2022, ജനുവരി 7, വെള്ളിയാഴ്‌ച

1857-ലെ ഒരു കഥ - കുട്ടികൾ ചരിത്രമെഴുതുമ്പോൾ

 


ഞാൻ വായിച്ചു തീർന്ന അടുത്ത പുസ്തകം “1857 -ലെ ഒരു കഥ” എന്ന നന്ദിനി നായർ രചിച്ച ഒരു ചരിത്രബാന്ധവമുള്ള ഒരു ചെറുകഥാകൃതി ആണ്. നല്ല ഒരു പഴയ കല സ്മരണ ഉണർത്തുന്ന അതുപോലെ ബാല്യകാലത്തെ ഓർമകളെ തൊട്ടുണർത്തുന്ന ഒരു കൃതി. കുട്ടികളിലെ നിഷ്കളങ്കതയും അതുപോലെ അവരിലെ വികാരവും തുറന്നു കാണിക്കുന്ന ഒരു കഥ. സോൺപൂർ എന്ന ഗ്രാമത്തിലെ കഥയായി ഇതിനെ ചിത്രീകരിച്ചിരിക്കുന്നു. അവിടത്തെ 1850 കാലത്തെ ഒരു ജീവിതകഥ, നന്ദിനിയുടെ ഭാവനയിൽ വാർത്തെടുത്തു . വളരെ നന്നായി തന്നെ അതിനോട് നീതി പുലർത്തി എന്നാണ് എന്റെ അഭിപ്രായം. ബ്രിട്ടീഷ് ഭരണവും അതിനോട് താല്പര്യമില്ലാതെ ഉള്ളിലൊതുക്കി അവരുടെ കീഴിൽ ജോലി ചെയ്യപ്പെടുമ്പോഴുണ്ടാകാവുന്ന പ്രയാസങ്ങളും എല്ലാം നന്നായി പറഞ്ഞിട്ടുണ്ട്. ഹരി എന്ന ഒരു കുട്ടിയും അവന്റെ അനുജത്തിയായ താരയും അതുപോലെ ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഉദ്യോഗസ്ഥന്റെ  വീട്ടിൽ പുറത്തറിയിക്കാതെ താമസിക്കുന്ന സ്വന്തം മകൻ ഹാരിയും ചേർന്നുള്ള നല്ല സൗഹൃദം വിളിച്ചോതുന്നുണ്ട്. പഴമക്കാർ പറയുന്ന പോലെ ‘പിള്ളമനസ്സിൽ കള്ളമില്ല ‘എന്നത് അക്ഷരം പ്രതി ശരിയാണ് എന്നതും ഇതിൽ വ്യക്തമായി കാണിച്ചിരിക്കുന്നു. ഉദ്യോഗ്സഥനാണെങ്കിൽ തന്റെ മകനെ വിദേശത്ത് (ഇംഗ്ലണ്ട്) പഠിപ്പിക്കാനും എന്നാൽ അവന്റെ മനസ്സിൽ ഇഷ്ടം ഹിന്ദുസ്ഥാൻ ജീവിതവും. അതോടനുബന്ധിച്ചു അവൻ അവിടെ നിന്ന് ചാടി കപ്പൽ കയറി ഒളിച്ചു ഇന്ത്യയിൽ വന്നതും അതിന്റെ നാണക്കേടൊഴിവാക്കാൻ സ്വന്തം മകനെ പൂട്ടിയിട്ട മുറിയിൽ താമസിപ്പിച്ചതുമെല്ലാം ഇതിൽ വിവരിച്ചിട്ടുണ്ട്. അതിൽ നിന്നും ഇടക്ക് മനഃസുഖത്തിനായി നാട് കാണാൻ അവൻ ഹരിയെ കൂട്ടുപിടിക്കുന്നത് സൗഹൃദങ്ങൾക്ക് അതിർവരമ്പില്ല എന്ന് ആണയിടുന്നു. താര ആണെങ്കിൽ ഏതൊരു വീട്ടിലും കണ്ടേക്കാവുന്ന ഒരു കൊച്ചനുജത്തിയായി നമുക്ക് അനുഭവപ്പെടും. എല്ലാം അറിയാനുള്ള ജിജ്ഞാസയും അതുപോലെ മറയില്ലാതെ എല്ലാം വെട്ടിത്തുറന്നു ചോദിക്കുകയും പറയുകയും ചെയ്യുന്ന തുറന്ന മനസ്സുള്ള പെൺകുട്ടി കഥാപാത്രം. ഈ സൗഹൃദവും ആ കാലത്ത് നടന്ന ശിപായിലഹളയും കൂടിചേർന്നുള്ള ഒരു കഥാസമാഹാരം.


എന്തായാലും ചരിത്രസംഭവത്തോട് ചേർത്തു നിർത്തി ഇങ്ങനെ ഒരു ഭാവന കഥാരൂപത്തിൽ അവതരിപ്പിച്ച നന്ദിനി നായർക്ക് എല്ലാ ആശംസകളും അതോടൊപ്പം ഇനിയും ഇതുപോലുള്ള ഭാവനസൃഷ്ടികൾ പ്രതീക്ഷിക്കുന്നു...









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.