൾ ജീവിതത്തിൽ വിജയിക്കും എന്ന കാര്യത്തിൽ സംശയമില്ല എന്ന് കുറെ മഹാന്മാർ തെളിയിച്ചു തന്നിട്ടുണ്ട്.സമ്പാദ്യം എങ്ങനെ വേണമെന്ന് ചിന്തിച്ചു അതിനനുസരിച്ചു പ്രവർത്തിക്കാൻ ഈ പുസ്തകം ഒരു വഴികാട്ടി ആണ്. Harv ന് എല്ലാവിധ ആശംസകളും നേരുന്നു.


                                              ................................................................................