മനുഷ്യജീവിതം എന്നത് ഒരു മഹാത്ഭുതമാണ്. അത് ഒരു അനുഗ്രഹമായി കണക്കാക്കാൻ ചിലപ്പോൾ കാലങ്ങൾ എടുത്തേക്കാം. പലപ്പോഴും ആലോചിട്ടുള്ള ഒരു കാര്യമാണ് എങ്ങനെയാണ് ജീവിതം ആസ്വദിക്കുക. ആസ്വാദനമെന്നാൽ ജീവിതത്തിൽ സന്തോഷം മാത്രം മതി എന്നല്ല ജീവിതം നയിക്കുന്ന ഓരോ സാഹചര്യങ്ങളെയും അതിന്റെതായ പ്രാധാന്യം കൊണ്ട് പരിചരിക്കുക എന്നാണ്. അങ്ങനെ ആസ്വദിക്കാൻ നമ്മൾ പഠിച്ചാൽ ജീവിതം ആസ്വാദ്യകരമാക്കാം.അതിനാണ് പലരും നമ്മുടെ ശക്തിയും ദൗർബല്യങ്ങളും മറ്റുള്ളവർക്ക് മുൻപേ നാം സ്വയം അറിയണമെന്ന് പറയുന്നത്. അതറിഞ്ഞാൽ ജീവിതസാഹചര്യങ്ങൾക്ക് അനുസരിച്ചു എങ്ങനെ അവയെ ഉപയോഗിക്കണം എന്ന് നമ്മൾ പഠിക്കും.
ഞാൻ എന്ന വ്യക്തി കേരളം എന്ന നാടിനെ, പ്രത്യേകിച്ച് അവിടത്തെ സംസ്കാരങ്ങളെയും പ്രകൃതിയെയും ജീവിത സാഹചര്യങ്ങളെയും ഇഷ്ടപ്പെടുന്ന വ്യക്തി ആണ്. അത് കൂടുതൽ മനസ്സിലായത് എന്റെ ആദ്യ കിട്ടിയ ജോലിക്കു ശേഷം വിദേശത്തു ഒരു ജോലിക്കു പോയ സമയം. നമ്മുടെ സ്വപ്നങ്ങൾ ആകാശം മുട്ടിയ നിമിഷങ്ങൾ ! ആ സ്വപ്ന നഗരത്തിൽ പോയവരെല്ലാം അതിസമ്പന്നന്മാരാകും എന്ന വിശ്വാസമുള്ള സമയം...അവിടെ സ്വർഗസമാനമായ അന്തരീക്ഷത്തിൽ ആർത്തുല്ലസിച്ചു ജീവിക്കാം എന്ന മൊഴികൾ കേട്ട് തഴമ്പിച്ച മനസ്സുമായാണ് തിരിച്ചത്. പക്ഷെ എന്നാൽ അതിന് ഒട്ടും അന്വർത്ഥമാക്കുന്ന യാഥാർഥ്യമായിരുന്നില്ല എന്നെ അവിടെ കാത്തിരുന്നത്.(എന്റെ മാത്രം ചിന്താഗതിയും ഞാൻ കണ്ട സാഹചര്യങ്ങളും ആണ് ഞാൻ പങ്കുവയ്ക്കുന്നത്. വ്യത്യസ്ത സാഹചര്യങ്ങളും വീക്ഷണവും ഉണ്ട്). രാവിലെ മുതൽ രാത്രി വരെയുള്ള നിർത്താതെ ഉള്ള ജോലികൾ. അത് കഴിഞ്ഞാൽ ഉറങ്ങാനായി മാത്രം റൂമിലേക്ക് പോകുന്നജോലിക്കാർ. പരിമിത സാഹചര്യങ്ങളിലുള്ള ജീവിതം .ശമ്പളം കേരളത്തെ അപേക്ഷിച്ചു വളരെ കൂടുതൽ. എന്നാൽ അവിടത്തെ ജീവിതം ആഡമ്പരമാക്കുന്ന അതിനു ഒട്ടും തികയാതവണ്ണമുള്ളതാണ്.