2022, ജനുവരി 9, ഞായറാഴ്‌ച

നിശബ്ദ സഞ്ചാരങ്ങൾ !


 ബെന്യാമിൻ അഭിനന്ദനങ്ങൾ !!  വളരെ മനോഹരമായ ഒരു നോവൽ ആണ്. പ്രവാസികളുടെ ജീവിതം തുറന്നു കാട്ടിയ ‘ആടുജീവിതം’ എന്ന നോവലിന് ശേഷം  പ്രവാസികളായ എന്നാൽ പലരും ശ്രദ്ധിക്കാതെ നിശബ്ദമായി സഞ്ചരിക്കുകയും കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്ന നിസ്വാർത്ഥ സേവനക്കാർ , അതാണ് ഭൂമിയിലെ എന്നറിയപ്പെടുന്ന നേഴ്സ് മാരുടെ ജീവിതം. അവർ വേണ്ടത്ര  ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് പച്ചയായ സത്യമാണ്. അവരുടെ സേവനവും മഹത്വവും അതുപോലെയുള്ള വിളിച്ചറിയിക്കപ്പെടാത്ത ഒന്നാണ്. നാം എന്നിലേക്ക് ചുരുങ്ങുന്ന ഈ പുതിയ കാലത്ത് സ്വന്തം കാര്യത്തിന് മറ്റുള്ളവരുടേതിന് ശേഷം പ്രാധാന്യം കൊടുക്കുന്നവരാണ് ഈ മാലാഖമാർ. 

എന്റെ പേരുള്ള ‘മനു’എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ഇതിൽ പ്രതിപാദ്യം. സ്വന്തം അമ്മ നേഴ്സ് ആയിട്ടുപോലും അതിന്റെ മാഹാത്മ്യം അറിയാൻ അവന് ഒരു അസുഖം മൂലമുള്ള ആശുപത്രിവാസം വേണ്ടിവന്നു. അവിടെ അവനവന് തന്നെ ബുദ്ധിമുട്ടു തോന്നുന്ന കാര്യങ്ങൾ അതിൽ ഒരു ബുദ്ധിമുട്ടും തോന്നിക്കാതെ വേണ്ട തരത്തിൽ ചെയ്തു പരിചരിക്കുന്നവരെ  കണ്ടപ്പോൾ അവന് ആ ജോലിയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞു. അതിനു ശേഷം ആ ജോലി തിരഞ്ഞെടുത്ത തന്റെ കുടുംബത്തിലെ പൂർവികയായ ‘മറിയാമ്മ’ എന്ന ആളുടെ ജീവിതം മനസ്സിലാക്കാൻ അവൻ നടത്തുന്ന പരിശ്രമങ്ങൾ നല്ല സംഭവബഹുലമായ കാര്യങ്ങളോട് കൂടി ഇതിൽ വിശദീകരിക്കുന്നു. അവരുടെ ജീവിതത്തിലൂടെ കടന്നുപോയ ആൾക്കാരെ കാണുന്നതിനും കാര്യങ്ങൾ മനസ്സിലാക്കാനും അവൻ നിതാന്ത പരിശ്രമം നടത്തി. അതിന് വേണ്ടി പഴയ രേഖകളും മറ്റും ശേഖരിക്കാനും പഴയ ആൾക്കാരെ കാണുന്നതിനും അവൻ മറ്റെന്തിനേക്കാൾ പ്രാധാന്യം കൊടുത്തു. അതിൽ തുണയായി അവന്റെ കാമുകി ജാനകിയും നിന്നതോടെ രണ്ടു പേരും മറിയാമ്മയുടെ ജീവിതം പൂർണ്ണമായി മനസ്സിലാക്കാനുള്ള ഉദ്യമത്തിലേർപ്പെട്ടു.മറിയാമ്മ രണ്ടാം ലോകമഹായുദ്ധ സമയത്ത് സിംഗപ്പൂരെത്തുകയും അതിന്റെ ഫലമായി  അനുഭവിച്ച യാതനകളും പിന്നീടുള്ള ആഫ്രിക്കൻ യാത്രയും അവിടെ ആരാലും അറിയപ്പെടാതെയുള്ള മരണവും എല്ലാം തേടിയലയുന്ന മനുവിനെ ആണ് ഇതിൽ ചിത്രീകരിച്ചിട്ടുള്ളത്. അവസാനം കുറെ അന്വേഷണങ്ങൾക്കും യാത്രകൾക്കും ശേഷം കുറെ നല്ല മനുഷ്യരുടെ സഹായത്തോടെ ഈ കൊറോണ സമയത്തു അവൻ അവരെ അടക്കം ചെയ്ത സ്ഥലം കണ്ടുപിടിക്കുകയും , ആ സന്തോഷ സമയത്തു തന്നെ, അവനെ ആദ്യം ആശുപത്രിയിൽ പരിചരിച്ച ഈ ജീവിത അന്വേഷണങ്ങൾക്കു അവന് പ്രേരണയായ  ‘മരിയ’ എന്ന നേഴ്സിന്റെ അന്ത്യവും ഒരേ സമയത്തായതും, അതും അവന്റെ തൊട്ടരികിൽ ആഫ്രിക്കയിൽ തന്നെ ആയതും മനസ്സിനെ വല്ലാതെ സ്പർശിക്കുന്നു. നല്ല ഒരു അനുഭൂതി, വായന അവസാനിച്ചപ്പോൾ ! എന്തായാലും ഹൃദയസ്പർശിയായ ഈ കൃതി എല്ലാവർക്കും നല്ല അനുഭവം തരുമെന്ന് ഞാൻ വിശ്വസിക്കുന്നു.…

