2020, ജൂൺ 4, വ്യാഴാഴ്‌ച

കൊറോണ കാലം ഒരു വസന്ത കാലം

തലക്കെട്ട് അല്ലെങ്കിൽ തലവാചകം സൂചിപ്പിച്ച പോലെ അത്ര വസന്ത കാലം അല്ല ഇപ്പോൾ ലോകം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്.എന്നാലും അങ്ങനെ പറയാൻ പ്രധാന കാരണം, പണ്ട് ചാർളി ചാപ്ലിൻ പറഞ്ഞപ്പോലെ ഒരേ തമാശ വീണ്ടും വീണ്ടും പറഞ്ഞാൽ ആളുകൾ ചിരിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് വിഷമിപ്പിക്കുന്ന അല്ലെങ്കിൽ ദുഃഖിപ്പിക്കുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ചിന്തിച്ചു മനസ്സ് വേവലാതിപ്പെടുന്നത്.അതുകൊണ്ട് കുറച്ചു നാൾ നീളുമെന്ന് ഉറപ്പായ ഒരു കാര്യം മനസ്സിലിട്ട് തല പുകക്കുന്നതിനേക്കാൾ ഈ കാലത്ത് എങ്ങനെ മനസ്സ് സുഖമാക്കാം അല്ലെങ്കിൽ സന്തോഷകരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാം എന്ന് ആലോചിച്ചു.എന്തായാലും സമൂഹനന്മക്ക് എല്ലാവരും വീടുകളിൽ തന്നെ തുടരണം എന്ന് ഗവണ്മെന്റ് പറഞ്ഞിട്ടുണ്ട്.അങ്ങനെ ഉള്ള സാഹചര്യം ഞങ്ങൾ ഒന്ന് വസന്തമാക്കാൻ തീരുമാനിച്ചതിൽ തെറ്റുണ്ട് എന്ന് തോന്നുന്നില്ല.

