2021, ഓഗസ്റ്റ് 15, ഞായറാഴ്‌ച

വായനദിനത്തിൽ നിന്ന് വായനവർഷത്തിലേക്ക് ........

എല്ലാവർക്കും നമസ്കാരം !!

എല്ലാ വർഷവും ജൂൺ 19 ഇന്ത്യയിൽ വായനദിനമായി ആചരിക്കുന്നു. ഗ്രന്ഥശാലകളുടെ പിതാവ്  എന്നറിയപ്പെടുന്ന പി എൻ പണിക്കരുടെ ചരമദിനമാണ്(19 ജൂൺ 1995) നമ്മൾ വായനാദിനമായി ആചരിച്ചു വരുന്നത്. വായന എന്നതിന്റെ സുഖം നമ്മൾ സ്വയം അനുഭവിച്ചറിയണം. അല്ലാതെ ഒരാൾക്കു പറഞ്ഞു മനസ്സിലാക്കാനോ നിർബന്ധപൂർവം ചെയ്യിക്കാനോ സാധിക്കില്ല. നമ്മളിൽ ഭൂരിഭാഗം പേരും കുട്ടിക്കാലത്തെ കഥകൾ കേട്ട് വളർന്നവരാണ്. അമ്മൂമ്മയോ, അപ്പൂപ്പനോ,അച്ഛനോ,അമ്മയോ ആരെങ്കിലുമൊക്കെ നമ്മളെ കഥകൾ പറഞ്ഞു രസിപ്പിച്ചിട്ടുള്ളവരായിരിക്കും. ചിലപ്പോൾ ചിരിപ്പിക്കുന്നവയാവാം,ചിലപ്പോൾ ചിന്തിപ്പിക്കുന്നവ, മറ്റു ചില അവസരങ്ങളിൽ അനുഭവകഥകളും, പുരാണങ്ങളും വരെ അവരുടെ കഥാവിവരണങ്ങളിൽ ഉൾപ്പെടാറുണ്ട്. ഈ കഥകളും കാവ്യങ്ങളും ഒരു തലമുറയോടെ അവസാനിക്കാനുള്ളതല്ല. അതു തലമുറകളോളം നീണ്ടു നിൽക്കണം. അതിനു വേണ്ടി അവർ ആ കഥകളും വിവരങ്ങളും ശേഖരിക്കാൻ വായിച്ചപോലെ നമുക്കും വായിക്കുകയും അതുവഴി അറിവ്  ശേഖരിക്കുകയും പകർന്നു കൊടുക്കുകയും ചെയ്യാം. അതിനാൽ വായന താല്പര്യമുള്ള എല്ലാവരും അതല്ലെങ്കിൽ ഇനി വായന തുടങ്ങാൻ അത് വഴി അതിന്റെ സുഖം അറിയാൻ താല്പര്യമുള്ളവരും എത്രയും വേഗം അതിലേക്ക് പ്രവേശിക്കണം. അത് ചെറുതാവട്ടെ വലുതാവട്ടെ , ഏതായാലും അവരവർക്ക് ഇഷ്ടമുള്ളത് തുടങ്ങുക എന്നതാണ് ഞാൻ അഭിപ്രായപ്പെടുന്നത്. എന്റെ വായന ആരംഭിക്കുന്നത് അച്ഛന്റെ നിർബന്ധത്താലാണ്. ആദ്യം പത്രം, അതിൽ പ്രധാനമായി ആദ്യത്തെ പേജും എഡിറ്റോറിയൽ പേജും വായിപ്പിക്കും. പിന്നെ പതുക്കെ മുഴുവനായി തുടങ്ങി. എങ്കിലും സ്പോർട്സ് പേജിനോടായി  താല്പര്യം. പതുക്കെ പരീക്ഷക്ക് വേണ്ടി ബാക്കി പേജുകളും വായിച്ചു തുടങ്ങി. അതിലെ  വിവരങ്ങൾ  എഴുതിവക്കാനും തുടങ്ങിയിരുന്നു. അതിനുശേഷം പുസ്തകവായന തുടങ്ങാൻ പറഞ്ഞു. മടി ആയിരുന്നെങ്കിലും  ഓരോരോ ഓഫർ വച്ച് തന്നു കൊതിപ്പിച്ചു. ഓരോ പുസ്തകം വായിച്ചു കഴിയുന്ന ദിവസം ഒന്നിലോ പുറത്തു പോയി ഭക്ഷണം  കഴിക്കും, അല്ലെങ്കിൽ എന്തെങ്കിലും സ്പെഷ്യൽ  വാങ്ങി വരും. ഭക്ഷണപ്രിയനായ എനിക്ക് ഇതിലപ്പുറം എന്ത് വേണം. അത് മനസിലാക്കിയാവും അച്ഛൻ അങ്ങനെ ഒരു ഓഫർ വച്ചത്. അങ്ങനെ പതുക്കെ  അതില്ലാതെ തന്നെ വായന തുടർന്നു. അതിൽ ഗാന്ധിജിയുടെ ജീവചരിത്രവും, എം ടി യുടെ വാനപ്രസ്ഥവും,രണ്ടാമൂഴവും, എസ് കെ പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥയും , ബഷീറിന്റെ പാത്തുമ്മയുടെ ആടും , അരുന്ധതി റോയുടെ ഗോഡ് ഓഫ്  സ്മാൾ തിങ്ങ്സും എല്ലാമുൾപ്പെട്ടു. പക്ഷെ എവിടെയോ വച്ച് ആ വായന നിന്നുപോയി. പക്ഷെ കഴിഞ്ഞ വർഷം  വന്ന ലോക്കഡൗണിൽ വീണ്ടും വായിക്കാൻ  ആഗ്രഹിച്ചെങ്കിലും നടന്നില്ല.

