2021, മേയ് 20, വ്യാഴാഴ്‌ച

ജീവിതം മനോഹരം , അതിസുന്ദരം !!

ജീവിതം എന്നത് മനോഹരമാണോ ? അതെ എന്നും അല്ല എന്നും അഭിപ്രായമുള്ളവർ ഉണ്ടാകും. എന്നാൽ എന്റെ കാഴ്ചപ്പാടിൽ ജീവിതം അതിമനോഹരമാണ്. നമ്മൾ നോക്കിക്കാണുന്നതും ആസ്വദിക്കുന്നതും പോലെയിരിക്കും ജീവിതത്തിന്റെ ഒരു യാത്ര. എന്റെ ജീവിതത്തിൽ ഞാൻ ആഗ്രഹിച്ചിട്ടുള്ള പ്രധാന കാര്യങ്ങളിൽ ഒന്ന് നല്ല സ്ഥലങ്ങൾ സന്ദർശിക്കുക , അതുപോലെ അവിടത്തെ തനതായതും വ്യത്യസ്തങ്ങളായതുമായ ഭക്ഷണവും പ്രകൃതി സൗന്ദര്യവും ആസ്വദിക്കുക എന്നതുമാണ്. അത് രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥലങ്ങളും ആകാം. അങ്ങനെ ജീവിത സൗന്ദര്യം ആസ്വദിക്കാൻ ഓരോ മനുഷ്യർക്കും ഓരോ ലക്ഷ്യങ്ങൾ ഉണ്ടാകും. ആ ലക്ഷ്യനിർവഹണമാണ് ജീവിതത്തെ മനോഹരമാക്കി തീർക്കുന്നത്. 

എന്നാൽ ഈ കാലം അത്ര സുഖമല്ല , ഏകദേശം ലോകമവസാനം വന്നെത്തി എന്ന ചിന്തയിലാണ് കുറെപേർ. ഇനി ലക്ഷ്യനിർവഹണം ഒന്നും സാധ്യമല്ല ,എല്ലാം അവസാനിച്ചു എന്ന് ചിന്തിക്കുന്നവരോട്   എനിക്ക്  പറയാനുള്ളത്, നമ്മൾ എന്ന് അവസാനിക്കണമെന്നു തീരുമാനിക്കുന്നത് നമ്മളല്ല. ഒരാൾ ജനിക്കുമ്പോൾ തന്നെ ജനിക്കുന്ന അല്ലെങ്കിൽ കുറിക്കപ്പെടുന്ന ഒന്നാണ് അയാളുടെ മരണവും. ജനിച്ചാൽ ഒരു നാൾ മരിക്കും എന്ന് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. എന്റെ അറിവിൽ ഏറ്റവും കൂടുതൽ ആളുകൾക്കുള്ള ഭയം മരണഭയമാണ്. പക്ഷെ ഞാൻ വിശ്വസിക്കുന്നത് ഒരാളും അയാളുടെ മരണം എന്നാണ് എന്നു ചിന്തിച്ചുകൊണ്ട് ഒരു കാര്യവും ചെയ്യാറില്ല. അപ്പോൾ അതിലും വളരെ നിസ്സാരമായ കാര്യങ്ങൾ ആലോചിച്ചു എന്തിനാണ് നമ്മൾ ഓരോ നല്ല നിമിഷവും പാഴാക്കുന്നത്. ഒരു കയറ്റമുണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ടാകുമെന്ന പോലെ ഓരോ മോശം കാലത്തിനു ശേഷവും ഒരു നല്ല കാലം ഉണ്ടാകും എന്ന പ്രതീക്ഷയോടെ ജീവിതത്തെ ആസ്വദിക്കുക.