നമ്മൾ ഈ കാലത്തു വില കുറച്ചു കാണുന്ന നേഴ്‌സുമാരുടെ ജീവിതവും അതോടൊപ്പം ഒരാൾ ഒരു കാര്യത്തിന് മുന്നിട്ടിറങ്ങിയാൽ ഏതു പ്രതികൂല സാഹചര്യവും അനുകൂലമാവുകയും അതിന്റെ തീവ്രപരിശ്രമം അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്താൻ സഹായിക്കുകയും ചെയ്യുമെന്ന് വ്യക്തമായി വിവരിക്കുന്നു….














2022, ജനുവരി 7, വെള്ളിയാഴ്‌ച

1857-ലെ ഒരു കഥ - കുട്ടികൾ ചരിത്രമെഴുതുമ്പോൾ

 


ഞാൻ വായിച്ചു തീർന്ന അടുത്ത പുസ്തകം “1857 -ലെ ഒരു കഥ” എന്ന നന്ദിനി നായർ രചിച്ച ഒരു ചരിത്രബാന്ധവമുള്ള ഒരു ചെറുകഥാകൃതി ആണ്. നല്ല ഒരു പഴയ കല സ്മരണ ഉണർത്തുന്ന അതുപോലെ ബാല്യകാലത്തെ ഓർമകളെ തൊട്ടുണർത്തുന്ന ഒരു കൃതി. കുട്ടികളിലെ നിഷ്കളങ്കതയും അതുപോലെ അവരിലെ വികാരവും തുറന്നു കാണിക്കുന്ന ഒരു കഥ. സോൺപൂർ എന്ന ഗ്രാമത്തിലെ കഥയായി ഇതിനെ ചിത്രീകരിച്ചിരിക്കുന്നു. അവിടത്തെ 1850 കാലത്തെ ഒരു ജീവിതകഥ, നന്ദിനിയുടെ ഭാവനയിൽ വാർത്തെടുത്തു . വളരെ നന്നായി തന്നെ അതിനോട് നീതി പുലർത്തി എന്നാണ് എന്റെ അഭിപ്രായം. ബ്രിട്ടീഷ് ഭരണവും അതിനോട് താല്പര്യമില്ലാതെ ഉള്ളിലൊതുക്കി അവരുടെ കീഴിൽ ജോലി ചെയ്യപ്പെടുമ്പോഴുണ്ടാകാവുന്ന പ്രയാസങ്ങളും എല്ലാം നന്നായി പറഞ്ഞിട്ടുണ്ട്. ഹരി എന്ന ഒരു കുട്ടിയും അവന്റെ അനുജത്തിയായ താരയും അതുപോലെ ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഉദ്യോഗസ്ഥന്റെ  വീട്ടിൽ പുറത്തറിയിക്കാതെ താമസിക്കുന്ന സ്വന്തം മകൻ ഹാരിയും ചേർന്നുള്ള നല്ല സൗഹൃദം വിളിച്ചോതുന്നുണ്ട്. പഴമക്കാർ പറയുന്ന പോലെ ‘പിള്ളമനസ്സിൽ കള്ളമില്ല ‘എന്നത് അക്ഷരം പ്രതി ശരിയാണ് എന്നതും ഇതിൽ വ്യക്തമായി കാണിച്ചിരിക്കുന്നു. ഉദ്യോഗ്സഥനാണെങ്കിൽ തന്റെ മകനെ വിദേശത്ത് (ഇംഗ്ലണ്ട്) പഠിപ്പിക്കാനും എന്നാൽ അവന്റെ മനസ്സിൽ ഇഷ്ടം ഹിന്ദുസ്ഥാൻ ജീവിതവും. അതോടനുബന്ധിച്ചു അവൻ അവിടെ നിന്ന് ചാടി കപ്പൽ കയറി ഒളിച്ചു ഇന്ത്യയിൽ വന്നതും അതിന്റെ നാണക്കേടൊഴിവാക്കാൻ സ്വന്തം മകനെ പൂട്ടിയിട്ട മുറിയിൽ താമസിപ്പിച്ചതുമെല്ലാം ഇതിൽ വിവരിച്ചിട്ടുണ്ട്. അതിൽ നിന്നും ഇടക്ക് മനഃസുഖത്തിനായി നാട് കാണാൻ അവൻ ഹരിയെ കൂട്ടുപിടിക്കുന്നത് സൗഹൃദങ്ങൾക്ക് അതിർവരമ്പില്ല എന്ന് ആണയിടുന്നു. താര ആണെങ്കിൽ ഏതൊരു വീട്ടിലും കണ്ടേക്കാവുന്ന ഒരു കൊച്ചനുജത്തിയായി നമുക്ക് അനുഭവപ്പെടും. എല്ലാം അറിയാനുള്ള ജിജ്ഞാസയും അതുപോലെ മറയില്ലാതെ എല്ലാം വെട്ടിത്തുറന്നു ചോദിക്കുകയും പറയുകയും ചെയ്യുന്ന തുറന്ന മനസ്സുള്ള പെൺകുട്ടി കഥാപാത്രം. ഈ സൗഹൃദവും ആ കാലത്ത് നടന്ന ശിപായിലഹളയും കൂടിചേർന്നുള്ള ഒരു കഥാസമാഹാരം.