 എന്നാൽ ഇപ്പോൾ ഞാൻ ഒരു കാര്യം ചെയ്യാൻ ആഗ്രഹിക്കുന്നു. ഞാൻ വായിച്ചിട്ടുള്ള അല്ലെങ്കിൽ വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങൾ പറയാം. അതുപോലെ നിങ്ങളും നിങ്ങളുടെ വായനാനുഭവം പങ്കു വയ്ക്കണേ എന്നൊരഭ്യർത്ഥന കൂടി ഉണ്ട്. പുതിയ പുസ്തകങ്ങൾ വാങ്ങിക്കാനും പുസ്തകങ്ങളെക്കുറിച്ചുള്ള ഒരു ആമുഖമായ പരിചയപ്പെടലിനും അത് വളരെ ഉപകരിക്കും. ഏതു ഭാഷ, ഏതു വിഷയം എന്നൊന്നും പ്രസക്തമല്ല. ഓരോരുത്തരും പങ്കു വെക്കുമ്പോൾ ഒരു ഭാഷ , അല്ലെങ്കിൽ ഒരു വിഷയം ഇഷ്ടമല്ലാത്തവർക്കും അല്ലെങ്കിൽ അതിനെ മുൻപ് പരിചയപെടാത്തവർക്കും, അറിയുന്നതിലൂടെ ചിലപ്പോൾ ഇഷ്ടപ്പെട്ടു തുടങ്ങാൻ സാധിക്കും. എനിക്ക് പ്രിയപ്പെട്ട വിഷയങ്ങൾ നോവലുകളും ചരിത്രവും ആത്മകഥകളും ആണ്. 


അതുപോലെ നിങ്ങൾ വായിച്ച പുസ്തകാഭിപ്രായം എഴുതിയ  ബ്ളോഗിന്റെയോ വെബ്സൈറ്റിന്റെയോ ലിങ്ക് കമന്റ് ബോക്സിൽ കൊടുക്കണം എന്നഭ്യർത്ഥിക്കുന്നു.











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.