2024, ഓഗസ്റ്റ് 24, ശനിയാഴ്‌ച

ഡോക്ടറേ , ഞങ്ങടെ കുട്ടി ok ആണോ ? !


ഡോ.സൗമ്യ സരിൻ എഴുതിയ "ഡോക്ടറേ, ഞങ്ങടെ കുട്ടി ok ആണോ ?" എന്ന പുസ്തകം വായിച്ചു. കുട്ടികളുടെ ജനനം മുതൽ കൗമാരം വരെയുള്ള ജീവിതത്തിൽ ശ്രദ്ധിക്കേണ്ടതും അനുവർത്തിക്കേണ്ടതുമായ കാര്യങ്ങൾ നല്ല വ്യക്തമായും എല്ലാവർക്കും നന്നായി മനസിലാകുന്ന വിധത്തിലും  അവതരിപ്പിച്ചിട്ടുണ്ട്. ഒരു ഡോക്ടർ പ്രത്യേകിച്ച് കുട്ടികളുടെ ഡോക്ടർ എന്ന നിലയിൽ അവരുടെ അറിവ് എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ വിശദീകരിക്കുന്നതിൽ ഈ പുസ്തകം പ്രധാന പങ്ക് വഹിച്ചു എന്നതിൽ സംശയമില്ല. ജനിച്ചത് മുതൽ ഏതൊരു മാതാപിതാക്കൾക്കും ഉണ്ടാകാവുന്ന അതിസാധാരണമായ സംശയങ്ങളും അതിന്റെ മറുപടികളും കൃത്യമായി ഉദാഹരണ സഹിതം വിശദീകരിച്ചിട്ടുണ്ട്. പഴയകാലത്തെ ചിട്ടകളെ മുഴുവനായി തള്ളിക്കളയാതെത്തന്നെ അത് ശാസ്ത്രീയമായി അനുവർത്തിക്കേണ്ട സമയക്രമങ്ങളും നിഷ്ഠകളും വിശദീകരിച്ചത് ആകർഷണീയമായ ഒന്ന് തന്നെയാണ്.


ഡോക്ടറുടെ സമൂഹമാധ്യമത്തിൽ കൂടിയുള്ള അറിവ് പകർന്നു കൊടുക്കുന്നതിനുപരി ഇത്  അവരുടെ ആദ്യ പുസ്തകപ്രസിദ്ധീകരണം ആണ്. അതുപോലെ അവരുടെ ഈ പുസ്തകത്തിന്റെ ഈ വർഷത്തെ റോയൽറ്റി തുക മുഴുവനും വയനാടിന് വേണ്ടി സമർപ്പിക്കാമെന്ന പ്രഖ്യാപനം സമൂഹനന്മക്കായുള്ള ഒരു സംഭാവന കൂടി ആണ്.  ഇനിയുള്ള അവരുടെ ഇതുപോലുള്ള എല്ലാ ഉദ്യമങ്ങളും ഇതിലും മനോഹരമാകാനുള്ള ആശംസകളും നേരുന്നു.


                                      .............................................................................................

2024, ജൂലൈ 15, തിങ്കളാഴ്‌ച

Secrets of the Millionaire Mind !


 'Secrets of the Millionaire Mind'എന്ന 'T . Harv Eker' രചിച്ച പുസ്തകമാണ് വായിച്ചത്. സമ്പാദ്യമാണ് പ്രതിപാദ്യം. പക്ഷെ മറ്റ് രചനകളിൽ നിന്ന് വ്യത്യസ്തമായി പുതിയ ഒരു രീതിയാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. ആദ്യ ഭാഗത്തു തന്നെ പറയുന്ന കാര്യമാണ് ആധാരം. ' Our Inner world creates our outer world'. തീർച്ചയായും ശരിയായ ഒരു കാര്യമാണ്, നമ്മൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് ആദ്യം ഉണ്ടാക്കേണ്ടത് മനസ്സ് എന്ന ലോകത്തിലാണ്. ആ ലോകമാണ് പുറമേയ്ക്ക് പ്രദർശിപ്പിക്കുന്നത് എന്നാണ് ഇതിൽ അർത്ഥശങ്കക്കിടമില്ലാതെ രചയിതാവ് പറയുന്നത്. അതുപോലെ നമ്മൾ കൂടുതൽ പേരും കാണുന്ന അല്ലെങ്കിൽ കേട്ടിട്ടുള്ള ധനികരെ കുറിച്ചുള്ള മോശം അഭിപ്രായത്തിൽ  ആദ്യം മാറ്റം വരുത്തണം എന്നാണ് പറഞ്ഞു തുടങ്ങുന്നത്. ധനികർ ആകാൻ വേണ്ട ചിന്തയും പ്രവർത്തനങ്ങളും പരിവർത്തനങ്ങളും ഉടനീളെ 17 പോയിന്റ്കളായി പറയുന്നു. അതിൽ ധനികർ എങ്ങനെ ചിന്തിക്കുന്നു അതിനനുസരിച്ചു പ്രവർത്തിക്കുന്നു അതുപോലെ അതെ കാര്യം പാവപ്പെട്ടവർ അല്ലെങ്കിൽ ദരിദ്രർ എങ്ങനെ ചിന്തിക്കുന്നു എന്നും പറയുന്നു. ആ ചിന്ത മാറ്റിയാൽ മാത്രമേ ധനികനാകാൻ സാധിക്കുകയുള്ളു എന്ന് അടിയുറച്ചു ഓരോ പോയിന്റ്കളിലും പറഞ്ഞുവെക്കുന്നു. മനസ്സ് ധനികർ ചിന്തിക്കുന്ന പോലെ ആക്കാൻ വേണ്ട പരിപാടികളടങ്ങുന്ന ഒരു ട്രെയിനിങ് പ്രോഗ്രാം അദ്ദേഹം നടത്തുന്നു എന്ന് പറഞ്ഞുകൊണ്ടും എല്ലാവർക്കും പുതിയ ചിന്തക്കും പുതിയ സാമ്പത്തിക സ്ഥിതിക്കും വേണ്ടി ആശംസകൾ അർപ്പിച്ചുകൊണ്ടുമാണ്  അവസാനിപ്പിക്കുന്നത്.


മനസ്സാണ് പ്രധാനം എന്ന കാര്യത്തിൽ സംശയമില്ല.  നാം ആരാവണം എന്ന് ആദ്യം ചിന്തിക്കേണ്ടതും ഉറപ്പിക്കേണ്ടതും മനസ്സിലാണ്. അത് പ്രാവർത്തികമാക്കാൻ സാധിച്ചാൽ നമ്മൾ ജീവിതത്തിൽ വിജയിക്കും എന്ന കാര്യത്തിൽ സംശയമില്ല എന്ന് കുറെ മഹാന്മാർ തെളിയിച്ചു തന്നിട്ടുണ്ട്.സമ്പാദ്യം എങ്ങനെ വേണമെന്ന് ചിന്തിച്ചു അതിനനുസരിച്ചു പ്രവർത്തിക്കാൻ ഈ പുസ്തകം ഒരു വഴികാട്ടി ആണ്. Harv ന് എല്ലാവിധ ആശംസകളും നേരുന്നു.


                                              ................................................................................

2023, ഏപ്രിൽ 3, തിങ്കളാഴ്‌ച

ഭിക്ഷ !


ഞാൻ കഴിഞ്ഞ പുസ്തകവിവരണം എഴുതിയപ്പോൾ പറഞ്ഞപോലെ 'ശ്രീമതി ചന്ദ്രക്കല എസ് കമ്മത്ത്' തന്നെ രചിച്ച 'ഭിക്ഷ' എന്ന നോവലാണ് ഞാൻ വായിച്ചത്. ഇതും നല്ല ആവേശത്തോടു കൂടി വായിച്ചു. കഴിഞ്ഞ നോവലിന്റെ സന്തോഷം ഉള്ളിൽ കിടക്കുന്നതു കൊണ്ട് നല്ല പ്രതീക്ഷയോടു കൂടിയാണ് തുടങ്ങിയത്. എന്തായാലും ഒട്ടും നിരാശപ്പെടുത്തിയില്ല എന്ന് മാത്രമല്ല അതിനോടൊപ്പം ചേർത്തുവെയ്ക്കാവുന്ന നല്ലൊരു നോവൽ. ഇതും ബ്രാഹ്മണകുടുംബം പാശ്ചാത്യമാക്കിയുള്ളതാണ്. പക്ഷെ ഇതിൽ വിവരിക്കുന്നത് ബ്രാഹ്മണകുടുംബത്തിലെ സ്ത്രീകളുടെ വിഷമതകളും ധനവാന്മാരുടെ സ്വത്തുക്കളോടുള്ള ആർത്തിയും ആണ്. അതിൽ മനുഷ്യനോ ബന്ധത്തിനോ ഒരു വിലയുമില്ല. അങ്ങനെ ഉള്ള ഒരു പേരുകേട്ട തറവാട്ടിലേക്ക് ഇടത്തരം കുടുംബത്തിൽ നിന്ന് വന്ന കമല വരുന്നതും അവർ അവിടെ നടത്തുന്ന നല്ല മാറ്റങ്ങളും ആണ്, നല്ല മനോഹരമായ പോരാട്ടം. അവസാനം അവനവൻ ചെയ്യുന്ന കർമഫലം അവനവനു ദോഷമായി വന്നുചേരും എന്ന നല്ല സന്ദേശം ഓർമ്മിപ്പിച്ചുകൊണ്ടാണ്  ഇത് അവസാനിക്കുന്നത്. അതുപോലെ ധനവും പ്രശസ്തിയും മറ്റു മാനുഷിക മൂല്യങ്ങളെക്കാളും ബന്ധങ്ങളെക്കാളും വലുതാണ് എന്നുള്ളവർക്കുള്ള ഒരു പാഠവുമാണ് ഈ കഥാസമാഹാരം. 