എന്തായാലും ചരിത്രസംഭവത്തോട് ചേർത്തു നിർത്തി ഇങ്ങനെ ഒരു ഭാവന കഥാരൂപത്തിൽ അവതരിപ്പിച്ച നന്ദിനി നായർക്ക് എല്ലാ ആശംസകളും അതോടൊപ്പം ഇനിയും ഇതുപോലുള്ള ഭാവനസൃഷ്ടികൾ പ്രതീക്ഷിക്കുന്നു...









2022, ജനുവരി 5, ബുധനാഴ്‌ച

എന്റെ സത്യാന്വേഷണപരീക്ഷണ കഥ !

 


ഞാൻ നേരത്തെ പറഞ്ഞ പോലെ (എന്റെ വായനവർഷം)ഈ പുതുവർഷത്തിൽ എന്റെ വായന തുടങ്ങിയത് നമ്മുടെ രാഷ്ട്രപിതാവിന്റെ ആത്മകഥ അല്ലെങ്കിൽ എന്റെ സത്യാന്വേഷണ പരീക്ഷണ കഥ എന്ന പുസ്തകത്തിലൂടെയാണ്. ഇതിന്റെ വിവരണം ചെയ്യുന്നത് ചിലപ്പോൾ അനൗചിത്യമാകും. അല്ലെങ്കിൽ ഇത്ര വൈകിയ വേളയിൽ ഇടുന്നതിന്റെ യുക്തിയും ചോദ്യം ചെയ്യപ്പെട്ടേക്കാം, ഞാൻ ഇതുകൊണ്ടു ഉദ്ദേശിക്കുന്നത് ഇനിയും വായിച്ചിട്ടില്ലാത്ത ആൾക്കാരെയും വളർന്നു വരുന്ന വിദ്യാർത്ഥി സമൂഹത്തെയും ഇത് വായിക്കുമ്പോൾ എനിക്കുണ്ടാവുന്ന സുഖവും ഇഷ്ടവും പങ്കുവയ്ക്കാനും ആണ്. എല്ലാ ഇന്ത്യക്കാരും തീർച്ചയായും, ഇംഗ്ലീഷ് പതിപ്പും ലഭ്യമായതിനാൽ  ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. മിക്കവാറും കുട്ടിക്കാലത്തു തന്നെ പൊതുവെ ആൾക്കാർ വായിച്ചിട്ടുണ്ടാകും. ഇത് ഞാൻ വായിക്കുന്നത് ആദ്യമായല്ല. പക്ഷെ പുതുവർഷങ്ങളിൽ ഞാൻ പൊതുവെ ഇത് വായിക്കാറുണ്ട്. നല്ല ഒരു ആത്മവിശ്വാസവും ഒരു ആത്മീയ ചിന്തയും പ്രദാനം ചെയ്യൂന്ന പുസ്‌തമാണ്‌. ആബാലവൃദ്ധം ജനങ്ങൾക്ക് വളരെ സുഖമായി വായിച്ചുമനസ്സിലാകുന്ന തരത്തിൽ വളരെ ലളിത ഭാഷയിലാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. ഇന്ത്യയുടെ മഹാത്മാവായ ഗാന്ധിജി തന്റെ സത്യവും അഹിംസയും ഒരിടത്തും അടിയറ വയ്ക്കാതെ മുറുകെ പിടിച്ചു നടന്നതിന്റെ അനുഭവങ്ങൾ ചേർത്തിണക്കിയ ഒരു സംഭവബഹുലമായ ഒന്ന്. ആത്മകഥകൾ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ ചരിത്രാന്വേഷികൾക്ക് കൂടുതൽ അറിവ് പകർന്ന് കൊടുക്കുന്ന ഒരു മനോഹരപുസ്തകം. വളർന്നു വരുന്ന വിദ്യാർത്ഥികൾ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ്. അദ്ദേഹത്തിന്റെ ബാല്യത്തിൽ തുടങ്ങി , ഇംഗ്ളണ്ടിലെ ബാരിസ്റ്റർ പഠനത്തിലൂടെയും,  ദക്ഷിണാഫ്രിക്കയിലെ സമരങ്ങളിലൂടെയും, തിരിച്ചു വന്നതിന് ശേഷം ഇന്ത്യയിലെ പല സമരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും  ഈ മഹദ്ഗ്രന്ഥം കടന്നുപോകുന്നു. ഒരു പരിശീലിച്ച എഴുത്തുകാരന്റെ ശൈലി ഇല്ലെങ്കിലും അനുഭവങ്ങൾ അതിന്റെ വ്യക്തതയോടുകൂടി വിളിച്ചോതുന്നു. നേരത്തെ പറഞ്ഞപോലെ ലളിത ഭാഷ ഉപയോഗിക്കുന്നതുകൊണ്ട് സാധാരണക്കാരന് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. അദ്ദേഹത്തിന്റെ ജീവിതം തന്നെ ലളിതമായിരുന്നു