'ചന്ദ്രക്കല എസ് കമ്മത്ത്' രചിച്ച 'സപത്‌നി' എന്ന നോവലാണ് ഞാൻ വായിച്ചത്. അതു വായിച്ചു കഴിഞ്ഞു എന്ന് എനിക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു. കാരണം അത്ര മനോഹരമായ കഥ. ഞാൻ ജോലി കഴിഞ്ഞുള്ള രാത്രിയിൽ വായിച്ചുതുടങ്ങിയതാണ്. എവിടെയും വായിച്ചു നിർത്താൻ തോന്നിയില്ല.. പക്ഷെ അറിയാതെ ഉറങ്ങിപ്പോയി. പിറ്റേന്ന് എണീറ്റപ്പോൾ അതിന്റെ ബാക്കി കൂടി വായിക്കാതെ ഒരു സുഖവുമില്ലാത്ത അവസ്ഥ. എന്നാൽ രാവിലെ ജോലി ഉണ്ടായിരുന്നു. എങ്കിലും ഉച്ചകഴിഞ്ഞു കുറച്ചു സമയം കിട്ടിയപ്പോൾ വായിച്ചു തീർത്തു. വളരെയധികം മനസ്സിനെ പിടിച്ചുലച്ച ഒരു കഥ. പഴയകാല ദരിദ്ര ബ്രാഹ്മണകുലത്തിന്റെ നേർക്കാഴ്ച തരുന്ന നോവൽ. അതിദരിദ്രമായ ഒരു കുടുംബമാണ് കഥാതിവൃത്തം. അവിടത്തെ ബ്രാഹ്മണൻ വേളി കഴിച്ച വസുന്ധരേടത്തിയും അവരുടെ മാനസിക വൈകല്യമുള്ള മകൻ നന്ദുവും ഒരു വീട്ടിൽ താമസിക്കുന്നു. അവിടേക്കു വസുന്ധരേടത്തിയുടെ സപത്‌നിയായി സുനീതിയും മകൾ ശകുന്തളയും കടന്നു വരുന്നു.അവർ വരുന്നത് ബ്രാഹ്മണകുലത്തിലെ അനാഥർ താമസിച്ചിരുന്ന സ്ഥലമായ ഭവാനി മന്ദിരത്തിൽ നിന്നാണ്. അവിടെയുള്ളവർ ഏതൊരു ബ്രാഹ്മണൻ വിവാഹം ആലോചിച്ചു ചെന്നാലും (അത് ഒന്നാമത്തേതോ രണ്ടാമത്തേതോ എന്നുള്ള വ്യത്യാസമില്ലാതെ) അവർക്കിഷ്ടപ്പെട്ടാൽ ആ പെണ്ണിന്റെ ഇഷ്ടത്തിനുപോലും കാത്തുനിൽക്കാതെ വിവാഹം നടത്തും. അത്രയ്ക്ക് ഭീകരമായ സാഹചര്യത്തിൽ നിന്ന് നിവർത്തികേടുകൊണ്ടു ഈ ബ്രാഹ്മണന്റെ സപത്‌നി ആയി എത്തിയ കഥയാണ്. പിന്നെയും ദാരിദ്ര്യവും മറ്റും കാരണത്താൽ മകൾ ശകുന്തളയും അവിടെ തിരിച്ചെത്തുന്നു. ചരിത്രം ആവർത്തിക്കുന്ന അവസ്ഥ. ഉദ്വേഗജനകമായ രംഗങ്ങൾ. നല്ല സന്തോഷമായ പര്യവസാനം. വായിച്ചു തീരുമ്പോൾ തന്നെ ഒരു സിനിമയോ സീരിയലോ കണ്ട പ്രതീതി. തികച്ചും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന നോവൽ. അല്പം കണ്ണീരണിഞ്ഞ നിമിഷങ്ങളുമുണ്ടായി. ഏതായാലും അതിലെ എല്ലാ കഥാപാത്രങ്ങൾക്കും (വസുന്ധരേടത്തി, മകൻ നന്ദു , സപത്‌നി സുനീതി , മകൾ ശകുന്തള, ലക്ഷ്മിയേടത്തി, മഞ്ജുനാഥ്, ഭാര്യ പത്മേടത്തി, Dr. സന്ദീപ്, തീർന്നില്ല ഇനിയുമുണ്ട്) ജീവൻ വച്ച പോലെ രചിച്ച ചന്ദ്രക്കല അവർകൾക്ക് ഒരായിരം ആശംസകൾ !
ഈ മനോഹരമായ നോവൽ എനിക്ക് വായിക്കാൻ തന്നത് അഞ്ജലിയുടെ വല്യമ്മയാണ്. അവരോടുള്ള സ്നേഹവും നന്ദിയും ഈ അവസരത്തിൽ അറിയിക്കുന്നു. അവർ തന്നെ നൽകിയ ശ്രീമതി ചന്ദ്രക്കലയുടെ മറ്റൊരു പുസ്തകമാണ് അടുത്തതായി ഞാൻ വായിക്കാൻ തെരെഞ്ഞെടുത്തത്.
ശ്രീമതി ചന്ദ്രക്കല അവർകൾക്ക് എല്ലാവിധമായ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസകളും നേരുന്നു...
.................................................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.