കുറച്ചു ദിവസം തള്ളി നീക്കിയെങ്കിലും ഓരോ ദിവസവും എന്റെ ചിന്ത എങ്ങനെ ഇവിടന്നു നാട്ടിലേക്ക് പോകാമെന്നായിരുന്നു. കാരണം ആദ്യമായി അച്ഛനെയും അമ്മയെയും ദീർഘ കാലത്തേക്ക് പിരിയുന്നു. ഉടനെ വിചാരിച്ചാൽ പോലും തിരിച്ചെത്താൻ പറ്റാത്ത സ്ഥലം. എന്റെ സ്വപ്നങ്ങളോട് അവിടത്തെ സാഹചര്യം ഒട്ടും അനുകൂലപ്രതികരണമല്ല തന്നത്. പോകുമ്പോൾ കണ്ട ഓരോ സ്വപ്നങ്ങൾ തെറ്റാണെന്ന് സാഹചര്യങ്ങൾ എന്നെ മനസിലാക്കി. അവിടെ കുട്ടൻ ചേട്ടൻ (ഹരികൃഷ്ണൻ) ഇല്ലായിരുന്നെങ്കിൽ എങ്ങനെ തിരിച്ചു പോരും എന്ന ചോദ്യം ബാക്കിയാണ് . എന്തായാലും കുട്ടൻചേട്ടന്റെ സഹായഹസ്തത്താൽ വളരെ വേഗം തിരിച്ചുപോരാൻ സാധിച്ചു. പക്ഷെ കുറെ ചോദ്യങ്ങൾ ബാക്കി..എനിക്ക് ആ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കുമായിരുന്നോ ? അങ്ങനെ എങ്കിൽ കുട്ടൻചേട്ടനും അറിയുന്ന കുറെ പേരും അറിയാത്ത കണ്ടതും കാണാത്തതുമായ കുറെ മനുഷ്യർ അവിടെയുണ്ടല്ലോ..അവർക്ക് എങ്ങനെ ആ സാഹചര്യത്ത പൊരുത്തപ്പെടാൻ സാധിച്ചു? അപ്പോൾ എന്റെ ചിന്താഗതി മാറ്റണമായിരുന്നോ? അതിനുത്തരം ഇനിയും ലഭിക്കേണ്ടിയിരിക്കുന്നു.
കാലങ്ങൾ കഴിഞ്ഞു അച്ഛനും അമ്മയും പോയി. ഞാനും അനിയനും മാത്രം ഉണ്ടായിരുന്ന ജീവിതത്തിലേക്ക് 2 വ്യത്യസ്ത കുടുംബങ്ങളിൽ നിന്ന് ജീവിതപങ്കാളികൾ വന്നു. പുതിയ ജീവിതസാഹചര്യങ്ങളിലേക്കു നയിക്കപ്പെട്ടു. വീണ്ടും ഞങ്ങൾ ഇതേ സ്ഥലത്തേക്കു വിനോദയാത്ര പോയി. അപ്പോൾ കണ്ട കാഴ്ചകൾ കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. സാഹചര്യം പറയുകയാണെങ്കിൽ കൂടെ ജീവിത പങ്കാളി ഉണ്ട്. ഒറ്റയ്ക്കാണെന്നുള്ള ചിന്തയെ ഇല്ല. കയ്യിൽ ഒരു ജോലി ഉണ്ട് നാട്ടിൽ. അവിടെ ചെന്നപ്പോൾ അതിഥി വേഷമാണ് . അതിനാൽ സ്ഥലത്തിനല്ല നമ്മുടെ സാഹചര്യങ്ങൾക്കും ചിന്താഗതികൾക്കും മാറ്റം വന്നാൽ നമ്മുടെ വീക്ഷണവും തന്നെ മാറും. (സ്ഥലവും വർഷങ്ങൾക്കൊണ്ട് വളരെ കൂടുതൽ മെച്ചപ്പെടുകയും ചെയ്തിട്ടുണ്ടെന്നു ഇതോടൊപ്പം പറയുന്നു).