എന്ന് എല്ലവർക്കും അറിവുള്ളതാണല്ലോ. എപ്പോഴും ജനങ്ങളുടെ ഇടയിൽ ജീവിക്കാൻ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഏതൊരു നിസ്സാരകാര്യത്തിനു പോലും സത്യത്തെ ബലി കഴിക്കില്ല അല്ലെങ്കിൽ തനിക്കനുകൂലമായ രീതിയിൽ വളച്ചൊടിക്കില്ല എന്ന് ശപഥം ചെയ്യുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നു. ഒരു തരത്തിൽ അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു തുറന്ന പുസ്തകമാണല്ലോ. എന്നാൽ ‘മഹാത്മാ’ എന്ന് വിളിക്കുന്നതിൽ അദ്ദേഹത്തിന് തന്നെ എതിർപ്പുണ്ട് എന്നത് വ്യക്തം. അദ്ദേഹത്തോന്റെ ഈ പുസ്തകത്തിൽ നിന്ന് വ്യക്തമാകുന്നത് തന്നെ, ഒരു സാധാരണ മനുഷ്യൻ , എല്ലാ വിഷയാസക്തികളും മറ്റു ദോഷങ്ങളും ഉള്ള മനുഷ്യനെങ്കിലും അതിനെ മനസ്സിലാക്കാനും തുറന്നു പറയാനും അതിൽ നിന്ന് മോചനം നേടാനുമുള്ള അദ്ദേഹത്തിന്റ ശ്രമങ്ങളും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. പ്രതിജ്ഞ എന്നതിനുള്ള പ്രസക്തിയും അത് മുറുകെ പിടിക്കേണ്ടത്തിന്റെ ആവശ്യകതയും അതുപോലെ അദ്ദേഹം വിവരിക്കുന്ന ഈശ്വരപ്രാർത്ഥനയുടെ പ്രസക്തിയും എല്ലാ മതവിശ്വാസങ്ങളോടുമുള്ള ബഹുമാനവും സാമീപ്യവും എല്ലാം അത്ഭുതാവഹവും അഭിനന്ദനാർഹവുമാണ്. ഈ കോവിഡ് കാലത്തോട് താരതമ്യം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ആ കാലത്തു വന്ന പ്ളേഗ് എന്ന മഹാമാരിയെ കുറിച്ചു ഇതിൽ വിവരിക്കുന്നുണ്ട്. അത് വന്നപ്പോൾ ചെയ്ത കാര്യങ്ങളും പടരാതിരിക്കാൻ എടുത്ത മുൻകരുതലുകളും ശുചിത്വത്തിന്റെ പ്രാധാന്യവുമെല്ലാം അദ്ദേഹത്തെ മാതൃകയാക്കണം എന്ന ഒരു ചിന്ത ഉണർത്തും. അദ്ദേഹം ഇതിൽ പറയുന്ന ഒരു പ്രധാന കാര്യം ഒരു വിഷയത്തെ ഒരാൾ പറയുന്നത് അല്ലെങ്കിൽ നോക്കിക്കാണുന്നത് അത് അദ്ദേഹം എത്ര വലിയവനാണെങ്കിലും എല്ലാം കണ്ണടച്ച് വിശ്വസിക്കുന്നതിനേക്കാൾ അതിനെ മനസ്സിലാക്കി നമുക്ക് വേണ്ടത് എടുക്കുകയും വേണ്ടാത്തതിനെ വിമർശനത്തിന് പാത്രമാക്കുകയും വേണം. അദ്ദേഹത്തെ അതേപടി  മാതൃകയാക്കണമെന്ന് അദ്ദേഹം തന്നെ പറയുന്നില്ല. പക്ഷെ അദ്ദേഹം ചെയ്ത കാര്യങ്ങളും അതിന്റെ തുടർഫലങ്ങളും വിവരിക്കുക വഴി അതിനെ നമ്മുടെ ജീവിതത്തിൽ പകർത്താവുന്ന ഒട്ടനവധി കാര്യങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. നാം നമ്മളിലേക്ക് ചുരുങ്ങുന്ന ഈ കാലത്ത് സമൂഹനന്മ എന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അദ്ദേഹം വളരെ ഉത്തമ ഒരു മാതൃകയാണ്. വായിച്ചവർക്ക് വീണ്ടും വായിച്ചാലും മടുപ്പ് തോന്നാത്ത , വായിക്കാനുള്ളവർ എത്രയും വേഗം വായിക്കേണ്ട ഒരു പുസ്‌തമാണ് ഇത് എന്നാണ് എന്റെ വിനീതമായ അഭ്യർത്ഥന. 

