2023, ഏപ്രിൽ 3, തിങ്കളാഴ്‌ച

ഭിക്ഷ !


ഞാൻ കഴിഞ്ഞ പുസ്തകവിവരണം എഴുതിയപ്പോൾ പറഞ്ഞപോലെ 'ശ്രീമതി ചന്ദ്രക്കല എസ് കമ്മത്ത്' തന്നെ രചിച്ച 'ഭിക്ഷ' എന്ന നോവലാണ് ഞാൻ വായിച്ചത്. ഇതും നല്ല ആവേശത്തോടു കൂടി വായിച്ചു. കഴിഞ്ഞ നോവലിന്റെ സന്തോഷം ഉള്ളിൽ കിടക്കുന്നതു കൊണ്ട് നല്ല പ്രതീക്ഷയോടു കൂടിയാണ് തുടങ്ങിയത്. എന്തായാലും ഒട്ടും നിരാശപ്പെടുത്തിയില്ല എന്ന് മാത്രമല്ല അതിനോടൊപ്പം ചേർത്തുവെയ്ക്കാവുന്ന നല്ലൊരു നോവൽ. ഇതും ബ്രാഹ്മണകുടുംബം പാശ്ചാത്യമാക്കിയുള്ളതാണ്. പക്ഷെ ഇതിൽ വിവരിക്കുന്നത് ബ്രാഹ്മണകുടുംബത്തിലെ സ്ത്രീകളുടെ വിഷമതകളും ധനവാന്മാരുടെ സ്വത്തുക്കളോടുള്ള ആർത്തിയും ആണ്. അതിൽ മനുഷ്യനോ ബന്ധത്തിനോ ഒരു വിലയുമില്ല. അങ്ങനെ ഉള്ള ഒരു പേരുകേട്ട തറവാട്ടിലേക്ക് ഇടത്തരം കുടുംബത്തിൽ നിന്ന് വന്ന കമല വരുന്നതും അവർ അവിടെ നടത്തുന്ന നല്ല മാറ്റങ്ങളും ആണ്, നല്ല മനോഹരമായ പോരാട്ടം. അവസാനം അവനവൻ ചെയ്യുന്ന കർമഫലം അവനവനു ദോഷമായി വന്നുചേരും എന്ന നല്ല സന്ദേശം ഓർമ്മിപ്പിച്ചുകൊണ്ടാണ്  ഇത് അവസാനിക്കുന്നത്. അതുപോലെ ധനവും പ്രശസ്തിയും മറ്റു മാനുഷിക മൂല്യങ്ങളെക്കാളും ബന്ധങ്ങളെക്കാളും വലുതാണ് എന്നുള്ളവർക്കുള്ള ഒരു പാഠവുമാണ് ഈ കഥാസമാഹാരം. 


വളരെ നന്നായി രചിച്ച ഈ കൃതിയും എല്ലാവരും വായിക്കേണ്ട ഒന്നാണ് എന്നാണ് എന്റെ അഭിപ്രായം. ശ്രീമതി ചന്ദ്രക്കല അവർകൾക്ക് എല്ലാവിധ ഭാവുകങ്ങളും ഒരിക്കൽ കൂടി നേരുന്നു...

                                      .....................................................................................

സപത്‌നി !