ഞാൻ എന്റെ ജീവിതത്തിലെ ഒരു അനുഭവം നിങ്ങളുമായി പങ്കുവെയ്ക്കുന്നു. ഈ കഴിഞ്ഞ വിഷുവിനാണ് അതുണ്ടായത്. ഞങ്ങളുടെ കഴിഞ്ഞ വർഷത്തെ വിഷു രാജ്യവ്യാപകമായ ലോക്ക്ഡൌൺ കാരണം ഫ്ലാറ്റിലാണ് ആഘോഷിച്ചത്. അതിനാൽ കല്യാണം കഴിഞ്ഞിട്ട് ആദ്യമായി വിഷു അഞ്ജുവിന്റെ വീട്ടിൽ (മണ്ണാർക്കാട്) ആഘോഷിക്കാൻ തീരുമാനിച്ചു. അങ്ങനെ ഏപ്രിൽ 11നു ഉച്ചക്ക് തൃപ്പൂണിത്തുറയിൽ നിന്ന് മണ്ണാർക്കാടിലേക്കു തിരിക്കുകയും വൈകീട്ട് അവിടെ എത്തുകയും ചെയ്തു. പിറ്റേ ദിവസം രാത്രി ആയപ്പോൾ ചെറുതായി ശരീരത്തിൽ ഒരു ചൂട് വരുന്ന പോലെ തോന്നി. എനിക്ക് പണ്ടേ പനി വരുന്നത് ഇഷ്ടമല്ല. കാരണം പനി വന്നാൽ പിന്നെ ഒന്നും ചെയ്യാൻ തോന്നില്ല. പകരം ചുരുണ്ടുകൂടി കിടക്കും , അതുപോലെ ഒരാൾ ഇപ്പോഴും അടുത്തും വേണം. അതിനാൽ പനി വരുന്ന ലക്ഷണം കണ്ടാൽ അപ്പോൾത്തന്നെ ഒരു പാരസെറ്റമോൾ ഗുളിക എടുത്തു കഴിക്കും. അതേപടി അന്നും ഞാൻ ആരുമറിയാതെ ഒരു പാരസെറ്റമോൾ എടുത്തു കഴിച്ചു. രാവിലെ ആയപ്പോഴേക്കും പനിയൊക്കെ മാറി. പക്ഷെ അന്ന് വൈകീട്ട് വീണ്ടും ഒരു അസ്വസ്ഥത.. അപ്പോൾ ഞാൻ വീണ്ടും ഒരു ഗുളിക കഴിച്ചു. അച്ഛനാകട്ടെ, ആദ്യമായി അവിടെ വിഷു ആഘോഷിക്കുന്ന സന്തോഷത്തിൽ കുറെ പടക്കങ്ങളും കമ്പിത്തിരിയും മത്താപ്പുമെല്ലാം മേടിച്ചു കൊണ്ടുവന്നിരിക്കുന്നു. അത് വെറുതെ ആവുമോ എന്നൊന്ന് ആദ്യം സംശയിച്ചു. പിന്നെ ഒരു എട്ടുമണിയപ്പോഴേക്കും ആകെ ഒന്ന് വിയർക്കുകയും പനി ഭേദപ്പെടുകയും ചെയ്തു. പിന്നെ ആഘോഷസമയമായി. ഞങ്ങളെല്ലാവരും (അഞ്ജുവും അച്ഛനും അമ്മയും അച്ഛമ്മയും) കൂടി വിഷുത്തലേന്ന് ആഘോഷപൂരിതമാക്കി. അതിനുശേഷം ബാക്കി വിഷുക്കണിക്കു ശേഷം ആകാം എന്ന് വച്ച് തൽക്കാലത്തേക്ക് ആഘോഷം മതിയാക്കി. പിറ്റേന്ന് രാവിലെ നേരത്തെ എണിറ്റു കണികണ്ടു. അതുകഴിഞ്ഞ് അച്ഛനും അമ്മയും അച്ചമ്മയും വിഷുകൈനീട്ടം നൽകി. അവരുടെ അനുഗ്രഹാശുസ്സുകൾക്ക് ശേഷം നേരെ പുറത്തേക്ക് പോയി.ബാക്കിയുള്ള ആഘോഷവസ്തുക്കൾ കത്തിച്ചു തീർത്തു. പിന്നീട് കുളിക്കു ശേഷം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വീണ്ടും ഒരു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.ആകെ ഒരു ക്ഷീണം.ഭക്ഷണശേഷം നോക്കിയപ്പോൾ വീണ്ടും കടുത്ത പനി.നേരെ പോയി കിടന്നു.അനങ്ങാൻ പറ്റാത്ത അവസ്ഥ. പിന്നീട് നോക്കിയപ്പോൾ അത് മഹാമാരിയായ കോവിഡ് ആയിരുന്നു.പിന്നെ ഒന്നിനും പറ്റാത്ത 20 ഓളം ദിവസങ്ങൾ. ഒന്നും കഴിക്കാൻ വയ്യ.എണിറ്റു നില്ക്കാൻ വയ്യ. ഇത് വരെ അനുഭവിക്കാത്ത ക്ഷീണവും ശരീര വേദനയും.അത് എപ്പോ മാറും, എത്ര നാൾ നീളും എന്നറിയാത്ത അവസ്ഥ.