2022, ജനുവരി 9, ഞായറാഴ്‌ച

നിശബ്ദ സഞ്ചാരങ്ങൾ !


 ബെന്യാമിൻ അഭിനന്ദനങ്ങൾ !!  വളരെ മനോഹരമായ ഒരു നോവൽ ആണ്. പ്രവാസികളുടെ ജീവിതം തുറന്നു കാട്ടിയ ‘ആടുജീവിതം’ എന്ന നോവലിന് ശേഷം  പ്രവാസികളായ എന്നാൽ പലരും ശ്രദ്ധിക്കാതെ നിശബ്ദമായി സഞ്ചരിക്കുകയും കർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്ന നിസ്വാർത്ഥ സേവനക്കാർ , അതാണ് ഭൂമിയിലെ എന്നറിയപ്പെടുന്ന നേഴ്സ് മാരുടെ ജീവിതം. അവർ വേണ്ടത്ര  ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് പച്ചയായ സത്യമാണ്. അവരുടെ സേവനവും മഹത്വവും അതുപോലെയുള്ള വിളിച്ചറിയിക്കപ്പെടാത്ത ഒന്നാണ്. നാം എന്നിലേക്ക് ചുരുങ്ങുന്ന ഈ പുതിയ കാലത്ത് സ്വന്തം കാര്യത്തിന് മറ്റുള്ളവരുടേതിന് ശേഷം പ്രാധാന്യം കൊടുക്കുന്നവരാണ് ഈ മാലാഖമാർ. 

എന്റെ പേരുള്ള ‘മനു’എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ഇതിൽ പ്രതിപാദ്യം. സ്വന്തം അമ്മ നേഴ്സ് ആയിട്ടുപോലും അതിന്റെ മാഹാത്മ്യം അറിയാൻ അവന് ഒരു അസുഖം മൂലമുള്ള ആശുപത്രിവാസം വേണ്ടിവന്നു. അവിടെ അവനവന് തന്നെ ബുദ്ധിമുട്ടു തോന്നുന്ന കാര്യങ്ങൾ അതിൽ ഒരു ബുദ്ധിമുട്ടും തോന്നിക്കാതെ വേണ്ട തരത്തിൽ ചെയ്തു പരിചരിക്കുന്നവരെ  കണ്ടപ്പോൾ അവന് ആ ജോലിയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞു. അതിനു ശേഷം ആ ജോലി തിരഞ്ഞെടുത്ത തന്റെ കുടുംബത്തിലെ പൂർവികയായ ‘മറിയാമ്മ’ എന്ന ആളുടെ ജീവിതം മനസ്സിലാക്കാൻ അവൻ നടത്തുന്ന പരിശ്രമങ്ങൾ നല്ല സംഭവബഹുലമായ കാര്യങ്ങളോട് കൂടി ഇതിൽ വിശദീകരിക്കുന്നു. അവരുടെ ജീവിതത്തിലൂടെ കടന്നുപോയ ആൾക്കാരെ കാണുന്നതിനും കാര്യങ്ങൾ മനസ്സിലാക്കാനും അവൻ നിതാന്ത പരിശ്രമം നടത്തി. അതിന് വേണ്ടി പഴയ രേഖകളും മറ്റും ശേഖരിക്കാനും പഴയ ആൾക്കാരെ കാണുന്നതിനും അവൻ മറ്റെന്തിനേക്കാൾ പ്രാധാന്യം കൊടുത്തു. അതിൽ തുണയായി അവന്റെ കാമുകി ജാനകിയും നിന്നതോടെ രണ്ടു പേരും മറിയാമ്മയുടെ ജീവിതം പൂർണ്ണമായി മനസ്സിലാക്കാനുള്ള ഉദ്യമത്തിലേർപ്പെട്ടു.മറിയാമ്മ രണ്ടാം ലോകമഹായുദ്ധ സമയത്ത് സിംഗപ്പൂരെത്തുകയും അതിന്റെ ഫലമായി  അനുഭവിച്ച യാതനകളും പിന്നീടുള്ള ആഫ്രിക്കൻ യാത്രയും അവിടെ ആരാലും അറിയപ്പെടാതെയുള്ള മരണവും എല്ലാം തേടിയലയുന്ന മനുവിനെ ആണ് ഇതിൽ ചിത്രീകരിച്ചിട്ടുള്ളത്. അവസാനം കുറെ അന്വേഷണങ്ങൾക്കും യാത്രകൾക്കും ശേഷം കുറെ നല്ല മനുഷ്യരുടെ സഹായത്തോടെ ഈ കൊറോണ സമയത്തു അവൻ അവരെ അടക്കം ചെയ്ത സ്ഥലം കണ്ടുപിടിക്കുകയും , ആ സന്തോഷ സമയത്തു തന്നെ, അവനെ ആദ്യം ആശുപത്രിയിൽ പരിചരിച്ച ഈ ജീവിത അന്വേഷണങ്ങൾക്കു അവന് പ്രേരണയായ  ‘മരിയ’ എന്ന നേഴ്സിന്റെ അന്ത്യവും ഒരേ സമയത്തായതും, അതും അവന്റെ തൊട്ടരികിൽ ആഫ്രിക്കയിൽ തന്നെ ആയതും മനസ്സിനെ വല്ലാതെ സ്പർശിക്കുന്നു. നല്ല ഒരു അനുഭൂതി, വായന അവസാനിച്ചപ്പോൾ ! എന്തായാലും ഹൃദയസ്പർശിയായ ഈ കൃതി എല്ലാവർക്കും നല്ല അനുഭവം തരുമെന്ന് ഞാൻ വിശ്വസിക്കുന്നു.…

നമ്മൾ ഈ കാലത്തു വില കുറച്ചു കാണുന്ന നേഴ്‌സുമാരുടെ ജീവിതവും അതോടൊപ്പം ഒരാൾ ഒരു കാര്യത്തിന് മുന്നിട്ടിറങ്ങിയാൽ ഏതു പ്രതികൂല സാഹചര്യവും അനുകൂലമാവുകയും അതിന്റെ തീവ്രപരിശ്രമം അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്താൻ സഹായിക്കുകയും ചെയ്യുമെന്ന് വ്യക്തമായി വിവരിക്കുന്നു….














അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.