24 - മാർച്ച് -2020

ലോക്ക് ഡൗൺ  തുടങ്ങിയത് ഒരു അപ്രതീക്ഷിത ദിവസമായിരുന്നു. കാരണം കഴിഞ്ഞ ഒരാഴ്ചക്കാലം അല്ലെങ്കിൽ രണ്ടാഴ്ചക്കാലമായി ലോകത്താകമാനം ഒട്ടും സുഖകരമല്ലാത്ത  അവസ്ഥ തുടങ്ങിയിരുന്നു.എല്ലാവരും പരമാവധി വീട്ടിൽ ഇരിക്കണം, അവിടെ ഇരുന്നു ജോലി ചെയ്യാൻ കഴിയുന്നവർ അങ്ങനെ തന്നെ ചെയ്യണം എന്നൊക്ക എല്ലാവരും പറയുന്നു.പക്ഷെ അതിന്റെ മൂർദ്ധന്യ കാലം തുടങ്ങിയിരുന്നില്ല.വേറൊരു തരത്തിൽ പറഞ്ഞാൽ അത്രയും ഭീകരമാണെന്നു അറിയാൻ പലരും വൈകിപ്പോയി.ഞങ്ങളുടെ കമ്പനി പക്ഷെ 14ആം തിയ്യതി തന്നെ അതിനൊരു മുൻകരുതൽ എടുത്തിരുന്നു.ദൂരെ നിന്നു വരുന്നവർ , പൊതുഗതാഗതമാർഗ്ഗം വരുന്നവർ , എന്നീ ജീവനക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ പ്ലാൻ ചെയ്തു,അതേപോലെ ചില ജോലിക്കാർക്ക് അവരുടെ ജോലി ഓഫീസിൽ വന്ന് മാത്രമേ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. അവരോടു തൽക്കാലം വരണ്ട എന്നും, പിന്നെ ഈ അവസ്ഥയെല്ലാം മാറിക്കഴിഞ്ഞതിനുശേഷം compensate ചെയ്താൽ മതി എന്നും തീരുമാനിച്ചു. അങ്ങനെ ഒരാഴ്ചക്കാലം കുറച്ചുപേർ മാത്രം ഓഫീസിൽ വന്നു.പക്ഷെ അപ്പോഴും പല രാജ്യങ്ങളിൽ നിന്നുള്ള വാർത്തകൾ കേട്ടാൽ ഞെട്ടിപ്പോയിരുന്നു.ഓരോ ദിവസവും 500 -1000 രോഗികൾ ഉണ്ടാകുന്നു എന്ന തരത്തിൽ ആയിരുന്നു വാർത്തകൾ. കൂടെ മരണങ്ങളും.ആ ഒരു സമയത്ത് എന്തായാലും കുറെ കൂടി നിയന്ത്രണങ്ങൾ വരും എന്നുറപ്പായിരുന്നു.ഒരാഴ്ച്ച കഴിഞ്ഞുള്ള ഒരു ഞായറാഴ്ച്ച ആണ് അതായത് 22ആം തിയ്യതി. എല്ലാവരും ഒരു ദിവസം മുഴുവൻ പുറത്തിറങ്ങാതെ വീട്ടിലിരിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശം വരുന്നു.അതുപ്രകാരം ഞങ്ങൾ രണ്ടു പേരും എവിടെയും ഇറങ്ങാതെ ഞങ്ങളുടെ വീട്ടിൽ തന്നെ ഇരിക്കാൻ തീരുമാനിച്ചു.ഒരു ഫലിതം പറയുകയാണെങ്കിൽ ഹർത്താൽ ആചരിച്ചു പരിചയിച്ച കേരളീയർക്ക് ഈ നിർബന്ധിത curfew ഒരു പ്രശ്നമേ ആയിരുന്നില്ല.ഓരോ ദിവസവും തള്ളി നീക്കാൻ ആദ്യം കുറച്ചൊന്നു ബുദ്ധിമുട്ടി.പിന്നെ ഞങ്ങൾ തന്നെ ഓരോ മാർഗം കണ്ടെത്തി തുടങ്ങി.ഞാൻ രാവിലെ മുതൽ ജോലിയിൽ ആയിരിക്കും.ചില ദിവസങ്ങളിൽ ധാരാളം ജോലി ഉണ്ടാവും .എന്നാൽ ചില ദിവസങ്ങളിൽ കുറച്ചു മാത്രം ജോലിയും ബാക്കി വെറുതെ ഇരിക്കുകയുമായിരിക്കും. അങ്ങനെ ഉള്ള സമയം നീക്കാനാണ് ബുദ്ധിമുട്ട്. ആദ്യമൊക്കെ ടി വി കണ്ടു ഇരുന്നു.