ഗാന്ധിജി ഗുജറാത്തി ഭാഷയിൽ രചിച്ച ഈ ഗ്രന്ഥം ഇംഗ്ലീഷ് പരിഭാഷ നടത്തിയ മഹാദേവ ദേശായിയോടും   മലയാളത്തിൽ പകർത്തിയ ഡോ.ജോർജ് ഇരുമ്പയത്തോടുമുള്ള പ്രത്യേക നന്ദിയും സ്നേഹവും ഈ അവസരത്തിൽ പറയുന്നു…









പുതുവർഷം 2022 - പുതിയ പ്രതിജ്ഞയും തീരുമാനങ്ങളും

അങ്ങനെ 2021 അവസാനിച്ചു. 2022 പിറക്കുന്നു. എല്ലാ വർഷവും അവസാനിക്കാറാകുമ്പോൾ ഒരു ചെറിയ വിഷമവും എന്നാൽ പുതുവർഷം അതിലും ഗംഭീരമാകാനുള്ള പ്രതീക്ഷയും ആകാംക്ഷയുമൊക്കെ ഉണ്ടാകും. കഴിഞ്ഞ വർഷത്തെ നല്ല ഓർമ്മകൾ , സംഭവങ്ങൾ എല്ലാം അതുപോലെയോ അതിനേക്കാൾ മികച്ചതോ ആയി മാറാൻ ആഗ്രഹിക്കും. എന്നാൽ മോശം  കാര്യങ്ങൾ വീണ്ടും ഉണ്ടാകരുതേ എന്നുള്ള പ്രാർത്ഥനയും. അതിനാൽ പൊതുവെ ആളുകൾ വർഷാവസാനം ചില പ്രതിജ്ഞകൾ എടുക്കാറുണ്ട്. അതായത് അവനവൻ എങ്ങനെ കഴിഞ്ഞ വർഷത്തേക്കാൾ നല്ലതായി മാറുമെന്നാണ് പ്രതിജ്ഞ. ഒന്നാലോചിച്ചാൽ മിക്കവരിലും അത് കഴിഞ്ഞ വർഷത്തിൽ എടുത്ത അതെ പ്രതിജ്ഞകൾ തന്നെ ആയിരിക്കും. തുടക്കത്തിൽ നന്നായി അതിനുവേണ്ടി പ്രവർത്തിക്കുകയും അനുവർത്തിക്കുകയും  കുറച്ചു നാൾ കഴിഞ്ഞപ്പോൾ അത് കഴിയാതെ വന്നതായിരിക്കാം. (എല്ലാവരെയും കുറിച്ചല്ല പറയുന്നത്). ചിലർ, ഞാൻ അറിഞ്ഞവരിൽ വളരെ ചുരുക്കംപേർ അത് അനുവർത്തിക്കാൻ കഴിയുന്നവരുണ്ടാകാം. എന്നാൽ ഭൂരിഭാഗം പേരും (ഞാനുൾപ്പടെ) അത് മുഴുവനായും പിന്തുടരാൻ കഴിയാതെ ഇടയ്ക്കു നിർത്തിപ്പോകും. അത് ചിലപ്പോൾ സാഹചര്യങ്ങൾ കൊണ്ടാകാം. അല്ലെങ്കിൽ മറ്റുപല കാര്യങ്ങൾ കൊണ്ടുമാകാം. അതുകൊണ്ടു ഞാൻ ആഗ്രഹിക്കുന്ന കാര്യം,  എന്ത് ചെയ്യാനാണോ ആഗ്രഹിക്കുന്നത് അത് നാളേക്ക് മാറ്റി വയ്ക്കാതെ അപ്പോൾ (ഉടനെ അടുത്തുതന്നെ കഴിയുന്ന സമയത്ത്) തന്നെ ചെയ്യുക. അത് ചിലപ്പോൾ പുതുവർഷത്തിൽ തന്നെ ആകാം. അല്ലെങ്കിൽ പുതുവർഷത്തിന് തൊട്ടു മുൻപോ പിൻപോ ആകാം. ഏതു ദിവസം എന്നില്ല , ഏത് കാര്യവും നീട്ടിവച്ചാൽ നടക്കാൻ കുറച്ചു മടിയോ ബുദ്ധിമുട്ടുകൊണ്ടോ അത് നടക്കാൻ സാധ്യത കുറവാണ്. കുട്ടികാലത്ത്  പഠിച്ച പോലെ "നാളെ നാളെ എന്നത് നീളെ നീളെ ആണ്". അതുപോലെ അതിന് ദീർഘായുസ്സും കുറവാണ്. അതുകൊണ്ട് ഞാൻ ആഗ്രഹിക്കുന്നത് കഴിഞ്ഞ നല്ല ഓർമകളെ കൂടെക്കൂട്ടാനും മോശത്തിൽ നിന്ന് പാഠമുൾക്കൊണ്ട് അതിൽ മാറ്റേണ്ടത് തിരിച്ചറിഞ്ഞ അന്ന് തന്നെ മാറ്റാനുമാണ്. 2021 എനിക്ക് എങ്ങനെയൊക്കെ ഓർമ്മകളിൽ തങ്ങി നിൽക്കുന്നു എന്ന് ഒരു ലഘുവിവരണം പോലെ രേഖപ്പെടുത്താനാണ്  ശ്രമിക്കുന്നത്. (നീണ്ടുപോയാൽ ക്ഷമിക്കണം എന്നഭ്യർത്ഥിക്കുന്നു)


