2022, ജനുവരി 5, ബുധനാഴ്‌ച

എന്റെ സത്യാന്വേഷണപരീക്ഷണ കഥ !

 


ഞാൻ നേരത്തെ പറഞ്ഞ പോലെ (എന്റെ വായനവർഷം)ഈ പുതുവർഷത്തിൽ എന്റെ വായന തുടങ്ങിയത് നമ്മുടെ രാഷ്ട്രപിതാവിന്റെ ആത്മകഥ അല്ലെങ്കിൽ എന്റെ സത്യാന്വേഷണ പരീക്ഷണ കഥ എന്ന പുസ്തകത്തിലൂടെയാണ്. ഇതിന്റെ വിവരണം ചെയ്യുന്നത് ചിലപ്പോൾ അനൗചിത്യമാകും. അല്ലെങ്കിൽ ഇത്ര വൈകിയ വേളയിൽ ഇടുന്നതിന്റെ യുക്തിയും ചോദ്യം ചെയ്യപ്പെട്ടേക്കാം, ഞാൻ ഇതുകൊണ്ടു ഉദ്ദേശിക്കുന്നത് ഇനിയും വായിച്ചിട്ടില്ലാത്ത ആൾക്കാരെയും വളർന്നു വരുന്ന വിദ്യാർത്ഥി സമൂഹത്തെയും ഇത് വായിക്കുമ്പോൾ എനിക്കുണ്ടാവുന്ന സുഖവും ഇഷ്ടവും പങ്കുവയ്ക്കാനും ആണ്. എല്ലാ ഇന്ത്യക്കാരും തീർച്ചയായും, ഇംഗ്ലീഷ് പതിപ്പും ലഭ്യമായതിനാൽ  ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള എല്ലാവരും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ്. മിക്കവാറും കുട്ടിക്കാലത്തു തന്നെ പൊതുവെ ആൾക്കാർ വായിച്ചിട്ടുണ്ടാകും. ഇത് ഞാൻ വായിക്കുന്നത് ആദ്യമായല്ല. പക്ഷെ പുതുവർഷങ്ങളിൽ ഞാൻ പൊതുവെ ഇത് വായിക്കാറുണ്ട്. നല്ല ഒരു ആത്മവിശ്വാസവും ഒരു ആത്മീയ ചിന്തയും പ്രദാനം ചെയ്യൂന്ന പുസ്‌തമാണ്‌. ആബാലവൃദ്ധം ജനങ്ങൾക്ക് വളരെ സുഖമായി വായിച്ചുമനസ്സിലാകുന്ന തരത്തിൽ വളരെ ലളിത ഭാഷയിലാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. ഇന്ത്യയുടെ മഹാത്മാവായ ഗാന്ധിജി തന്റെ സത്യവും അഹിംസയും ഒരിടത്തും അടിയറ വയ്ക്കാതെ മുറുകെ പിടിച്ചു നടന്നതിന്റെ അനുഭവങ്ങൾ ചേർത്തിണക്കിയ ഒരു സംഭവബഹുലമായ ഒന്ന്. ആത്മകഥകൾ ഇഷ്ടപ്പെടുന്ന അല്ലെങ്കിൽ ചരിത്രാന്വേഷികൾക്ക് കൂടുതൽ അറിവ് പകർന്ന് കൊടുക്കുന്ന ഒരു മനോഹരപുസ്തകം. വളർന്നു വരുന്ന വിദ്യാർത്ഥികൾ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ്. അദ്ദേഹത്തിന്റെ ബാല്യത്തിൽ തുടങ്ങി , ഇംഗ്ളണ്ടിലെ ബാരിസ്റ്റർ പഠനത്തിലൂടെയും,  ദക്ഷിണാഫ്രിക്കയിലെ സമരങ്ങളിലൂടെയും, തിരിച്ചു വന്നതിന് ശേഷം ഇന്ത്യയിലെ പല സമരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും  ഈ മഹദ്ഗ്രന്ഥം കടന്നുപോകുന്നു. ഒരു പരിശീലിച്ച എഴുത്തുകാരന്റെ ശൈലി ഇല്ലെങ്കിലും അനുഭവങ്ങൾ അതിന്റെ വ്യക്തതയോടുകൂടി വിളിച്ചോതുന്നു. നേരത്തെ പറഞ്ഞപോലെ ലളിത ഭാഷ ഉപയോഗിക്കുന്നതുകൊണ്ട് സാധാരണക്കാരന് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കും. അദ്ദേഹത്തിന്റെ ജീവിതം തന്നെ ലളിതമായിരുന്നു എന്ന് എല്ലവർക്കും അറിവുള്ളതാണല്ലോ. എപ്പോഴും ജനങ്ങളുടെ ഇടയിൽ ജീവിക്കാൻ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ഏതൊരു നിസ്സാരകാര്യത്തിനു പോലും സത്യത്തെ ബലി കഴിക്കില്ല അല്ലെങ്കിൽ തനിക്കനുകൂലമായ രീതിയിൽ വളച്ചൊടിക്കില്ല എന്ന് ശപഥം ചെയ്യുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നു. ഒരു തരത്തിൽ അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു തുറന്ന പുസ്തകമാണല്ലോ. എന്നാൽ ‘മഹാത്മാ’ എന്ന് വിളിക്കുന്നതിൽ അദ്ദേഹത്തിന് തന്നെ എതിർപ്പുണ്ട് എന്നത് വ്യക്തം. അദ്ദേഹത്തോന്റെ ഈ പുസ്തകത്തിൽ നിന്ന് വ്യക്തമാകുന്നത് തന്നെ, ഒരു സാധാരണ മനുഷ്യൻ , എല്ലാ വിഷയാസക്തികളും മറ്റു ദോഷങ്ങളും ഉള്ള മനുഷ്യനെങ്കിലും അതിനെ മനസ്സിലാക്കാനും തുറന്നു പറയാനും അതിൽ നിന്ന് മോചനം നേടാനുമുള്ള അദ്ദേഹത്തിന്റ ശ്രമങ്ങളും ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. പ്രതിജ്ഞ എന്നതിനുള്ള പ്രസക്തിയും അത് മുറുകെ പിടിക്കേണ്ടത്തിന്റെ ആവശ്യകതയും അതുപോലെ അദ്ദേഹം വിവരിക്കുന്ന ഈശ്വരപ്രാർത്ഥനയുടെ പ്രസക്തിയും എല്ലാ മതവിശ്വാസങ്ങളോടുമുള്ള ബഹുമാനവും സാമീപ്യവും എല്ലാം അത്ഭുതാവഹവും അഭിനന്ദനാർഹവുമാണ്. ഈ കോവിഡ് കാലത്തോട് താരതമ്യം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ആ കാലത്തു വന്ന പ്ളേഗ് എന്ന മഹാമാരിയെ കുറിച്ചു ഇതിൽ വിവരിക്കുന്നുണ്ട്. അത് വന്നപ്പോൾ ചെയ്ത കാര്യങ്ങളും പടരാതിരിക്കാൻ എടുത്ത മുൻകരുതലുകളും ശുചിത്വത്തിന്റെ പ്രാധാന്യവുമെല്ലാം അദ്ദേഹത്തെ മാതൃകയാക്കണം എന്ന ഒരു ചിന്ത ഉണർത്തും. അദ്ദേഹം ഇതിൽ പറയുന്ന ഒരു പ്രധാന കാര്യം ഒരു വിഷയത്തെ ഒരാൾ പറയുന്നത് അല്ലെങ്കിൽ നോക്കിക്കാണുന്നത് അത് അദ്ദേഹം എത്ര വലിയവനാണെങ്കിലും എല്ലാം കണ്ണടച്ച് വിശ്വസിക്കുന്നതിനേക്കാൾ അതിനെ മനസ്സിലാക്കി നമുക്ക് വേണ്ടത് എടുക്കുകയും വേണ്ടാത്തതിനെ വിമർശനത്തിന് പാത്രമാക്കുകയും വേണം. അദ്ദേഹത്തെ അതേപടി  മാതൃകയാക്കണമെന്ന് അദ്ദേഹം തന്നെ പറയുന്നില്ല. പക്ഷെ അദ്ദേഹം ചെയ്ത കാര്യങ്ങളും അതിന്റെ തുടർഫലങ്ങളും വിവരിക്കുക വഴി അതിനെ നമ്മുടെ ജീവിതത്തിൽ പകർത്താവുന്ന ഒട്ടനവധി കാര്യങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. നാം നമ്മളിലേക്ക് ചുരുങ്ങുന്ന ഈ കാലത്ത് സമൂഹനന്മ എന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ അദ്ദേഹം വളരെ ഉത്തമ ഒരു മാതൃകയാണ്. വായിച്ചവർക്ക് വീണ്ടും വായിച്ചാലും മടുപ്പ് തോന്നാത്ത , വായിക്കാനുള്ളവർ എത്രയും വേഗം വായിക്കേണ്ട ഒരു പുസ്‌തമാണ് ഇത് എന്നാണ് എന്റെ വിനീതമായ അഭ്യർത്ഥന. 

ഗാന്ധിജി ഗുജറാത്തി ഭാഷയിൽ രചിച്ച ഈ ഗ്രന്ഥം ഇംഗ്ലീഷ് പരിഭാഷ നടത്തിയ മഹാദേവ ദേശായിയോടും   മലയാളത്തിൽ പകർത്തിയ ഡോ.ജോർജ് ഇരുമ്പയത്തോടുമുള്ള പ്രത്യേക നന്ദിയും സ്നേഹവും ഈ അവസരത്തിൽ പറയുന്നു…









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.