പക്ഷെ അതിൽ മുഴുവൻ repeat ആയുള്ള പരിപാടികളും കൊറോണ വാർത്തകളും മാത്രം ആണ് ഉണ്ടായിരുന്നത്.കൊറോണ വാർത്തകൾ കേട്ടാൽ ഓരോ ദിവസവും പേടിയാവുന്ന തരത്തിൽ ആയിരുന്നു.അതുകൊണ്ട് ഞങ്ങൾ അത് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.ജോലി കഴിഞ്ഞുള്ള സമയവും ജോലി കുറവുള്ള ദിവസവും കുറച്ചു പാചകപരീക്ഷണങ്ങൾ നടത്തിയാലോ എന്നൊരാലോചന ഉണ്ടായി.രണ്ടു പേരും അങ്ങനെ ഒരു പ്ലാൻ ഉണ്ടാക്കി. രാവിലെ നേരത്തെ എണീക്കുന്നു.പിന്നെ ഞാൻ വ്യായാമം ചെയ്യും . അല്ലെങ്കിൽ മുഴുവൻ സമയ വീട്ടിലിരിപ്പും വ്യത്യസ്തങ്ങളായ ഭക്ഷണവും കൊണ്ട് ഉള്ളതിനേക്കാൾ കൂടുതൽ തടി വെക്കുമോ എന്നുള്ള പേടിയുണ്ടായിരുന്നു. പിന്നെ ഒരു ചിട്ട ജീവിതത്തിൽ കൊണ്ടുവരാനും പ്ലാൻ ചെയ്തു.അത് പ്രകാരം മാർച്ച് 27 മുതൽ ഞങ്ങൾ ആരംഭിച്ചു.രാവിലെ ഉള്ള പരീക്ഷണങ്ങൾ കുറവായിരുന്നു.എങ്കിലും രണ്ടു മൂന്നു ദിവസം അതും നടന്നു.ഒരു ദിവസം വൈകീട്ടാണ് തുടക്കം.ആദ്യം പഴംപൊരിയിൽ തുടങ്ങി.വൈകീട്ടത്തെ ചായക്കുള്ള പലഹാരമായിട്ടായിരുന്നു അത്.അതിനു ശേഷം ബജ്ജിയും കട്ലെറ്റും ഗോതമ്പപ്പവും ഉഴുന്നുവടയും ഉള്ളിവടയും അടക്കം നല്ല ഒരു നിര തന്നെ ഉണ്ടായിരുന്നു. അതെ സമയം ഞങ്ങൾ മാത്രമല്ല എല്ലാവരും പുതിയ പരീക്ഷണങ്ങളിൽ മുഴുകിയിരുന്നു.ഞങ്ങളുടെ whatsapp ഗ്രൂപ്പുകളിൽ നിറഞ്ഞു നിന്നു. അതിൽ നിന്നും വ്യത്യസ്ത ഭക്ഷണപദാർത്ഥങ്ങളും കിട്ടി തുടങ്ങി.അതെ പോലെ കുറച്ചൊക്കെ ഞങ്ങളും തുടർന്നു,അങ്ങനെ ഇരിക്കുമ്പോഴാണ് ഒരു ദിവസം ഒരു നമ്പൂതിരിയുടെ വീഡിയോ പ്രചരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ആ വീഡിയോ ഇങ്ങനെ നിറഞ്ഞു നിന്നു.അത് ഒരു ചക്കക്കുരു ഷേക്കിന്റെ വീഡിയോ ആയിരുന്നു. ഉണ്ടാക്കാനും വളരെ എളുപ്പമായതുകൊണ്ടു എല്ലാവരും പരീക്ഷിക്കാനും ഉണ്ടാക്കിയ അനുഭവം ഷെയർ ചെയ്യാനും മടിച്ചിരുന്നില്ല.പക്ഷെ ഫ്ലാറ്റിൽ താമസിക്കുന്ന ഞങ്ങൾക്ക് എവിടെന്നു ചക്ക കിട്ടാൻ എന്ന് ചിന്തിച്ചു.എല്ലാവരും ഷെയർ ചെയ്യുന്ന വീഡിയോ കണ്ടുകൊണ്ട് വായിൽ വെള്ളമിറക്കി അങ്ങനെ ദിവസങ്ങൾ തള്ളി നീക്കി. എന്നാലും മറ്റ് പരീക്ഷണങ്ങൾ നടത്തുന്നതിൽ ഞങ്ങളും പുറകോട്ടു പോയില്ല.പ്രഭാത ഭക്ഷണങ്ങൾ ആണ് അടുത്ത ഇനങ്ങൾ.