പിന്നെ കുറച്ചു വർഷങ്ങൾക്ക് ശേഷം ജീവിതത്തിലേക്ക് ഒരു പ്രധാന അതിഥി കൂടി വന്നു. ഞങ്ങളുടെ "കിച്ചു " (അദ്വൈത്). സാഹചര്യം വീണ്ടും മാറി. അതിനിടയിലാണ് ടാറ്റ ഗ്രൂപ്പിലെ ഒരു കമ്പനിയിൽ ജോലി ലഭിക്കുന്നത്. ലഭിച്ചതാകട്ടെ ഡൽഹിയിലും. പണ്ട് കേരളത്തിന് പുറത്തെ ജോലി മതിയാക്കിയ ഞാൻ ഇനി കേരളത്തിന് പുറത്തു സന്ദര്ശനങ്ങൾക്കല്ലാതെ ജോലിക്കായി പോകില്ല എന്നുറപ്പിച്ചതാണ്. പക്ഷെ ജോലി വന്നത് സ്വപ്ന കമ്പനിയായ ടാറ്റ ഗ്രൂപ്പിൽ നിന്നായതിനാൽ മാറാതിരിക്കാനും മനസ്സ് വന്നില്ല. എന്തായാലും കുടുംബവും കൂടെയുണ്ടല്ലോ എന്ന ധൈര്യത്തിൽ ആ ജോലി ഏറ്റെടുക്കാമെന്നു തീരുമാനിച്ചു. അങ്ങനെ ഡിസംബർ 4 നു അങ്ങോട്ട് തിരിച്ചു. അവിടെയെത്തിയപ്പോൾ പ്രതീക്ഷയെല്ലാം കാറ്റിൽ പറന്നുപോയ അവസ്ഥ ആണുണ്ടായത്, ഒന്നാമത് എനിക്ക് ഹിന്ദി ഭാഷ സംസാരം അത്ര വശമില്ല. അവിടെയാണെങ്കിൽ ഇംഗ്ലീഷ് സംസാരം വളരെ വിരളം. (പൊതുയിടങ്ങളെക്കുറിച്ച് പ്രതിപാദിച്ചതാണ്). ഞാനെത്തിയപ്പോൾ എല്ലാവരും ജാക്കറ്റ് ധരിച്ചാണ് കാണപ്പെട്ടത്. അതിനാൽ തണുപ്പ് നല്ലവണ്ണം ഉണ്ടെന്ന് മനസ്സിലായി. കേരളത്തിൽ നിന്ന് പോയത്കൊണ്ട് അത്ര തണുപ്പ് അനുഭവപ്പെട്ടില്ല. എങ്കിലും ഓഫീസിലെ സഹപ്രവർത്തകരുടെ ഉപദേശമനുസരിച്ചു ഞാനും 2/3 ജാക്കറ്റുകൾ വാങ്ങി കയ്യിൽ വച്ചു. പക്ഷെ വരും ദിവസങ്ങളിലെ തണുപ്പ് അസഹനീയമായി. എനിക്ക് പതുക്കെ തിരിച്ചു പോകാനുള്ള ചിന്തകളാണ് വന്നത്. എങ്കിലും എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാൻ വേണ്ടിയുറച്ച ഞാൻ അങ്ങനെ ദിവസങ്ങൾ തള്ളി നീക്കി. തണുപ്പ് മാറിത്തുടങ്ങിയപ്പോൾ കുടംബവും അവിടെ വന്നു.അങ്ങനെ കുറച്ചു സമാധാനം അനുഭവപ്പെട്ടു. എങ്കിലും ഭാര്യക്കും കുട്ടിക്കും ഒട്ടും സുഖമായില്ല.pollution കാരണമായേക്കാം, ഒട്ടും ചുമ മാറുന്നില്ല. എന്റെ മനസ്സ് പതുക്കെ നാട്ടിലേക്ക് തന്നെയായി. എങ്ങനെ പോകാം എന്നതായി ചിന്തകൾ ...ഇത്ര നല്ലൊരു ജോലി കിട്ടിയിട്ട് അത് കളഞ്ഞിട്ട് പോകണോ അതോ ഇതിൽ തന്നെ ട്രാൻസ്ഫർ ശ്രമിച്ചാലോ എന്നൊക്കെയായി ചിന്തകൾ...എന്തായാലും അവിടത്തെ ഓരോരുത്തരെയായി പരിചയപ്പെട്ടപ്പോൾ അവരെല്ലാം ഡൽഹിയെ ഇഷ്ടപ്പെടുന്നതായാണ് പറഞ്ഞത്. അപ്പോൾ എങ്ങനെ അവർ ആ സ്ഥലവും സംസ്കാരവുമായൊക്കെ പൊരുത്തപ്പെട്ടു എന്ന് ചിന്തിച്ചു.