കഴിഞ്ഞ വർഷം ആരംഭം തന്നെ സഹോദരന്റെ വിവാഹത്തോടെയാണ്. അച്ഛന്റെയും അമ്മയുടെയും മരണത്തിനു ശേഷം ഞങ്ങളുടെ ഒരു പ്രധാന ഉത്തരവാദിത്തങ്ങളിൽ ഒന്ന് ! അതിമനോഹരമായി തന്നെ നടന്നു. കോവിഡ് ഭീഷണി അകലാത്തതുകൊണ്ട് വളരെ ചുരുക്കിയും എന്നാൽ മനോഹരവുമായി  നടത്താൻ സാധിച്ചു. അങ്ങനെ വീട്ടിൽ ഒരാൾ കൂടി അംഗമായി. ഐശ്വര്യ LICയിൽ ജോലി ചെയ്യുന്നു. തൃശ്ശൂർ തന്നെയാണ് സ്വദേശം. അതിന് ശേഷം ഞങ്ങൾ തിരികെ തൃപ്പൂണിത്തുറയിൽ എത്തി. ഒരു സമാധാനം എന്നത് ഇടക്കിടെ സഹോദരൻ ഒറ്റക്കാണെന്നുള്ള ചിന്ത അകന്നു. അതുപോലെ ആഴ്ചകളിൽ ഉള്ള യാത്രയും ഒഴിവായി. പിന്നീട് ഏപ്രിലിൽ നിയമസഭ തിരഞ്ഞെടുപ്പ് വന്നു. അതിനു തൃശൂർ പോയി രണ്ടുപേരും വോട്ടവകാശം വിനിയോഗപ്പെടുത്തി. വിഷുവിനു ഞാൻ നേരത്തെ സൂചിപ്പിച്ച കൊറോണ ഞങ്ങളെ തേടി വന്നു. 2 മാസം കൊണ്ട് തന്നെ നല്ല മാറ്റങ്ങൾ ദിനചര്യയിലും സ്വഭാവത്തിലുമെല്ലാം വന്നു. (നേരത്തെ സൂചിപ്പിച്ച പോലെ പുതുവർഷം വരെ കാത്തിരുന്നില്ല). അതുകൊണ്ട് കോവിഡ് കാലത്തെ, ഒരു നല്ല ഓർമയായി എടുക്കുന്നു. അതിനു ശേഷം ഞാൻ പുതിയ കമ്പനിയിൽ ജോലിക്കു പ്രവേശിച്ചു. നല്ല പുതിയ കുറെ പേരെ പരിചയപ്പെട്ടു. പുതിയ ലോകം ! പക്ഷെ വീട്ടിൽ നിന്ന് തന്നെ ജോലി ചെയ്താൽ മതിയായിരുന്നു. കഴിഞ്ഞ ലോക്ക് ഡൗണിൽ പരിചയിച്ചതുകൊണ്ടു അതിനു വലിയ ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നില്ല. ഇത്തവണത്തെ ഓണം മണ്ണാർക്കാട് ആഘോഷിച്ചു. ഓണത്തിന് പിറ്റേന്ന് സഹോദരനും കുടുംബവും വിരുന്നു വന്നു. പിന്നീട് ഒക്ടോബറിൽ ഞങ്ങൾ നാലുപേരും (ഞാൻ, അഞ്ജു , ദിലീപ്, ഐശ്വര്യ) അതിരപ്പിള്ളിയും അപ്രതീക്ഷിതമായി മലക്കപ്പാറയും സന്ദർശിക്കാൻ വിനോദയാത്ര പോയി. നല്ല മഴയും മഞ്ഞും കൊണ്ട് വളരെ ഉല്ലാസമായിരുന്നു കാടുയാത്ര. ദീപാവലി തൃപ്പൂണിത്തുറയിൽ തന്നെ കൂടി. ഭാര്യയുടെ വക അപ്രതീക്ഷിത thaali lunch ഉച്ചയ്ക്ക്. വൈകീട്ട് ദീപങ്ങൾ കൊണ്ട് നിറച്ച ഐശ്വര്യപൂർണ്ണമായ വീടായി. വ്യത്യസ്ത അനുഭവങ്ങളോട് കൂടിയ രണ്ടു ദിവസത്തെ ആലപ്പുഴ യാത്രയും ഉണ്ടായി. അതിനിടയിൽ വല്യച്ഛൻ മരണപ്പെട്ടു. നല്ല ചിന്തകനും ഒരു മാർഗദർശിയും ആയിരുന്നു. വൃശ്ചികമാസം ആയി.  ഒരു നാൾ ശ്രീകൃഷ്ണപുരം ഈശ്വരമംഗലം അമ്പലത്തിൽ പോയി. അത് മാത്രമല്ല , അതിനടുത്തു താമസിക്കുന്ന അഞ്ജുവിന്റെ വലിയമ്മയുടെ വീട്ടിൽ പോകുകയും അതോടനുബന്ധമായി  അവരുടെ അടുത്ത സുഹൃത്തും അയൽവാസിയുമായ പ്രസിദ്ധ  സംഗീതജ്ഞൻ നെടുമ്പള്ളി രാംമോഹനെ പരിചയപ്പെടാനും സാധിച്ചു.അച്ഛന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. അഞ്ജുവിന്റെ അമ്മയുടെ പിറന്നാൾ മണ്ണാർക്കാട് ആഘോഷിച്ചു. അതെ ദിവസം തന്നെ തൃപ്പുണിത്തുറ ഉത്സവം കോടിയേറി. ഞങ്ങൾ അമ്മയുടെ പിറന്നാളും കൂടി രാത്രിയിൽ തിരിച്ചെത്തി. പിന്നീടുള്ള 7  ദിവസം അതിമനോഹരമായ ഉത്സവദിനങ്ങളായി. ഉത്സവത്തിനോടനുബന്ധിച്ചു പരിചയപ്പെട്ട സംഗീതജ്ഞൻ രാം മോഹൻ ചേട്ടന്റെയും കോട്ടക്കൽ മധുച്ചേട്ടന്റെയും കഥകളിപദക്കച്ചേരി ഉണ്ടായിരുന്നു. പിന്നീട് പല പ്രമുഖരുടെ കച്ചേരികൾ കൊണ്ടും പല പ്രമാണിമാരുടെ മേളങ്ങൾ കൊണ്ടും നിറഞ്ഞു. ഒരു ദിവസം കച്ചേരി കഴിഞ്ഞു രണ്ടു പ്രസിദ്ധരായ വ്യക്തിത്വങ്ങളെ പരിചയപ്പെടാൻ സാധിച്ചു. മൃദംഗത്തിൽ വരും തലമുറയുടെ വാഗ്ദാനം പദ്രി സതീഷ്കുമാറും മൃദംഗത്തിൽ എന്റെ ഗുരുവും (ചില അപ്രതീക്ഷിത കാരണങ്ങളാൽ ഒരു ദിവസം ദക്ഷിണ വച്ച് തുടങ്ങാൻ മാത്രമേ സാധിച്ചുള്ളൂ.  