വളരെ നന്നായി രചിച്ച ഈ കൃതിയും എല്ലാവരും വായിക്കേണ്ട ഒന്നാണ് എന്നാണ് എന്റെ അഭിപ്രായം. ശ്രീമതി ചന്ദ്രക്കല അവർകൾക്ക് എല്ലാവിധ ഭാവുകങ്ങളും ഒരിക്കൽ കൂടി നേരുന്നു...

                                      .....................................................................................

സപത്‌നി !


'ചന്ദ്രക്കല എസ്‌ കമ്മത്ത്' രചിച്ച 'സപത്‌നി' എന്ന നോവലാണ് ഞാൻ വായിച്ചത്. അതു വായിച്ചു കഴിഞ്ഞു എന്ന് എനിക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു. കാരണം അത്ര മനോഹരമായ കഥ. ഞാൻ ജോലി കഴിഞ്ഞുള്ള രാത്രിയിൽ വായിച്ചുതുടങ്ങിയതാണ്. എവിടെയും വായിച്ചു നിർത്താൻ തോന്നിയില്ല.. പക്ഷെ  അറിയാതെ ഉറങ്ങിപ്പോയി. പിറ്റേന്ന് എണീറ്റപ്പോൾ അതിന്റെ ബാക്കി കൂടി വായിക്കാതെ ഒരു സുഖവുമില്ലാത്ത അവസ്ഥ. എന്നാൽ രാവിലെ ജോലി ഉണ്ടായിരുന്നു. എങ്കിലും ഉച്ചകഴിഞ്ഞു കുറച്ചു സമയം കിട്ടിയപ്പോൾ വായിച്ചു തീർത്തു. വളരെയധികം മനസ്സിനെ പിടിച്ചുലച്ച ഒരു കഥ. പഴയകാല ദരിദ്ര ബ്രാഹ്മണകുലത്തിന്റെ നേർക്കാഴ്ച തരുന്ന നോവൽ. അതിദരിദ്രമായ ഒരു കുടുംബമാണ് കഥാതിവൃത്തം. അവിടത്തെ ബ്രാഹ്മണൻ വേളി കഴിച്ച വസുന്ധരേടത്തിയും അവരുടെ മാനസിക വൈകല്യമുള്ള മകൻ നന്ദുവും ഒരു വീട്ടിൽ താമസിക്കുന്നു. അവിടേക്കു വസുന്ധരേടത്തിയുടെ സപത്‌നിയായി സുനീതിയും മകൾ ശകുന്തളയും കടന്നു വരുന്നു.അവർ വരുന്നത് ബ്രാഹ്മണകുലത്തിലെ അനാഥർ താമസിച്ചിരുന്ന സ്ഥലമായ ഭവാനി മന്ദിരത്തിൽ നിന്നാണ്. അവിടെയുള്ളവർ ഏതൊരു ബ്രാഹ്മണൻ വിവാഹം  ആലോചിച്ചു ചെന്നാലും (അത് ഒന്നാമത്തേതോ രണ്ടാമത്തേതോ എന്നുള്ള വ്യത്യാസമില്ലാതെ) അവർക്കിഷ്ടപ്പെട്ടാൽ ആ പെണ്ണിന്റെ ഇഷ്ടത്തിനുപോലും കാത്തുനിൽക്കാതെ വിവാഹം നടത്തും. അത്രയ്ക്ക് ഭീകരമായ സാഹചര്യത്തിൽ നിന്ന് നിവർത്തികേടുകൊണ്ടു ഈ ബ്രാഹ്മണന്റെ സപത്‌നി ആയി എത്തിയ കഥയാണ്. പിന്നെയും ദാരിദ്ര്യവും മറ്റും കാരണത്താൽ മകൾ ശകുന്തളയും അവിടെ തിരിച്ചെത്തുന്നു. ചരിത്രം ആവർത്തിക്കുന്ന അവസ്ഥ. ഉദ്വേഗജനകമായ രംഗങ്ങൾ.  നല്ല സന്തോഷമായ പര്യവസാനം. വായിച്ചു തീരുമ്പോൾ തന്നെ ഒരു സിനിമയോ സീരിയലോ കണ്ട പ്രതീതി. തികച്ചും മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന നോവൽ. അല്പം കണ്ണീരണിഞ്ഞ നിമിഷങ്ങളുമുണ്ടായി. ഏതായാലും അതിലെ എല്ലാ കഥാപാത്രങ്ങൾക്കും (വസുന്ധരേടത്തി, മകൻ നന്ദു , സപത്‌നി  സുനീതി , മകൾ ശകുന്തള, ലക്ഷ്മിയേടത്തി, മഞ്ജുനാഥ്, ഭാര്യ പത്മേടത്തി, Dr. സന്ദീപ്, തീർന്നില്ല ഇനിയുമുണ്ട്) ജീവൻ വച്ച പോലെ രചിച്ച ചന്ദ്രക്കല അവർകൾക്ക് ഒരായിരം ആശംസകൾ !