'ചന്ദ്രക്കല എസ്‌ കമ്മത്ത്' രചിച്ച 'സപത്‌നി' എന്ന നോവലാണ് ഞാൻ വായിച്ചത്. അതു വായിച്ചു കഴിഞ്ഞു എന്ന് എനിക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു. കാരണം അത്ര മനോഹരമായ കഥ. ഞാൻ ജോലി കഴിഞ്ഞുള്ള രാത്രിയിൽ വായിച്ചുതുടങ്ങിയതാണ്. എവിടെയും വായിച്ചു നിർത്താൻ തോന്നിയില്ല.. പക്ഷെ  അറിയാതെ ഉറങ്ങിപ്പോയി. പിറ്റേന്ന് എണീറ്റപ്പോൾ അതിന്റെ ബാക്കി കൂടി വായിക്കാതെ ഒരു സുഖവുമില്ലാത്ത അവസ്ഥ. എന്നാൽ രാവിലെ ജോലി ഉണ്ടായിരുന്നു. എങ്കിലും ഉച്ചകഴിഞ്ഞു കുറച്ചു സമയം കിട്ടിയപ്പോൾ വായിച്ചു തീർത്തു. വളരെയധികം മനസ്സിനെ പിടിച്ചുലച്ച ഒരു കഥ. പഴയകാല ദരിദ്ര ബ്രാഹ്മണകുലത്തിന്റെ നേർക്കാഴ്ച തരുന്ന നോവൽ. അതിദരിദ്രമായ ഒരു കുടുംബമാണ് കഥാതിവൃത്തം. അവിടത്തെ ബ്രാഹ്മണൻ വേളി കഴിച്ച വസുന്ധരേടത്തിയും അവരുടെ മാനസിക വൈകല്യമുള്ള മകൻ നന്ദുവും ഒരു വീട്ടിൽ താമസിക്കുന്നു. അവിടേക്കു വസുന്ധരേടത്തിയുടെ സപത്‌നിയായി സുനീതിയും മകൾ ശകുന്തളയും കടന്നു വരുന്നു.അവർ വരുന്നത് ബ്രാഹ്മണകുലത്തിലെ അനാഥർ താമസിച്ചിരുന്ന സ്ഥലമായ ഭവാനി മന്ദിരത്തിൽ നിന്നാണ്. അവിടെയുള്ളവർ ഏതൊരു ബ്രാഹ്മണൻ വിവാഹം  ആലോചിച്ചു ചെന്നാലും (അത് ഒന്നാമത്തേതോ രണ്ടാമത്തേതോ എന്നുള്ള വ്യത്യാസമില്ലാതെ) അവർക്കിഷ്ടപ്പെട്ടാൽ ആ പെണ്ണിന്റെ ഇഷ്ടത്തിനുപോലും കാത്തുനിൽക്കാതെ വിവാഹം നടത്തും. അത്രയ്ക്ക് ഭീകരമായ സാഹചര്യത്തിൽ നിന്ന് നിവർത്തികേടുകൊണ്ടു ഈ ബ്രാഹ്മണന്റെ സപത്‌നി ആയി എത്തിയ കഥയാണ്. പിന്നെയും ദാരിദ്ര്യവും മറ്റും കാരണത്താൽ മകൾ ശകുന്തളയും അവിടെ തിരിച്ചെത്തുന്നു. ചരിത്രം ആവർത്തിക്കുന്ന അവസ്ഥ. ഉദ്വേഗജനകമായ രംഗങ്ങൾ.  നല്ല സന്തോഷമായ പര്യവസാനം. വായിച്ചു തീരുമ്പോൾ തന്നെ ഒരു സിനിമയോ സീരിയലോ കണ്ട പ്രതീതി. തികച്ചും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന നോവൽ. അല്പം കണ്ണീരണിഞ്ഞ നിമിഷങ്ങളുമുണ്ടായി. ഏതായാലും അതിലെ എല്ലാ കഥാപാത്രങ്ങൾക്കും (വസുന്ധരേടത്തി, മകൻ നന്ദു , സപത്‌നി  സുനീതി , മകൾ ശകുന്തള, ലക്ഷ്മിയേടത്തി, മഞ്ജുനാഥ്, ഭാര്യ പത്മേടത്തി, Dr. സന്ദീപ്, തീർന്നില്ല ഇനിയുമുണ്ട്) ജീവൻ വച്ച പോലെ രചിച്ച ചന്ദ്രക്കല അവർകൾക്ക് ഒരായിരം ആശംസകൾ !


ഈ മനോഹരമായ നോവൽ എനിക്ക് വായിക്കാൻ തന്നത് അഞ്ജലിയുടെ വല്യമ്മയാണ്. അവരോടുള്ള സ്നേഹവും നന്ദിയും ഈ അവസരത്തിൽ അറിയിക്കുന്നു. അവർ തന്നെ നൽകിയ ശ്രീമതി ചന്ദ്രക്കലയുടെ മറ്റൊരു പുസ്തകമാണ് അടുത്തതായി ഞാൻ വായിക്കാൻ തെരെഞ്ഞെടുത്തത്.


ശ്രീമതി ചന്ദ്രക്കല അവർകൾക്ക് എല്ലാവിധമായ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസകളും നേരുന്നു...

                                               .................................................................