ഈ മോശം അവസ്ഥയിൽ നെഗറ്റീവ് ചിന്തകളിൽ നിന്ന് മോചനത്തിനായി ടി വി കണ്ടുകൊണ്ടിരുന്നു. ടി വി യിൽ വാർത്ത ചാനൽ കണ്ടാൽ കഴിഞ്ഞ വർഷത്തേക്കാൾ കഷ്ടം, കോവിഡ് വാർത്തകൾ കഴിഞ്ഞൊരു പരിപാടി അവർക്കില്ല. അതുകൊണ്ട് രാവിലെയും ഉച്ചക്കുമുള്ള സിനിമകൾ കണ്ടു കൊണ്ടിരുന്നു. നല്ല നല്ല സിനിമകൾ കൊണ്ട് മനസ്സ് തളരാതെ പിടിച്ചു നില്ക്കാൻ പറ്റി. അതോടൊപ്പം ചില മരുന്നുകൾ കൂടി ആയപ്പോൾ അസുഖം കുറഞ്ഞു തുടങ്ങി. മെയ് 8 ആയപ്പോഴേക്കും നന്നായി കുറഞ്ഞു. ഏകദേശം പഴയ ആരോഗ്യസ്ഥിതിയിലേക്ക് എത്തിയെന്നു തോന്നിയപ്പോൾ ചെറിയ ഒരു ആശ്വാസം. പിന്നെ ഏറ്റവും പ്രധാനമായ കാര്യം ഈ അസുഖം പിടിപെട്ടത് അവിടെ വെച്ചായതു കൊണ്ട് നല്ല ആശ്വാസം. അവിടത്തെ അവസ്ഥ എന്ന് പറഞ്ഞാൽ 'ഇവിടം സ്വർഗ്ഗമാണ്' എന്ന് ഞാൻ പറയും. ഇതൊരു അതിശയോക്തിയായി തോന്നാം . മനോഹരങ്ങളായ പൂക്കളും ചെടികളും നിറഞ്ഞ ഒരു പൂന്തോട്ടവും പച്ചപ്പ് നിറഞ്ഞ പറമ്പും കിളികളും എല്ലാമായി നല്ല ഒരു ശാന്തസുന്ദരമായ ഒരിടം. അസുഖം കുറഞ്ഞപ്പോൾ രാവിലെ ചെറിയ രീതിയിൽ വ്യായാമം തുടങ്ങി.വ്യായാമത്തിനു ശേഷം പറമ്പിലൂടെ അച്ഛനുമായി ഒരു നടത്തമുണ്ട്. ഏറ്റവും ആസ്വാദ്യകരമായ കാര്യം അതാണ്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും ഒരു അനുഭവവും ആണ് ആ നടത്തം സമ്മാനിക്കുന്നത്. നല്ലൊരു പോസിറ്റീവ് എനർജി. കൂടാതെ ഈ കാലത്ത് രാജ്യത്തെ പല ആശുപത്രികളിൽ ‌ഓക്‌സിജൻ ക്ഷാമം ഉള്ളതായാണ് വാർത്തകളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. അത് മൂലം നിരവധി  കോവിഡ് രോഗികൾ മരണമടയുന്നു എന്നും കേട്ടു. എന്നാൽ അത്രയും ചെടികളും വീടിനു മുൻപിൽ ഉള്ള അമ്പലത്തിന്റെ ആൽമരവും ഉള്ളപ്പോൾ ഓക്‌സിജൻ ഒരു കാരണവശാലും കുറയില്ല എന്ന ഉത്തമവിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു. അതിനാലാണ് അവിടം  സ്വർഗ്ഗമാണ് എന്ന് ഞാൻ പറഞ്ഞത്. രാവിലെ നടന്നു വരുമ്പോൾ കൈ നിറയെ മാങ്ങയോ ചക്കയോ കപ്പയോ തേങ്ങയോ ചില ദിവസങ്ങളിൽ ഇവ എല്ലാം ഒരുമിച്ച് ഉണ്ടാകും. ഇതുമാത്രമല്ല ചിലപ്പോൾ ഇതുകൂടാതെ ജാതിക്കയോ പേരയ്ക്കയോ കൂടെ ഉണ്ടാകും. കുറച്ചു കഴിയുമ്പോൾ “കൂട്ടുമണികൾ” വരും. ഞങ്ങൾ വിളിക്കുന്ന പേരാണ് കൂട്ടുമണി. അവിടങ്ങളിൽ അതിനെ വിളിക്കുന്നത് ചാണകക്കിളി എന്നാണ്. പിന്നെ പ്രധാന ആളെ പരിചയപ്പെടുത്താൻ വിട്ടുപ്പോയി. അത് ഞങ്ങടെ “അപ്പുണ്ണിയാണ്.” അപ്പുണ്ണി എന്നാൽ ഞങ്ങളുടെ വീട്ടിലെ ഒരംഗമാണ്. എന്നാൽ മനുഷ്യനല്ല. ഒരു മയിൽ ആണ്‌. എവിടെ നിന്നാണ് വന്നതെന്നറിയില്ല . പക്ഷെ വന്നതിനു ശേഷം അവിടം വിട്ടു പോയിട്ടില്ല. രാവിലെയോ വൈകീട്ടോ എപ്പോഴെങ്കിലും ഭക്ഷണത്തിനായി വരും. ഒരു അത്ഭുതമെന്നു പറയുന്നത് അവന് പ്രിയമുള്ള ഭക്ഷണം  ‘മസാല കപ്പലണ്ടി’ ആണ്. കൂടാതെ അരിയും ബ്രെഡും ഒക്കെ കഴിക്കും. വൈകീട്ട് പറമ്പിലുള്ള തെങ്ങിലാണ് അവന്റെ താമസം. അങ്ങനെ കൂട്ടുമണികളും അപ്പുണ്ണിയും പിന്നെ വീട്ടിലെ വ്യത്യസ്തങ്ങളായ ഭക്ഷണവിഭവങ്ങളും കൊണ്ട് മോശം കാലം ഞങ്ങൾ ആസ്വാദ്യകരമാക്കി എടുത്തു. 