ഈ മനോഹരമായ നോവൽ എനിക്ക് വായിക്കാൻ തന്നത് അഞ്ജലിയുടെ വല്യമ്മയാണ്. അവരോടുള്ള സ്നേഹവും നന്ദിയും ഈ അവസരത്തിൽ അറിയിക്കുന്നു. അവർ തന്നെ നൽകിയ ശ്രീമതി ചന്ദ്രക്കലയുടെ മറ്റൊരു പുസ്തകമാണ് അടുത്തതായി ഞാൻ വായിക്കാൻ തെരെഞ്ഞെടുത്തത്.


ശ്രീമതി ചന്ദ്രക്കല അവർകൾക്ക് എല്ലാവിധമായ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസകളും നേരുന്നു...

                                               .................................................................

2023, മാർച്ച് 23, വ്യാഴാഴ്‌ച

The Wisdom Bridge !

 

കമലേഷ് ഡി പട്ടേൽ (ദാജി) രചിച്ച 'The Wisdom Bridge ' എന്ന പുസ്തകമാണ് ഞാൻ വായിച്ചത്. കുട്ടികളുടെ ജനനം മുതൽ മാതാപിതാക്കൾ പുലർത്തേണ്ട രക്ഷാകർതൃത്വം ആണ് പ്രതിപാദ്യം. വളരെ നല്ല രീതിയിൽ വിവരിച്ചിരിക്കുന്നു. വീട്ടിൽ എപ്പോഴും സന്തോഷവും സമാധാനവും ആവശ്യമാണ്. അതിന് ധ്യാനം നല്ലൊരു മാർഗമാണ് എന്നു അദ്ദേഹം ഓരോ അധ്യായത്തിലും ഊന്നി പറയുന്നു. അദ്ദേഹം 'Heartfulness' യോഗ പരിശീലിക്കുന്ന അതോടൊപ്പം പരിശീലിപ്പിക്കുന്ന ഒരു ആചാര്യനാണ്. ഒരു സ്ത്രീ ഗർഭിണി ആകുന്നതു മുതൽ കുട്ടിയെ വളർത്തി വലുതാകുന്നത് വരെ ഉണ്ടാകാൻ സാധ്യതയുള്ള കാര്യങ്ങളും അദ്ദേഹത്തിന്റെയും കുറച്ചു മറ്റുള്ളവരുടെയും യാഥാർത്ഥ്യ അനുഭവങ്ങളും ഇതിൽ നന്നായി വിവരിക്കുന്നുണ്ട്. വായിക്കുമ്പോൾ നമ്മൾ ഏതൊരു സാധാരണ കുടുംബത്തിലും കാണുന്നപ്പോലെയുള്ള കാര്യങ്ങൾ എല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതായത് ഇത് വായിച്ചപ്പോൾ നമ്മുടെ ജീവിതവുമായി വളരെയധികം സാമ്യമുള്ളതാണ് എന്നാണ് എനിക്ക് തോന്നിയത്. 


എന്റെ അനുജന്റെ ഭാര്യയുടെ അച്ഛൻ Mr. ശിവശങ്കരൻ എനിക്ക് സമ്മാനിച്ചതാണ് ഈ പുസ്തകം. അതിനുള്ള പ്രത്യേകത എന്തെന്നാൽ ഞാനും അഞ്ജലിയും ഈ കഴിഞ്ഞ നവംബറിൽ മാതാപിതാക്കൾ ആയി എന്നതാണ്. ഒരു ആൺകുട്ടീ ആണ് ജനിച്ചത്. അതിന്റെ പിന്നീടുള്ള തിരക്കുകളും ജോലിത്തിരക്കുകളും കാരണമാണ് പുസ്തകങ്ങൾ വായിച്ചു അനുഭവം പങ്കു വയ്ക്കാൻ ഒരു കാലതാമസം വന്നത്. ഇനി പഴയ പോലെ ഇടവേള അധികമില്ലാതെ വായനാനുഭവം പങ്കു വയ്ക്കാൻ സാധിക്കും എന്ന് വിചാരിക്കുന്നു. 