നീർ ദോശ, ഓട്സ് ദോശ ,റവ സേമിയ മിക്സഡ് ഉപ്പുമാവ് , ഊത്തപ്പം തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഇതിൽ ഉൾപ്പെടുന്നു.ഉച്ചയ്ക്കാണെങ്കിൽ ബട്ടൂര - ചന മസാല, പനീർ ബട്ടർ മസാല,ഫ്രൂട്ട് സാലഡ്, മൈദ ദോശ തുടങ്ങിയ പരീക്ഷണങ്ങൾ ആയിരുന്നു.ഡാൽഗോണ കാപ്പിയും വീട്ടിൽ ഉണ്ടാക്കാൻ കഴിയുന്ന ഇൻസ്റ്റന്റ് ഐസ് ക്രീമും വ്യത്യസ്ത സ്വാദുള്ള വിഭവങ്ങളായിരുന്നു.ഭക്ഷണത്തിനു പുറമെ ചില രസകരമായ കളികളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ നിറഞ്ഞു.അതും സമയം നീക്കാനുള്ള മാർഗ്ഗമായി.അങ്ങനെ വിഷു ദിവസം വന്നെത്തി. ഇപ്രാവശ്യം കല്യാണത്തിന് ശേഷമുള്ള ആദ്യ വിഷു മണ്ണാർക്കാട് ആഘോഷിക്കാനായിരുന്നു വിചാരിച്ചിരുന്നത്.പക്ഷെ യാത്ര അനുവദനീയമല്ലാത്ത സാഹചര്യത്തിൽ ഇവിടെത്തന്നെ കൂടാനല്ലേ നിവർത്തിയുള്ളു.എന്നാലും ആദ്യത്തെ ആയതുകൊണ്ട് ആഘോഷിക്കാതിരിക്കാൻ മനസ്സ് വന്നില്ല. എന്നാൽ ഇങ്ങനെയുള്ള സാഹചര്യത്തിൽ വല്ലാത്ത ആഘോഷങ്ങൾക്കും മുതിർന്നില്ല. എന്തായാലും പറ്റുന്ന പോലെ എന്ന് വിചാരിച്ചു ഒരു ചെറിയ സദ്യ ഉണ്ടാക്കാൻ തീരുമാനിച്ചു.കുറെ സാധനങ്ങൾ ഇവിടെ ഉണ്ടായിരുന്നു.പിന്നെ കുറച്ചു സാധനങ്ങൾ വാങ്ങിക്കാനുമുണ്ട്.പുറത്തിറങ്ങണമെങ്കിൽ കയ്യിൽ ഒരു സത്യവാങ്മൂലം എഴുതി കയ്യിൽ പിടിക്കണം എന്നാണ് സർക്കാരിന്റെ ഉത്തരവ്.എന്ത് ആവശ്യം, എത്ര സമയം എന്നതൊക്കെ അതിൽ വ്യക്തമാക്കണമായിരുന്നു. അങ്ങനെ പുറത്തു പോയി കുറച്ചു സാധനങ്ങൾ വാങ്ങിച്ചു.വിഷുവിന്റെ തലേ ദിവസം രാത്രി കണി ഒരുക്കുന്ന പരിപാടി തുടങ്ങി.ഓട്ടുരുളി അല്ലെങ്കിലും അലുമിനിയം ഉരുളി കിട്ടിയിരുന്നു.ചെറിയ ഒരു വാൽക്കണ്ണാടിയും കണിവെള്ളരിയും മാങ്ങയും,കൊണ്ട് ചെറിയ ഒരു കണിയൊരുക്കാൻ ഞങ്ങളും പഠിച്ചു .പിറ്റേന്ന് രാവിലെ 4 മണിക്ക് തന്നെ എണീറ്റു ഞാൻ ആദ്യം കണി കണ്ടു,പിന്നെ അഞ്ജുവിനെ കൊണ്ടുവന്നു കണി കാണിച്ചു.നേരെ പോയി കുളിച്ചു.അതിനു ശേഷം പാചക പരിപാടികൾ തുടങ്ങി.അങ്ങനെ ഉച്ചക്ക് ഒരു ഉഗ്രൻ സദ്യയും കഴിച്ചു ഇരുന്നു.അന്ന് ഒരു അറിയിപ്പ് വന്നു.മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടുന്നു എന്ന്. പക്ഷെ  ഏപ്രിൽ 20 നു ശേഷം കുറച്ചു ഇളവുകൾ അനുവദിച്ചു.ഞങ്ങളുടെ സ്ഥലത്തു ഏപ്രിൽ 24 നു ശേഷമായിരുന്നു അനുവദനീയമായത്.