എന്തൊക്കെയായാലും എനിക്ക് നാട് തന്നെ വേണമെന്ന് മനസ്സിലുറപ്പിച്ചു.നവംബറിലാണ് അവിടെ ഏറ്റവും അധികം pollution.അപ്പോൾതന്നെ കുടുംബത്തെ നാട്ടിലേക്കു തിരിച്ചയച്ചു. ഞാൻ കുറച്ചു മാസങ്ങൾക്കു ശേഷം എങ്ങനെയെങ്കിലും പോകാം എന്ന് തീരുമാനിച്ചു.ആ ഘട്ടത്തിലാണ് നാട്ടിലെ ഒരു സുഹൃത്തിന്റെ ചേട്ടൻ (സുനീഷ്) പുതിയ ജോലിയിൽ പ്രവേശിക്കാനായി ഡൽഹിയിലെത്തുന്നത്. ഏതായാലും കുടുംബം പോയതിനാൽ വീട്ടിൽ ആരുമില്ലായിരുന്നു. അദ്ദേഹം താമസസ്ഥലം നോക്കുന്ന വേളയിലും ആയിരുന്നു. അങ്ങനെ ഞങ്ങൾ രണ്ടു പേരും കൂടി താമസമാക്കി. അങ്ങനെ 4 മാസത്തോളം ഒരുമിച്ചു പോയി. അങ്ങനെ മാർച്ചിലെ ഒരു ദിവസം എനിക്ക് ട്രാൻസ്ഫർ ശരിയായതായി അറിയിപ്പ് വന്നു. വളരെ അധികം സന്തോഷത്താൽ ഞാൻ നാട്ടിലെക്ക് തിരിക്കുന്നതിന്റെ തയ്യാറെടുപ്പ് തുടങ്ങി. അധികം സമയമുണ്ടായില്ല ..എത്രയും പെട്ടെന്ന് നാട്ടിലെ ഓഫീസിൽ റിപ്പോർട്ട് ചെയ്യണമായിരുന്നു. നാട്ടിലെത്തി ഓഫീസിൽ പോയി റിപ്പോർട്ട് ചെയ്തു.പുതിയ റോൾ ആയിരുന്നു. വീണ്ടും പഴയ താമസസ്ഥലമായ തൃപ്പൂണിത്തുറയിൽ തന്നെ താമസവും ശരിയായി.
സാഹചര്യങ്ങൾ മാറുന്നത് പ്രകൃതിനിയമം ആണ്. അതിനോട് നമ്മൾ പൊരുത്തപ്പെടുമോ ഇല്ലയോ എന്ന് നോക്കിയാണ് ഓരോ മനുഷ്യന്റെയും ഓരോ ദിവസവും കടന്നുപോകുന്നത്. സ്ഥലമായാലും, സമയമായാലും , ആളുകളായാലും എല്ലാം മാറാൻ നിമിഷനേരം മാത്രം. ഒരു കാര്യം മനസ്സിലായത് എല്ലാം വരുന്നത് എന്തെങ്കിലുമൊക്കെ നമ്മെ പഠിപ്പിക്കാനാണ്. നമ്മൾ ക്ഷമയോട് കൂടെ അതിനെ വീക്ഷിക്കുകയും മനസ്സിലാക്കുകയും നമ്മളുടെ അവസരത്തിൽ വേണ്ടപോലെ പ്രവർത്തിക്കുകയും ചെയ്താൽ ഏതൊരു മോശം സാഹചര്യത്തിനെയും അതിജീവിക്കാൻ നമുക്കാവും എന്ന് മനസ്സിലായി.
ഇനിയും ഈ മഹാസാഗരമായ ജീവിതാനുഭവകലവറകളിലേക്കു , പുതിയ രീതികളിലേക്ക് , സാഹചര്യങ്ങളിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്നു.
..............................................................................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.