മറ്റൊരു പ്രധാനപ്പെട്ട സന്തോഷമുള്ള കാര്യം കൂടിയുണ്ട്. എന്തെന്നാൽ ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ഇന്ത്യ ഗവണ്മെന്റ് പ്രഖ്യാപിച്ച പത്മ പുരസ്‌കാരത്തിന് 'ദാജി' അർഹനായി. പത്മഭൂഷൺ പുരസ്‌കാരത്തിന് ആണ് അദ്ദേഹം അർഹനായത്. അത് രാഷ്ട്രപതിയിൽ നിന്ന് ഏറ്റു വാങ്ങിയ ഇന്നേ ദിവസം തന്നെ അദ്ദേഹത്തിന്റെ പുസ്തകം വായിച്ച അനുഭവം എനിക്ക് പങ്കുവെക്കാൻ കഴിഞ്ഞത് അപ്രതീക്ഷിതമായി ഉണ്ടായ സന്തോഷമാണ്. 


അദ്ദേഹത്തിന്റെ ഈ പുസ്തകരചനക്കും ഭാവി ഉദ്യമങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു. അതോടൊപ്പം പദ്മഭൂഷൺ പുരസ്‌കാരലബ്ധിക്ക് പ്രത്യേക അഭിനന്ദനങ്ങൾ......!!


                                                  ..........................................................................








2022, സെപ്റ്റംബർ 18, ഞായറാഴ്‌ച

Life’s Amazing Secrets !


‘Life’s Amazing Secrets’ എന്ന ഗൗർ ഗോപാൽ ദാസ് എഴുതിയ പുസ്‌തകം വായിച്ചു. ജീവിതത്തിലെ പല സന്ദർഭങ്ങളും എങ്ങനെ അഭിമുഖീകരിക്കണം , അതുപോലെ ഒരാൾ ഏതൊക്കെ രീതിയിൽ പെരുമാറണം , സാമൂഹ്യസേവനങ്ങളിൽ ഏർപ്പെടണം ഇതെല്ലാം ഉൾപ്പെടുത്തി ഉദാഹരണസഹിതം വിശദീകരിക്കുന്ന ഒരു പ്രസിദ്ധീകരണം ആണ്. ഇദ്ദേഹം ഹരിപ്രസാദ് ‌ അയ്യർ എന്ന ആളുടെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ വീട്ടിലെത്തുന്നതും അതിനു ശേഷം തിരികെയുള്ള യാത്രയിൽ ഹരീഷ് പങ്കുവയ്ക്കുന്ന വിഷമങ്ങൾക്കും ജീവിതസാഹചര്യങ്ങൾക്കും  ഉദാഹരണസഹിതം പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന ഗോപാൽ ദാസ് അവസാനം ഹരിപ്രസാദിന്റെ ജീവിതത്തിലെ വളരെയധികം സന്തോഷമുണ്ടാക്കുന്ന ഒരു സംഭവത്തോടെയാണ് ഈ പുസ്തകവിവരണം അവസാനിപ്പിക്കുന്നത്. ജീവിതത്തിനെ ഒരു  കാർ അതിന്റെ 4 ചക്രങ്ങളിൽ സമതുലനാവസ്ഥയിൽ നിൽക്കുന്ന പോലെ ആണ് ചിത്രീകരിക്കുന്നത്. ഒന്ന് ‘സ്വകാര്യ ജീവിതം’ രണ്ട് ‘ബന്ധങ്ങൾ’ മൂന്ന് ‘ഔദ്യോഗിക ജീവിതം’ നാല് ‘സമൂഹത്തിലേക്കുള്ള സംഭാവന’ എന്നിവയാണവ. മനുഷ്യൻ സന്തോഷ ജീവിതത്തിന് ആത്മീയത ജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യവും ഉൾക്കൊള്ളിച്ചിരിക്കുന്നു.


സമൂഹമാധ്യമങ്ങളിലൂടെ ലോകം മുഴുവൻ പ്രചരിക്കുന്ന ഗൗർ ഗോപാൽ ദാസിന്റെ പ്രസംഗങ്ങൾ കേൾക്കാറുണ്ട്. ഈ പുസ്തകം അതുപോലെ തന്നെ പ്രചരിക്കട്ടെ എന്നാശംസിക്കുന്നതോടൊപ്പം ഭാവി രചനകൾക്ക്      എല്ലാവിധ ഭാവുകങ്ങളും നേരുന്നു…….
