അതുകൊണ്ട് ഇപ്പോഴത്തെ കാലവും മാറിമറിയും പക്ഷെ കഴിഞ്ഞുപോയ നിമിഷങ്ങൾ നമുക്ക് ഒരിക്കലും തിരിച്ചു കിട്ടില്ല. ഒരു മലയാള സിനിമ ഗാനത്തിൽ പറഞ്ഞ പോലെ “കാണുന്ന സ്വപ്‌നങ്ങൾ എല്ലാം ഫലിച്ചാൽ കാലത്തിൻ കല്പനക്കെന്തു മൂല്യം.” …….കത്തിയെരിയുമീ ഗ്രീഷ്മത്തിനക്കരെ 
പൂക്കാലമുണ്ടായിരിക്കാം.” ഓരോ നിമിഷവും അവനാൽ കഴിയുന്ന രീതിയിൽ അവനവന്റെ ചുറ്റുപാടിനെ സ്വർഗ്ഗീയമാക്കി മുന്നോട്ടു പോകണം എന്ന് അഭ്യർത്ഥിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. നമുക്ക്  മോശം സമയത്ത് ചിന്തകളെയും പ്രവൃത്തികളെയും നല്ലതാക്കി നിർത്തുന്നതിന് കഴിഞ്ഞാൽ നമ്മൾ ജീവിതത്തിൽ വിജയം കൈവരിക്കും എന്ന വിശ്വാസം വരണം. എല്ലാവർക്കും ശുഭപ്രതീക്ഷ നേർന്നുകൊള്ളുന്നു.…..

മണ്ണാർക്കാടൻ നാളുകളിലേക്ക് ഒരു തിരനോട്ടം  :-  

















































അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.