2020, മാർച്ച് 21, ശനിയാഴ്‌ച

അമ്പലപ്പുഴ പാൽപ്പായസം

16 ഫെബ്രുവരി 2020 

ഒരു ഞായറാഴ്ച്ച പുലർകാലത്തെ ഒരു മോഹം ...അമ്പലപ്പുഴ പോയി ഒന്ന് പാൽപ്പായസം കുടിക്കണം എന്ന്.പിന്നെ ഒന്നും ആലോചിക്കാൻ നിന്നില്ല,വേഗം അഞ്ജുവിനോട്  റെഡി ആവാൻ പറഞ്ഞു.ഒരു കാര്യം മുൻപേ പറയട്ടെ...തിടുക്കത്തിൽ എടുത്ത തീരുമാനങ്ങളാണ് എന്റെ ജീവിതത്തിൽ കൂടുതലും  സംഭവിച്ചിട്ടുള്ളത്.വൈകി ആലോചിച്ചെടുക്കുന്ന യാത്രകളും മറ്റു തീരുമാനങ്ങളും സംഭവിക്കാതെ പോയിട്ടുണ്ട്.’ശുഭസ്യ ശീഘ്രം ’എന്നതിനെ അന്വർത്ഥമാക്കുന്ന തരത്തിൽ. അങ്ങനെ രാവിലെ ഒരു 6 .30 നു ഞങ്ങൾ തൃപ്പുണിത്തറയിലുള്ള ഫ്ലാറ്റിൽ നിന്നിറങ്ങി.നേരെ അമ്പലപ്പുഴ...അവിടെ ഏകദേശം ഒരു 8 .30 നു അവിടെ എത്തി.ഞായറാഴ്ച്ച ആയിരുന്നെങ്കിലും നല്ല തിരക്കില്ലായിരുന്നു.സുഖമായി തൊഴാൻ പറ്റി. അത് കഴിഞ്ഞു വിശ്വപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തെ കുറിച്ച് കൗണ്ടറിൽ  അന്വേഷിച്ചു. അപ്പോൾ 11 മണിക്ക് രശീതി ആക്കണമെന്നും 1 മണിക്ക് അതിന്റെ വിതരണം നടക്കുമെന്നും അറിയാൻ കഴിഞ്ഞു.അപ്പോൾ ഞങ്ങൾക്ക് മറ്റൊരു തോന്നൽ ഉണ്ടായി.അവിടെ അടുത്താണ് പ്രസിദ്ധമായ മറ്റൊരമ്പലം ഉള്ള കാര്യം ഓർമ്മ വന്നത്.നാഗന്മാരുടെ അമ്പലമായ ’മണ്ണാറശാല ’. എന്നാൽ വെറുതെ അമ്പലപ്പുഴയിൽ വെയിറ്റ് ചെയ്യേണ്ടല്ലോ എന്ന് ചിന്തിച്ചു. പ്രഭാത ഭക്ഷണത്തിനു ശേഷം നേരെ മണ്ണാറശാലക്കു വച്ചു പിടിച്ചു.20 മിനിറ്റ് കൊണ്ട് അവിടെത്തി.അവിടെ വിചാരിച്ച പോലെയല്ല...നല്ല തിരക്കായിരുന്നു.അതുപോലെ അവിടെ കുറെ സ്ഥലത്തു തൊഴാനുമുണ്ട്.അവിടെ വേറൊരു പ്രത്യേക സ്ഥലം കൂടിയുണ്ട്.’അമ്മയെ തൊഴൽ’..എന്താണെന്ന് വച്ചാൽ ആ അമ്മ ആണ് അവിടത്തെ പ്രധാന പൂജകളെല്ലാം ചെയ്യുന്നത്.അവരുടെ പിന്മുറക്കാരിയായിരുന്ന ശ്രീദേവി അന്തർജനത്തിന്റെ പ്രസവത്തിൽ അത്ഭുതമായി ഒരു പാമ്പുകൂടിയുണ്ടായിരുന്നു എന്നാണ് വിശ്വാസം എന്ന് പറഞ്ഞു കേട്ടു.അങ്ങനെ ഒരു അരമണിക്കൂർ അവിടെ ചിലവഴിച്ച ശേഷം അതിനടുത്തുള്ള ഹരിപ്പാട് സുബ്രമണ്യസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തി.തിരികെ അമ്പലപ്പുഴ എത്തിയപ്പോഴേക്കും 12 .30 .ചോദിച്ചപ്പോൾ രസീതി എല്ലാം തീർന്നു എന്ന് അറിയിച്ചു.പക്ഷെ അവർ പറഞ്ഞു വിതരണ സമയത്തു ക്യുവിൽ നിന്നാൽ അര ലിറ്റർ കിട്ടും എന്ന്.രസീതി എടുക്കുകയാണേൽ നമുക്കിഷ്ടമുള്ള അത്ര മേടിക്കാൻ കഴിയുമെന്ന് പറഞ്ഞു.എന്തായാലും കിട്ടുന്നത് തന്നെ ഭാഗ്യം എന്ന് വിചാരിച്ചു ക്യുവിൽ നിന്നു.ഞങ്ങൾ വിചാരിച്ചത് രണ്ടുപേർക്കും കൂടി അര ലിറ്റർ എന്നാണ്.എന്നാൽ എനിക്കും അഞ്ജുവിനും വേറെ വേറെ അര ലിറ്റർ തന്നു.നല്ല സന്തോഷത്തോടെ ഞങ്ങൾ അവിടെ നിന്ന് മടങ്ങി.ഏകദേശം 2 മണിയായി അവിടെ നിന്നിറങ്ങിയപ്പോൾ.എന്തായാലും കിട്ടിയ സന്തോഷത്തിൽ എത്രയും വേഗം (അതായത് ചൂടാറുന്നതിനു മുൻപ് )അതൊന്നു കഴിക്കണം എന്നാഗ്രഹിച്ചു.എന്തായാലും ഭക്ഷണശേഷം മതി എന്ന് വിചാരിച്ചു.പിന്നെ വഴിയിൽ  കണ്ട ആര്യാസ് ഹോട്ടലിൽ ഉച്ചഭക്ഷണത്തിനു കേറി.ഉച്ചഭക്ഷണത്തിനു ശേഷം അവരോടു രണ്ടു ഗ്ലാസ് തരുമോ എന്ന് ചോദിച്ചു.അങ്ങനെ ഗ്ലാസിൽ പായസം കുടിച്ചു.ഉച്ചഭക്ഷണവുമായി..അതിനു ശേഷം ഹോട്ടലിലെ പായസത്തിനു പകരം സ്പെഷ്യൽ അമ്പലപ്പുഴ പാൽപ്പായസവും....അങ്ങനെ അതിമധുരമായ പാൽപ്പായസത്തിന്റെ രുചിയും നാവിലേറ്റി ഞങ്ങൾ വീട്ടിലേക്കു തിരിച്ചു. ഇനിയും ഇടയ്ക്കിടെ ഇങ്ങനെയുള്ള മോഹങ്ങൾ ഉണ്ടാവട്ടെ എന്ന ചിന്തയോടെ.........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.