2022, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

റിച്ച് ഡാഡ് പുവർ ഡാഡ് !

 


‘റിച്ച് ഡാഡ് പുവർ ഡാഡ്’ എന്ന ‘റോബർട്ട് കിയോസാകി’ യുടെ പുസ്തകം (മലയാളം പരിഭാഷ) വായിച്ചു. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ഞാൻ 2016ൽ വായിച്ചിരുന്നു. എന്റെ അമ്മ ആശുപത്രിയിൽ കിടന്ന സമയത്താണ് അതിന്റെ വായന ഉണ്ടായത്. അത് വളരെയധികം സ്വാധീനവും ചെലുത്തിയിരുന്നു. ഇതിൽ പണത്തിന്റെ യജമാനൻ ആകാനും പണത്തിനു വേണ്ടി പ്രവർത്തിക്കുന്നതിന് പകരം പണം നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന രീതികളും അനുഭവങ്ങളും ആണ് പ്രതിപാദിച്ചിട്ടുള്ളത്. ഓഹരി വിപണിയുടെ സമൂഹത്തിലുള്ള പ്രാധാന്യവും അതിനോട് സാധാരണ ജനങ്ങൾക്കുള്ള കാഴ്ചപ്പാടും ഇതിൽ വിശദമാക്കുന്നു. അദ്ദേഹത്തിന്റെ രണ്ട് പിതാക്കന്മാരിൽ ഒരാൾ വിദ്യഭ്യാസത്തിനും മറ്റേയാൾ സാമ്പത്തിക കാര്യങ്ങൾക്കും പ്രാധാന്യം കൊടുക്കുകയും അതുവഴി ജീവിതത്തിന്റെ രണ്ടു തലങ്ങൾ തമ്മിലുള്ള അന്തരം റോബെർട്ടിന് മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്തു. 


പുതുതലമുറയുടെ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ടു എഴുതിയ ഈ പുസ്തകത്തിന് പണത്തോടും അതോടൊപ്പം ഓഹരി വിപണിയോടുമുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടിനെ മാറ്റാൻ കഴിയട്ടെ എന്നാശംസിക്കുന്നു...….

റോബർട്ട് മാത്രമല്ല അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ ഷാരോൺ ലെഷർ കൂടി എഴുതിയതാണ് ഈ പുസ്തകം. രണ്ടു പേർക്കും ആശംസകൾ ! 

(ഈ പുസ്തകം (ഇംഗ്ലീഷ്) എനിക്ക് സമ്മാനിച്ച അനിരുദ്ധനനോടുള്ള എന്റെ സ്നേഹവും ഈ അവസരത്തിൽ പങ്കു വയ്ക്കുന്നു.)




2022, ഓഗസ്റ്റ് 28, ഞായറാഴ്‌ച

ഫസ്റ്റ് ബെൽ !