അങ്ങനെ ഓഫീസിൽ കുറച്ചു പേരെ വച്ച് പ്രവർത്തിക്കാൻ അനുമതിയായി.അപ്പോഴേക്കും ഒരു വിധം എല്ലാവര്ക്കും വീട്ടിലിരുന്നു കുറച്ചു മടുത്തിരുന്നു.എന്നാൽ അത് ആസ്വദിച്ചവർക്ക് നല്ല അനുഭവമായി മാറി.പിന്നീട് ഞങ്ങൾ എറണാകുളത്തുള്ള ആളുകളെ മാത്രം വച്ചുകൊണ്ടു ഓഫീസ് പ്രവർത്തിപ്പിച്ചു.മെയ് 3 നു ശേഷം കുറച്ചു കൂടി ആൾക്കാർ വന്നു തുടങ്ങി.പിന്നെ മെയ് 17 വരെയും അതിനു ശേഷം മെയ് 31 വരെയും ലോക്ക് ഡൗൺ രണ്ടു വട്ടം നീട്ടി.എന്തായാലും ലോക്ക് ഡൗൺ എന്നതിന് ഒരു പരിധിയുണ്ടെന്നും ജനങ്ങളെ ഇത്രയധികം പിടിച്ചിടാൻ പറ്റില്ലെന്നും മനസ്സിലായതിനാൽ മെയ് 31ഓടു കൂടി ലോക്ക് ഡൗൺ സർക്കാർ  അവസാനിപ്പിച്ചു. എന്നാൽ പിന്നീടുള്ള  ലോക്ക് ഡൗൺ കൊറോണ തീവ്ര പ്രദേശങ്ങളിൽ മാത്രമായി ഒതുക്കി .ജനങ്ങൾക്ക് ഒരു കാര്യം ബോധ്യമായി.കൊറോണ എന്തായാലും ഉടനെ ഇവിടം വിട്ടു പോകില്ല .അതിനു പകരം നമ്മൾ അത് മനസിലാക്കി അതിനോടൊപ്പം ജീവിക്കാൻ പഠിക്കുക എന്നുള്ളതാണ് ഇത് നൽകുന്ന പാഠം.അത് മാത്രമല്ല കുറെ കാര്യങ്ങൾ കൊറോണ ലോകമെമ്പാടുമുള്ള ജനങ്ങളെ പഠിപ്പിച്ചു.മാളുകൾ,ആരാധനാലയങ്ങൾ,ആശുപത്രികൾ , ഇവയൊന്നും അത്യാവശ്യ ഘടകങ്ങൾ അല്ല എന്നും വേണമെന്ന് വച്ചാൽ കുറച്ചു സമയം എന്ത് തിരക്കിൽപെട്ടാലും എല്ലാവർക്കും വീട്ടിൽ കഴിയണമെന്നും പഠിപ്പിച്ചു  .പണക്കാർക്ക് പോലും ഒരു രക്ഷയുമില്ല എന്നും തെളിയിച്ചു കാണിച്ച കൊറോണ എന്ന വൈറസ് ലോകത്ത് ശാശ്വതമായി ഒന്നുമില്ല എന്ന പാഠം മനസ്സിലാക്കി മനുഷ്യന്മാർ പെരുമാറണമെന്ന വലിയ സത്യവും വെളിവാക്കി.അങ്ങനെയുള്ള  ഈ കാലം നല്ല രീതിയിൽ ചിന്തിക്കുന്നവർക്ക് ഒരു വസന്ത കാലം തന്നെയായിരുന്നു.

മനുഷ്യന്മാർക്കു ഒരു നല്ല ജീവിതത്തിനു വഴി കാണിച്ചു കൊടുത്ത ഈ വൈറസ് കാലം മനുഷ്യനിൽ ഒരു നല്ല മാറ്റമുണ്ടക്കട്ടെയെന്നും അത് വിലയിരുത്തിക്കൊണ്ട് സർവേശ്വരൻ നമുക്ക് വൈറസ് ബാധയില്ലാത്ത ഒരു യഥാർത്ഥ വസന്തകാലം സമ്മാനിക്കട്ടെ എന്നു  പ്രാർത്ഥിച്ചുകൊണ്ടും നിർത്തുന്നു ........

ചില ലോക്ക് ഡൗൺ ചിത്രങ്ങൾ :-
ഐസ് ക്രീം.

ബജ്ജി 

ഗോതമ്പപ്പം 



ഇടിയപ്പം, പനീർ ബട്ടർ മസാല 

വിഷുക്കണി 

ഒണിയൻ റിങ് 

ഡാൽഗോണ കോഫി 

ഉഴുന്നുവട 

വിഷുസദ്യ 

ഉള്ളിവട 





കട്ലറ്റ് 






























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.