തുടർന്നുള്ള പഠനം സാധിച്ചില്ല) തൃപ്പുണിത്തുറക്കാരൻ (താമസം) തന്നെ ആയ  ഘടം കലാകാരൻ വാഴപ്പിള്ളി കൃഷ്ണകുമാറും.ഉത്സവദിനങ്ങളിൽ വീട്ടിൽ പല അതിഥികൾ വന്നു. അതിനു ശേഷം പെട്ടെന്ന് ഒരു മുൻകൂട്ടി തീരുമാനിക്കാത്ത തിരുവനന്തപുരം യാത്രയും യാത്രാമദ്ധ്യേ  ആറന്മുള പാർത്ഥസാരഥി ക്ഷേത്ര ദർശനവും സാധിച്ചു. ക്ഷേത്രദർശനത്തിനിടയിൽ ഒരു അപ്രതീക്ഷിത സംഭവം. എന്താണെന്നു വച്ചാൽ ആറന്മുള ക്ഷേത്രത്തിനോട് ചേർന്നുള്ള പുഴ, ഓണക്കാലത്ത് ഇവിടെ നടക്കാറുള്ള വള്ളംകളി അതിപ്രസിദ്ധമാണ്. ആ പുഴ കാണുവാനും ഒരു ചിത്രം എടുക്കുവാനും മോഹം വന്നു. അവിടെ ചെന്നപ്പോൾ നമ്മളോടൊപ്പം ഒരു കുടുംബവും അവിടെയെത്തി. അവരിൽ ആ അച്ഛനും മകളും പുഴ കാണാനുള്ള തിടുക്കത്തിൽ പുഴയിലേക്കിറങ്ങാൻ പോയി. എന്നാൽ കരയോട് ചേർന്നുള്ള ഭാഗത്തു വെള്ളം വറ്റി ചെളിക്കുണ്ടാണ്. ചെളിക്കുണ്ടെന്നു വച്ചാൽ വറ്റി വരണ്ട പ്രദേശം പോലെ. എന്നാൽ പുഴ കണ്ടാൽ ആർക്കും  ഒന്ന് ഇറങ്ങാനും കാലു നനയ്ക്കാനുമൊക്കെ തോന്നും. എന്നാൽ ഇവർ അവിടെ ഇറങ്ങിയപ്പോൾ മനസ്സിലായത്, അത് വരണ്ട ഉറപ്പുള്ള മണ്ണല്ല, മറിച്ച് താഴ്ന്നുപോകുന്ന ഒരു ഉറപ്പില്ലാത്ത മണ്ണായിരുന്നു. ആ മകൾ വലിയ ഭാരമില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു ഓടി തിരിച്ചു കയറി. ആ അച്ഛനാണെങ്കിൽ അതിൽ താഴ്ന്നു പോയി. ഏകദേശം അരഭാഗം വരെ ചെളി കയറി. അദ്ദേഹം കയറാൻ ശ്രമിക്കുമ്പോൾ താഴ്ന്നു താഴ്ന്നു പോകുന്നു. അയാളുടെ  ഭാര്യ ഒറ്റയ്ക്ക് വലിച്ചു രക്ഷിക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. പിന്നെ അവിടെ അടുത്ത് നിന്നും ഒരു കയർ സംഘടിപ്പിച്ചു. എന്നിട്ട് വേറെ ഒരാളും ഞാനും കൂടി വലിച്ചു കയറ്റി. അങ്ങനെ ഒരു നിയോഗം പോലെ ആ ഒരു സദ്കർമ്മത്തിലും പങ്കു ചേരാൻ സാധിച്ചു. അതിനു ശേഷം പദ്മനാഭന്റെ നാട്ടിലേക്കുള്ള യാത്ര തുടർന്നു. അവിടെയെത്തിയപ്പോൾ തന്നെ വൈകി. അപ്പോൾ തന്നെ തിരിച്ചു അതെ ദിവസം  യാത്ര എന്നുള്ള തീരുമാനം മാറ്റി. ഉടനെ അവിടെ നിയമസഭക്കടുത്തുള്ള mascot ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നു. അവിടെയെത്തി ഒന്ന് യാത്ര ക്ഷീണം മാറ്റി . അതിനു ശേഷം കുറെ നാളുകളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിശദമായ ഊണ് കിട്ടുന്ന Mother Plaza  ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ മോഹമുണ്ടായി.  