കേരളത്തിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരുടെ അനുഭവകഥകൾ അഥവാ കുറിപ്പുകൾ ഒത്തുചേർന്ന 'ഫസ്റ്റ്ബെൽ'എന്നപുസ്തകം വായിച്ചു. നമ്മുടെ വിദ്യാലയജീവിതത്തിലെ സ്മരണകൾ  തട്ടിയുണർത്താൻ ഉപകരിക്കുന്ന നല്ല അനുഭവകഥകൾ ഇതിൽ ഉൾപ്പെടുന്നു. നമ്മൾ വിദ്യാലയ കാലത്തു കടന്നുപോന്ന കാര്യങ്ങളും തലമുറമാറ്റത്താലുണ്ടായ  വ്യത്യാസം കൊണ്ട് നമ്മൾ പരിചയിക്കാത്ത പുതിയ കാര്യങ്ങളും കൊണ്ട് നിബിഡമായ  ഈ അനുഭവത്താളുകൾ  ബാല്യകാലം  ആസ്വദിച്ച എല്ലാവർക്കും നല്ല ഒരു വായനാനുഭവം ആണ് പ്രദാനം ചെയ്യുന്നത്. പല തരത്തിലുള്ള സംസ്കാരത്തിൽ നിന്ന് വന്ന അദ്ധ്യാപകരും വിവിധങ്ങളായ തലങ്ങളിൽ നിന്ന് വന്ന വിദ്യാർത്ഥികളും സമ്മേളിക്കുന്ന  വിദ്യാലയത്തിലെ 'ഫസ്റ്റ് ബെൽ' എല്ലാവർക്കും വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അത് മുതൽ  ഒന്നായിത്തീരുന്ന അധ്യാപക/അധ്യാപികമാരും വിദ്യാർത്ഥികളുമാണ് വിദ്യാലയത്തിന്റെ മൂല്യം നിർണ്ണയിക്കുന്നത്.  പൊതുവെ മിക്കവരും കരുതുന്ന പോലെ വിദ്യാർത്ഥികളുടെ ആദ്യപടിമാത്രമല്ല വിദ്യാലയം, അവിടെ വരുന്ന അധ്യാപകർക്കും ആദ്യപടിയാണ് വിദ്യാലയം  എന്നത് അടിവരയിടുന്ന ഒരു പുസ്തകമാണിത്. അധ്യാപകരുടെ ജീവിതത്തിലെ മറ്റൊരു തലത്തിന്റെ  ആദ്യപടിയാണെന്നു മാത്രം. ഓരോ ദിവസവും പുതുതായി കാണുന്ന ഓരോ വിദ്യാർത്ഥിയും അവർക്കു പുതിയ പാഠമാണ്. അത് വേണ്ട വിധത്തിൽ പഠിച്ചില്ലെങ്കിൽ വിദ്യാർത്ഥി അവന്റെ പാഠപുസ്തകത്തിലെ ഒരു പാഠം പഠിക്കാത്തതിനേക്കാൾ ദോഷം ചെയ്യും എന്നുള്ളത് ഇതിലെ പലരുടെയും അനുഭവങ്ങളിൽ നിന്ന് വ്യക്തമാണ്. വിദ്യാർത്ഥിയെ പാഠപുസ്തകം പഠിപ്പിച്ചു വിദ്യാലയത്തിലെ പരീക്ഷ വിജയിപ്പിക്കുന്ന പോലെ അല്ലെങ്കിൽ അതിലുപരിയായി ജീവിതത്തിലേക്ക് നയിക്കുന്ന ആദ്യപാഠങ്ങളുടെ 'ഫസ്റ്റ് ബെൽ' മുഴങ്ങേണ്ടതും വിദ്യാലയങ്ങളിലാണ്. അവിടെ പിഴച്ചാൽ അത് ചിലപ്പോൾ തിരിച്ചെടുക്കാനാവാത്ത അവസ്ഥയിലേക്കാകും ചെന്നെത്തിക്കുക.


ഏതായാലും കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള അധ്യാപകരുടെ അനുഭവകഥകൾ ശേഖരിച്ചു വേണ്ട രീതിയിൽ അതിനെ സംയോജിപ്പിച്ച ഇതിന്റെ രൂപീകരണ പ്രസാധകസംഘത്തിന് എല്ലാവിധ ആശംസകളും നേരുന്നു....

(ഈ പുസ്തകരൂപീകരണ സംഘത്തിലെ ഒരു അംഗവും ഇതിലെ ഒരു അനുഭവക്കുറിപ്പിന്റെ രചയിതാവുമായ  പ്രസീദ പി ബി എന്ന തൃശ്ശൂർ ജില്ലയിലെ കുത്താമ്പുള്ളി സ്കൂളിലെ ടീച്ചർ എന്റെ ഒരു ബന്ധുകൂടിയാണ്. അവരാണ് ഈ മനോഹരമായ പുസ്തകം സ്വന്തം കയ്യൊപ്പോടുകൂടി എനിക്ക് സമ്മാനിച്ചത്. അവരോടുള്ള പ്രത്യേക നന്ദിയും ഈ അവസരത്തിൽ ഞാൻ പങ്കു വയ്ക്കുന്നു.)










2022, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ഇ.എം.എസ് ആത്മകഥ

 


കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ആത്മകഥ വായിച്ചു. അതിൽ  പരാമർശ്ശിക്കുന്നപ്പോലെത്തന്നെ ഇതൊരു ആത്മകഥയെക്കാളുപരി  അദ്ദേഹത്തിന്റെ ബാല്യം മുതൽ  കണ്ടും അനുഭവിച്ചും പോന്ന ജാതിവ്യവസ്ഥയും രാഷ്ട്രീയസാഹചര്യങ്ങളും വിശദീകരിക്കുന്ന ഒരു പുസ്തകമാണ്. പഴയ കാലത്തെ നമ്പൂതിരി കുടുംബങ്ങളിലെ അനീതികളെയും ദുഃസ്സഹമായ സാഹചര്യങ്ങളേയും അദ്ദേഹം തുറന്നു കാട്ടിയിട്ടുണ്ട്. അതുമൂലം കുടുംബത്തിൽ നിന്നും  സമുദായത്തിൽ നിന്നും ഒരുപാടു ദുരനുഭവങ്ങൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. പഴയകാല രീതികളിൽ നിന്നും കാലത്തിനനുസൃതമായ പുരോഗമന മാറ്റത്തിലേക്കുള്ള നയിച്ച മഹദ്‌വ്യക്തിത്വങ്ങളിൽ അദ്ദേഹവും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.  ഒരു പൊതുപ്രവർത്തകൻ അല്ലെങ്കിൽ സാമൂഹ്യപ്രവർത്തകൻ 'ആദ്യം വീട് നന്നാക്കിയിട്ടു വേണം നാട് നന്നാക്കാൻ' എന്ന് പറയുന്നത്  അദ്ദേഹത്തിന്റെ കാര്യത്തിൽ അക്ഷരംപ്രതി ശരിയാണ്. ആദ്യം സ്വന്തം വീട്ടിലും സമുദായത്തിലുമുള്ള അനീതികളെ  തുരത്തിയ അദ്ദേഹം ഒരു നല്ല പുരോഗമന നേതാവും കേരളത്തിന്റെ മുഖ്യമന്ത്രിയും ആയതിൽ ഒട്ടും അത്ഭുതപ്പെടാനില്ല. 


പഴയകാല ജീവിതസാഹചര്യങ്ങളും രാഷ്ട്രീയകാര്യങ്ങളും  വിശദമാക്കുന്ന ഈ പുസ്തകം ചരിത്രപഠനത്തിന് ഒരു മുതൽക്കൂട്ടാകും എന്ന് ഞാൻ മനസിലാക്കുന്നു.

2022, ജൂൺ 23, വ്യാഴാഴ്‌ച

The Secret !


Rhonda Byrne എഴുതിയ ‘The Secret’ ആണ് ഞാൻ ഇപ്പോൾ വായിച്ചു കഴിഞ്ഞത്. നല്ലൊരു inspiration തരുന്ന ഗ്രന്ഥമാണ്. ഇതിൽ അദ്ദേഹത്തിന്റെയും  പല മേഖലയിൽ പ്രവർത്തിക്കുന്ന പ്രസിദ്ധരായ  മനുഷ്യരുടെയും ചിന്താഗതിമാറ്റമുണ്ടായപ്പോൾ വന്ന ജീവിതാനുഭവങ്ങൾ വിവരിച്ചിരിക്കുന്നു. നല്ല ഒരു പോസിറ്റീവ് എനർജി പ്രദാനം  ചെയ്യാൻ ഈ പുസ്തകത്തിന് കഴിഞ്ഞു എന്നാണ്  എന്റെ വായനാനുഭൂതി. നമ്മുടെ  ചിന്തയാണ് ജീവിതത്തിൽ  നടക്കുന്ന എല്ലാ കാര്യങ്ങളുടേയും ആധാരം എന്ന് അടിവരയിട്ടുറപ്പിക്കുന്നു. നമ്മൾ നെഗറ്റീവ് ചിന്തകൾക്ക് ഒരു അംശം പോലും  മനസ്സിൽ സ്ഥാനം കൊടുക്കരുത്. എന്ത് ചിന്ത വന്നാലും അത് നമ്മുടെ ജീവിത്തിൽ സംഭവിക്കും. അതുകൊണ്ട് നല്ല ചിന്തകൾക്ക് മാത്രം സ്ഥാനം കൊടുക്കുക. ഒരു അംശം പോലും മറ്റു ചിന്തകൾക്ക് സ്ഥാനം കൊടുക്കരുത് എന്ന് പറയുന്നത്, അത് നമ്മുടെ നല്ല അനുഭവങ്ങൾ  വരാനിരിക്കുന്നതിനെ തടയും അല്ലെങ്കിൽ വൈകിപ്പിക്കും. എല്ലാം പ്രപഞ്ചമാണ് തരുന്നത് എന്ന് ഇതിൽ പറയുന്നു. നമുക്ക് ആവശ്യമായുള്ളതെല്ലാം പ്രപഞ്ചത്തോട് പറയുക, തരുമോ ഇല്ലയോ എന്ന സംശയം കൂടാതെ വേണം പറയാൻ. അപ്പോൾ അത് പ്രപഞ്ചം നമുക്ക് തരും എന്നാണ്  ഇതിലെ അനുഭവസ്ഥർ പറഞ്ഞുവെയ്ക്കുന്നത്. 


നല്ല ഒരു പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന ഈ പുസ്തകം രചിച്ച Rhonda Byrne ന്  എന്റെ  ഭാവുകങ്ങൾ . അതോടൊപ്പം ഇനി വരാനിരിക്കുന്ന കൃതികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു……… .……