ഞങ്ങൾ അവിടെ പോയി അതിവിപുലമായ സദ്യ രുചിച്ചു. പിറ്റേന്ന് രാവിലെയും അവിടെ വരാൻ തീരുമാനിച്ചു. കാരണം വളരെ വ്യത്യസ്തമായ ദോശകൾ അവിടെ ലഭ്യമാണ്. അതും തീരുമാനിച്ചു അവിടെ നിന്ന് നേരെ തൊട്ടു തലേ ദിവസം ഉദ്‌ഘാടനം കഴിഞ്ഞ ലുലു മാളിലേക്ക് തിരിച്ചു. നല്ല ഒരു തിരക്ക് അനിഭവപ്പെട്ടു. എറണാകുളത്തു നിന്ന് പുതിയതായി വളരെ കുറച്ചു കാര്യങ്ങളെ ഉള്ളുവെങ്കിലും, ഉള്ളിൽ സ്ഥലവിസ്താരം കൂടുതലുണ്ട്. തിരികെ ഹോട്ടലിൽ എത്തി വിശ്രമിച്ചു കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രദർശനവും ആറ്റുകാൽ ദർശനവും നടത്തി. ദോശ കഴിക്കാൻ ഹോട്ടലിലേക്ക് പോയി. അവിടത്തെ രണ്ട് സ്പെഷ്യൽ ദോശകൾ കഴിച്ചു. വൈകീട്ടോടെ പൂർണത്രയീശന്റെ നാട്ടിൽ തിരിച്ചെത്തി. കേരളത്തെ സംബന്ധിച്ചു ഒരു മോശം ദിവസങ്ങളിൽ ഒന്നായിരുന്നു അന്ന്. രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ ഇവിടെ അരങ്ങേറി. അതിൽ നിന്ന് പഠിക്കേണ്ട പാഠം , നല്ല രാഷ്ട്രീയമല്ലാതെ കൊലപാതകരാഷ്ട്രീയം നാടിനാപത്താണ് എന്നതാണ്. അതുപോലെ മനുഷ്യനെ ജാതി-മത-ഭേദമന്യേ നോക്കിക്കാണാനുള്ള മനസ്സും എല്ലാവരും ഉണ്ടാക്കിയെടുക്കണം. മറ്റുള്ള പ്രയാണങ്ങളെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്‌. ക്രിസ്മസ് ദിനം ഉച്ചയ്ക്ക് എറണാകുളം Fruitbae യിലെ  Berry Up  എന്ന ഒരു വ്യത്യസ്ത സ്വാദുള്ള ആഹാരം കഴിച്ചാഘോഷിച്ചു.  ഒരു പുതിയ ഭക്ഷണ പദാർത്ഥം. ഒരു ചില്ലുഗ്ലാസ്സിനുള്ളിൽ (അടിഭാഗം തുറന്നത്) ഐസ്ക്രീം , ഉണക്കഫലങ്ങൾ എന്നിവ ചേർത്ത് ഒരുക്കിവയ്ക്കും. ഗ്ലാസ് മുകളിലേക്ക് ഉയർത്തുമ്പോൾ  ഒരുമിച്ചു പ്ലേറ്റിൽ വീഴും. ഒരു വ്യത്യസ്ത ഭക്ഷണം.നല്ല സ്വാദുമുണ്ട്. അതുപോലെ പുതുവർഷത്തിലും  പ്രത്യേകിച്ച് ഒന്നും ഇല്ലായിരുന്നു. ഉച്ചയ്ക്ക് പുറത്തുനിന്നു കഴിക്കാൻ മാത്രം വിചാരിച്ചു. ബാക്കിയെല്ലാം പതിവ് സാധാരണ ദിവസം പോലെ തന്നെ. ഏതായാലും പുതിയ ഒരു കാര്യം അല്ലെങ്കിൽ ഒരു സംഭവത്തോട് നമുക്ക് തോന്നുന്ന പ്രത്യേക ഇഷ്ടവും പ്രതീക്ഷയുമാണ് പുതുവർഷത്തോടും തോന്നുന്നത്. പുതിയ വർഷം മാറ്റമോ പുതിയ തീരുമാനങ്ങളോ എടുക്കുന്നവർ ചെയ്യേണ്ടത്, ഏതു പുതുവർഷത്തിന്റെയും തുടക്കത്തിൽ ഉള്ള ആവേശം തന്നെ ആ വർഷത്തിന്റെ അവസാനം വരെ മാത്രമല്ല, അതിനുപരി അത് മാറേണ്ടതാണ്, മാറ്റേണ്ടതാണ്  എന്ന തിരിച്ചറിവ് വരുന്നത് വരെ തുടരണം. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ അനുവർത്തിക്കേണ്ടതാണ്.


മോശമായ കാര്യങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടും അനിവാര്യമായ മാറ്റങ്ങൾ ഒന്നിനും കാത്തുനിൽക്കാതെ മാറ്റിയും നല്ലതിനെ നിലനിർത്തിക്കൊണ്ടും മുന്നോട്ടുപോകാനുള്ള പ്രതീക്ഷയാണ് ജീവിതം എന്നു ഉറച്ചു വിശ്വസിച്ചുകൊണ്ട് എല്ലാവർക്കും പുതുവർഷാശംസകൾ നേരുന്നു !!

(കുറച്ചു അല്ലെങ്കിൽ കുറെ കാര്യങ്ങൾ വിട്ടുപോയിട്ടുണ്ട് , പക്ഷെ അത് ഒന്നുകിൽ മനഃപൂർവം ഓർക്കാനോ പങ്കുവയ്ക്കാനോ ഇഷ്ടമില്ലാത്തതും അല്ലെങ്കിൽ ഈ വേളയിൽ ഓർമ്മയിൽ വരാത്തതും ആകാം)


വിവരണവുമായി ബന്ധപ്പെട്ട ചില ഓർമ്മച്ചിത്രങ്ങൾ ചുവടെ ചേർക്കുന്നു :-